'മകളെ കൊന്നു, ആന്തരാവയവങ്ങള്‍ നീക്കിയ ശേഷം ശരീരം തിരികെ നല്‍കി'; നിത്യാനന്ദയ്ക്കെതിരെ അനുയായിയുടെ അമ്മ

By Web TeamFirst Published Jan 29, 2020, 2:01 PM IST
Highlights

കുടുംബത്തിന്‍റെ പ്രതീക്ഷയായിരുന്ന മകളെ കാവിയണിഞ്ഞ് കാണാന്‍ താല്‍പര്യമില്ലെന്ന് അവര്‍ നിത്യാനന്ദയോട് പറഞ്ഞതോടെ തങ്ങളുടെ മുന്നില്‍ വച്ച് രക്ഷിതാക്കള്‍ക്ക് ബലി കൂടി ഇടാന്‍ നിത്യാനന്ദ സംഗീതയോട് നിര്‍ദേശിക്കുകയായിരുന്നു

ചെന്നൈ: സ്വയം പ്രഖ്യാപിത ആള്‍ദൈവം നിത്യാനന്ദയ്ക്കെതിരെ രൂക്ഷ ആരോപണവുമായി ആശ്രമ ജീവിതത്തിനിടയില്‍ മരിച്ച യുവതിയുടെ അമ്മ. മകളെ ആശ്രമത്തിലെ രഹസ്യങ്ങള്‍ പുറത്ത് വരാതിരിക്കാനായി നിത്യാനന്ദ കൊലപ്പെടുത്തിയെന്നാണ്  തിരുച്ചിറപ്പള്ളി സ്വദേശി ഝാന്‍സി റാണി ആരോപിക്കുന്നത്. കൊലപാതക വിവരങ്ങള്‍ പുറത്ത് വരാതിരിക്കാനായി മകളുടെ തലച്ചോര്‍ അടക്കമുള്ള ആന്തരാവയവങ്ങള്‍ നീക്കം ചെയ്ത ശരീരമാണ് വീട്ടുകാര്‍ക്ക് വിട്ടുതന്നതെന്നും ഝാന്‍സി റാണി ആരോപിക്കുന്നു. കലൈഞ്ജര്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. 

ആത്മീയ കാര്യങ്ങളില്‍  താല്‍പര്യമുണ്ടായിരുന്ന മകളെ കുടുംബമായി ആരാധിച്ചിരുന്ന ആള്‍ ദൈവത്തിന്‍റെ ആശ്രമത്തില്‍ ആക്കുമ്പോള്‍ ഒരിക്കലും ഝാന്‍സി റാണിക്ക് സംശയമുണ്ടായിരുന്നില്ല. എന്നാല്‍ രണ്ട് ദിവസം ആശ്രമത്തില്‍ നിക്കാന്‍ പോയ മകള്‍ ഒരാഴ്ച പിന്നിട്ടിട്ടും മടങ്ങിയെത്തിയില്ല. ആശ്രമത്തിലെത്തി മകളെ വീട്ടിലേക്ക് വിളിച്ച അമ്മയോട് ഇവിടെ തനിക്ക് ശാന്തിയുണ്ട് കുറച്ച് ദിവസങ്ങള്‍ നില്‍ക്കട്ടെയെന്നാണ് മകള്‍ സംഗീത പറഞ്ഞത്. ബിരുദധാരിയായ മകളെ നിരന്തരമായി വീട്ടിലേക്ക് വിളിച്ചിട്ടും വരാന്‍ കൂട്ടാക്കിയില്ല. ആറുമാസങ്ങള്‍ക്ക് ശേഷം ആശ്രമത്തിലെത്തി മകളെ കൂട്ടി മടങ്ങിയേ അടങ്ങൂവെന്ന തീരുമാനവുമായെത്തിയ ഝാന്‍സി റാണി കാവിയണിഞ്ഞ മകളെ കണ്ട് അമ്പരന്നു. മൂന്ന് പെണ്‍മക്കളില്‍ ഒരുകുട്ടി മരിച്ച് പോവുകയും ഇളയ കുട്ടി ഭിന്നശേഷിക്കാരിയും ആയിരുന്നു. കുടുംബത്തിന്‍റെ പ്രതീക്ഷയായിരുന്ന മകളെ കാവിയണിഞ്ഞ് കാണാന്‍ താല്‍പര്യമില്ലെന്ന് അവര്‍ നിത്യാനന്ദയോട് പറഞ്ഞു. കുറച്ച് നാള്‍ കൂടി എന്ന് പറഞ്ഞ് ആ ആവശ്യം നിത്യാനന്ദ നിരാകരിച്ച ശേഷം തങ്ങളുടെ മുന്നില്‍ വച്ച് രക്ഷിതാക്കള്‍ക്ക് ബലി കൂടി ഇടാന്‍ നിത്യാനന്ദ മകളോട് നിര്‍ദേശിക്കുകയായിരുന്നു. 

വീട്ടിലേക്ക് മടങ്ങിയ അമ്മയോട് തനിക്ക് ആശ്രമത്തില്‍ ജോലി നല്‍കിയെന്നും നിത്യാനന്ദയുടെ പ്രഭാഷണങ്ങളും വീഡിയകളുമെല്ലാം വിവിധ മാധ്യമങ്ങളില്‍ എത്തിക്കാനുള്ള ചുമതല തനിക്കുണ്ടെന്നും മകള്‍ അറിയിച്ചു. ആശ്രമത്തില്‍ തനിക്ക് സന്തോഷമാണെന്നും മകള്‍ നിരന്തരം പറഞ്ഞതോടെ ഝാന്‍സി റാണിയും താല്‍ക്കാലികമായി മകള്‍ സംഗീതയുടെ ആവശ്യത്തിന് വഴങ്ങി. ഒരിക്കല്‍ ആശ്രമത്തിലെത്തിയപ്പോള്‍ എന്‍ജിനിയറിംഗ് ബിരുദധാരിയായ ഒരു ആണ്‍കുട്ടിയെ കുറേയാളുകള്‍ ചേര്‍ന്ന് മര്‍ദിക്കുന്നത് ഝാന്‍സി റാണി കാണുകയുണ്ടായി. അപ്പോള്‍ അവിടെയെത്തിയ ആശ്രമ അന്തേവാസി സംഗീതയും ഇത്തരത്തില്‍ മര്‍ദനമേല്‍ക്കാറുണ്ട്. അവളുടെ കാലുകള്‍ ശ്രദ്ധിക്കാന്‍ പറയുകയും ചെയ്തു. മകളുടെ പ്രതിഷേധത്തെ വകവയ്ക്കാതെ സാരിയുയര്‍ത്തിയ ഝാന്‍സി റാണി കണ്ടത് അടികൊണ്ട് നീലച്ച കിടക്കുന്ന അനേകം പാടുകള്‍ ആയിരുന്നു. ആശ്രമം മതി വീട്ടിലേക്ക് മടങ്ങാം എന്ന് തീര്‍ത്ത് പറഞ്ഞ ഝാന്‍സി റാണിയോട് പിന്നീട് സംസാരിച്ചത് നിത്യാനന്ദയായിരുന്നു. 

നടി രഞ്ജിതയോടൊപ്പമുള്ള ദൃശ്യങ്ങള്‍ പുറത്ത് വിട്ടത് മകള്‍ ആണെന്നായിരുന്നു നിത്യാനന്ദയുടെ കണ്ടെത്തല്‍. അതുവരെ ആത്മീയ ഗുരുവായി കണ്ട നിത്യാനന്ദയുടെ മറ്റൊരു മുഖമായിരുന്നു പിന്നീട് ഝാന്‍സി റാണി കണ്ടത്. മകളെ വിട്ടയക്കാന്‍ പറ്റില്ല. അവള്‍ ഗുതരുതരമായ കുറ്റങ്ങള്‍ ചെയ്തിട്ടുണ്ട്. അവ ചെയ്തത് അവള്‍ അല്ലയെന്നും, കേസും കൂട്ടവുമായി പോവില്ലെന്നും, മാധ്യമങ്ങളെ സമീപിക്കില്ലെന്നും കാലഭൈരവനെ തൊട്ട് സത്യം ചെയ്യാന്‍ നിത്യാനന്ദ ഝാന്‍സി റാണിയോട് ആവശ്യപ്പെട്ടു. മകളെ തിരികെ കിട്ടാന്‍ മറ്റ് വഴികള്‍ നോക്കേണ്ടി വരുമെന്ന് മനസ്സിലാക്കി വീട്ടിലേക്ക് മടങ്ങിയ ഝാന്‍സിക്ക്  2014 ഡിസംബര്‍ 28 ന് ആശ്രമത്തില്‍ നിന്ന് ഫോണ്‍ സന്ദേശമെത്തി. മകള്‍ക്ക് ഹൃദയാഘാതമാണ് പെട്ടന്ന് വരണമെന്നായിരുന്നു ആശ്രമത്തില്‍ നിന്ന് ആവശ്യപ്പെട്ടത്. ആശ്രമത്തിലെത്തിയപ്പോഴേക്കും സംഗീത മരിച്ചിരുന്നു. 

മകളുടെ പോസ്റ്റ്മോര്‍ട്ടം നിത്യാനന്ദ നിര്‍ദേശിച്ച ആശുപത്രിയില്‍ നടത്തി ആശ്രമത്തില്‍ അടക്കാനായിരുന്നു നീക്കം. എന്നാല്‍ ജീവനോടെ മകളെ വീട്ടിലേക്ക് കൊണ്ട് വരാന്‍ സാധിച്ചില്ല, അതിനാല്‍ തന്നെ മരിച്ച ശേഷമെങ്കിലും മകളെ വീട്ടിലെത്തിക്കണമെന്ന് ഝാന്‍സി റാണി ശാഠ്യം പിടിച്ചു. ഏറെ നേരത്തെ വാക്കുതര്‍ക്കത്തിന് ശേഷം ആശ്രമം അതിന് വഴങ്ങി. എന്നാല്‍ ചെറുപ്രായം മാത്രമുള്ള മകള്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചതാണെന്ന് ആ അമ്മക്ക് വിശ്വാസമില്ലായിരുന്നു. അതിനാല്‍ തന്നെ സംഗീതയുടെ മൃതദേഹം വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്യണമെന്ന് അവര്‍ ആവശ്യപ്പെട്ടു. 

തിരുച്ചിറപ്പള്ളിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ വച്ച് നടത്തിയ റീ പോസ്റ്റ്മോര്‍ട്ടത്തില്‍ നിന്ന് കിട്ടിയ വിവരങ്ങള്‍ ഝാന്‍സി റാണിയെ ഞെട്ടിക്കുന്നതായിരുന്നു. മകളുടെ ശരീരത്തില്‍ ആന്തരാവയവങ്ങളും തലച്ചോറും നീക്കം ചെയ്ത നിലയിലായിരുന്നു ഉണ്ടായിരുന്നത്. പരിശോധനയ്ക്കായി അവയവങ്ങള്‍ മുഴുവനായും എടുക്കുമോയെന്ന് ഝാന്‍സി റാണി ചോദിക്കുന്നു. സംഗീതയുടെ മരണത്തിന്‍റെ യഥാര്‍ത്ഥ കാരണം ഇന്നും വ്യക്തമാല്ല. എന്നാല്‍ 2014 മുതല്‍ മകള്‍ക്ക് നീതി ലഭിക്കാനുള്ള പോരാട്ടത്തിലാണ് ഝാന്‍സി റാണി. പൊതുജന മധ്യത്തില്‍ വന്ന് ഝാന്‍സി റാണി ചോദിച്ച ഒരു ചോദ്യത്തിന് പോലും ഈ കാലത്തിനുള്ളില്‍ നിത്യാനന്ദ മറുപടി നല്‍കിയിട്ടില്ല. പഠിച്ചവരും മിടുക്കരുമായ പെണ്‍കുട്ടികളെയാണ് നിത്യാനന്ദ ലക്ഷ്യമിട്ടിരുന്നതെന്നും ഝാന്‍സി റാണി കൂട്ടിച്ചേര്‍ക്കുന്നു.  

click me!