ഷോപ്പിങ് മാളില്‍ നിന്ന് ചോക്കലേറ്റ് മോഷ്ടിച്ചെന്നാരോപിച്ച് പിടികൂടി; ആദിവാസി വിദ്യാര്‍ത്ഥി മരിച്ച നിലയില്‍

By Web TeamFirst Published Feb 18, 2020, 4:46 PM IST
Highlights

ചോക്കലേറ്റ് മോഷ്ടിച്ചെന്നാരോപിച്ച് ഷോപ്പിങ് മാളിനുള്ളില്‍ നിന്ന് പിടികൂടിയ ആദിവാസി വിദ്യാര്‍ത്ഥി മരിച്ചു. 

ഹൈദരാബാദ്: ഷോപ്പിങ് മാളില്‍ നിന്ന് ചോക്കലേറ്റ് മോഷ്ടിച്ചെന്നാരോപിച്ച് പിടികൂടിയ 17കാരനായ ആദിവാസി വിദ്യാര്‍ത്ഥി  മരിച്ചനിലയില്‍. ചോക്കലേറ്റ് മോഷ്ടിച്ചെന്ന് ആരോപിച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ വിദ്യാര്‍ത്ഥിയെ പിടികൂടിയിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ കുട്ടിയെ മര്‍ദ്ദിച്ചെന്നും ഇതേ തുടര്‍ന്നാണ് കുട്ടി മരിച്ചതെന്നുമാണ് മാതാപിതാക്കള്‍ ആരോപിക്കുന്നത്.

ഞായറാഴ്ചയാണ് സംഭവം ഉണ്ടായത്. എന്നാല്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ വിദ്യാര്‍ത്ഥിയെ കയ്യേറ്റം ചെയ്തതിന് തെളിവുകള്‍ ലഭിച്ചില്ലെന്നും കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്നും പൊലീസ് പറഞ്ഞു. സെക്യൂരിറ്റി ജീവനക്കാര്‍ പിടികൂടിയപ്പോള്‍ തന്നെ വിദ്യാര്‍ത്ഥിയുടെ ബോധം പോയെന്നും ആശുപത്രിയിലെത്തിയപ്പോള്‍ മരിച്ചതായും പൊലീസ് പറഞ്ഞെന്ന് പിടിഐയെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. 

Read More: ആഡംബര കാറുകൾ തിരഞ്ഞെടുത്ത് മോഷണം; ബംഗളൂരുവിൽ നാൽപ്പത്തിരണ്ടുകാരൻ അറസ്റ്റിൽ

നഗരത്തിലെ സ്കൂളില്‍ പ്ലസ് ടുവിന് പഠിക്കുന്ന വിദ്യാര്‍ത്ഥി ഹോസ്റ്റലിലാണ് താമസിക്കുന്നത്. സുഹൃത്തുക്കള്‍ക്കൊപ്പം ഷോപ്പിങ് മാളിലെത്തിയപ്പോള്‍ മാള്‍ അടയ്ക്കാന്‍ തുടങ്ങുകയായിരുന്നു. മാളിനുള്ളില്‍ വെച്ച് വിദ്യാര്‍ത്ഥി കുറച്ചു ചോക്കലേറ്റുകള്‍ എടുത്ത് പോക്കറ്റിലിട്ടു. എന്നാല്‍ സെക്യൂരിറ്റി ജീവനക്കാരെ കണ്ടതോടെ വിദ്യാര്‍ത്ഥി ചോക്കലേറ്റുകള്‍ വലിച്ചെറിഞ്ഞു. തുടര്‍ന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഹൃദയാഘാതമാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്‍മോര്‍ട്ടത്തിന് വിട്ടു നല്‍കിയിരിക്കുകയാണ്. മാള്‍ അധികൃതര്‍ക്കെതിരെ നടപടി എടുക്കണമെന്നാണ് വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കളുടെ ആവശ്യം.   

click me!