
ദില്ലി: ദില്ലി കലാപ കേസിൽ ഉമർ ഖാലിദിന് കോടതിയിൽ വീണ്ടും തിരിച്ചടി. ഇടക്കാല ജാമ്യം തേടിയുള്ള ഉമർ ഖാലിദിന്‍റെ അപേക്ഷ വിചാരണക്കോടതി തള്ളി. നേരത്തെ ഇടക്കാല ജാമ്യം അനുവദിച്ചിട്ടുണ്ടെന്ന് കരുതി എല്ലാ അപേക്ഷയിലും ഇത് അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ദില്ലി കലാപകേസിൽ 2020 സെപ്തംബറിൽ അറസ്റ്റിലായ ഉമർ ഖാലിദിന് ദില്ലി കോടതി, ഇക്കഴിഞ്ഞ ഡിസംബറിൽ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ വേണ്ടിയായിരുന്നു അന്ന് 15 ദിവസം ഇടക്കാല ജാമ്യം നൽകിയത്. ഇത് ചൂണ്ടിക്കാട്ടിയാണ് ഇന്ന് കോടതി എല്ലായ്പ്പോയും ജാമ്യം നൽകാനാകില്ലെന്ന് വ്യക്തമാക്കിയത്. അമ്മയുടെ ശസ്ത്രക്രിയ കണക്കിലെടുത്താണ് ഇക്കുറി ഇടക്കാല ജാമ്യം തേടിയത്. എന്നാൽ ഉമർ ഖാലിദിന് 5 സഹോദരിമാർ ഉണ്ടെന്നും പിതാവും ഉമ്മയ്ക്കൊപ്പമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഗുരുതരമായ ശസ്ത്രക്രിയ അല്ലെന്നും കോടതി നിരീക്ഷിച്ചു. ഇക്കാര്യങ്ങളിൽ ചൂണ്ടിക്കാട്ടിയാണ് ഹർജി തള്ളിയത്. യു എ പിഎ അടക്കമുള്ള വകുപ്പുകളാണ് ഉമർ ഖാലിദിനെതിരെ ചുമത്തിയിട്ടുള്ളത്. അതേസമയം സ്ഥിരം ജാമ്യത്തിനായുള്ള അപേക്ഷ തള്ളിയതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ ഇന്നലെ അസാധാരണ സംഭവങ്ങൾ അരങ്ങേറിയിരുന്നു.
ദില്ലി കലാപ കേസിൽ ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ജാമ്യം നിഷേധിച്ച സുപ്രീം കോടതി ഉത്തരവിനെ വിമർശിച്ച് ഇന്നലെ സുപ്രീം കോടതിയിലെ മറ്റൊരു ബഞ്ച് രംഗത്തെത്തിയിരുന്നു. ജസ്റ്റിസ് ബി വി നാഗരത്നയും ജസ്റ്റിസ് ഉജ്ജ്വൽ ഭുയ്യാനും ഉൾപ്പെട്ട ബഞ്ചാണ് ഉമറിന്‍റെ ജാമ്യപേക്ഷ തള്ളിയ നടപടിയെ വിമർശിച്ചത്. ജസ്റ്റിസ് അരവിന്ദ് കുമാർ, ജസ്റ്റിസ് എൻ വി അഞ്ചരിയ എന്നിവരുടെ ബഞ്ചാണ് ഉമറിന് ജാമ്യം നിഷേധിച്ചത്. വിചാരണ നീണ്ടുപോയാൽ ജാമ്യം നൽകണമെന്ന നജീബ് കേസിലെ വിധിയാണ് നിയമമെന്നും ഇത് പാലിച്ചില്ലെന്നുമാണ് ജസ്റ്റിസ് നാഗരത്നയുടെ നിരീക്ഷണം. എൻ ഐ എ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിക്ക് ജാമ്യം അനുവദിച്ചു കൊണ്ടാണ് ജസ്റ്റിസ് നാഗരത്ന മറ്റൊരു ബഞ്ചിന്‍റെ വിധിക്കെതിരെ അസാധാരണ വിമർശനം ഉന്നയിച്ചത്. ജാമ്യം ആണ് ചട്ടമെന്നും അനിവാര്യമെങ്കിൽ മാത്രം ജയിലെന്നുമുള്ള തത്വം കൈവെട്ട് കേസിലെ പ്രതി നജീബിന് ജാമ്യം നൽകിയ മൂന്നംഗ സുപ്രീം കോടതി ബഞ്ച് അടിവരയിട്ട് പറഞ്ഞിരുന്നു. ഇത് ഉമർ ഖാലിദിന്‍റെ കാര്യത്തിൽ പാലിച്ചില്ല എന്നാണ് ജസ്റ്റിസ് നാഗരത്ന ഉന്നയിക്കുന്ന വിമർശനം. യു എ പി എ കേസുകളിൽ വിചാരണ വൈകുന്നത് ജാമ്യം നൽകാനുള്ള കാരണമായി അംഗീകരിച്ചുകൊണ്ട് 2021 ൽ 'യൂണിയൻ ഓഫ് ഇന്ത്യ വേഴ്സസ് കെ എ നജീബ്' കേസിൽ മൂന്നംഗ ബെഞ്ച് പുറപ്പെടുവിച്ച വിധി ഈ കേസിൽ പാലിച്ചില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. മയക്കുമരുന്ന് വിതരണത്തിലൂടെ ഭീകരവാദത്തിന് പണം നൽകിയെന്നാരോപിച്ച് യു എ പി എ പ്രകാരം കേസെടുത്തിൽ ആറ് വർഷത്തിലേറെയായി കസ്റ്റഡിയിൽ കഴിയുന്ന സയ്യിദ് ഇഫ്തിഖാർ അന്ദ്രാബി എന്നയാളുടെ ജാമ്യാപേക്ഷ അനുവദിച്ചുകൊണ്ടാണ് ബെഞ്ച് സുപ്രധാന നിരീക്ഷണം നടത്തിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam