
ദില്ലി: ഷഹീൻബാഗിൽ പ്രതിഷേധം നടത്തുന്ന സമരക്കാർക്കിടയിലേക്ക് തോക്കുമായി എത്തിയ ആളെ സമരക്കാർ പിടികൂടി പ്രതിഷേധക്കാർക്കിടയിലേക്ക് ഇയാൾ തോക്ക് ചൂണ്ടിയിരുന്നതായും ദൃക്സാക്ഷികൾ വ്യക്തമാക്കുന്നു. പ്രദേശവാസിയായ ഹാജി ലുക്മാൻ എന്നയാളാണിതെന്ന് സമരക്കാർ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതിഷേധക്കാരെ റോഡിൽ നിന്ന് മാറ്റുന്നതിന് വേണ്ടി എത്തിയവരിൽ ഇയാളും ഉൾപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് പ്രതിഷേധക്കാരുമായി വാക്കുതർക്കം ഉണ്ടായി. എന്നാൽ ലുക്മാനൊപ്പം എത്തിയവർ ഇയാളെ ഉപേക്ഷിച്ച് കടന്നു കളഞ്ഞതായി സമരക്കാർ സാക്ഷ്യപ്പെടുത്തുന്നു.
ഇയാളുടെ കൈവശം ഉണ്ടായിരുന്ന തോക്കിന് ലൈസൻസുണ്ടായിരുന്നു എന്നും കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും പൊലീസ് വ്യക്തമാക്കി. പ്രതിഷേധം നടക്കുന്ന ഇടങ്ങളിലേക്ക് സായുധരായ അക്രമകാരികൾ കടന്നു കയറുന്നുവെന്നും അക്രമത്തെ പ്രതിരോധിക്കാൻ കൂടുതൽ പേർ പ്രതിഷേധത്തിൽ എത്തിച്ചേരണമെന്നും അഭ്യർത്ഥിച്ചുകൊണ്ട് പ്രതിഷേധക്കാരിലൊരാൾ ട്വീറ്റ് ചെയ്തിരുന്നു. പിന്നീട് അക്രമിയെ പിടികൂടി അന്തരീക്ഷം പൂർവ്വസ്ഥിതിയിലായെന്ന് വിശദീകരിച്ച് വീണ്ടും ട്വീറ്റ് പുറത്തുവന്നിരുന്നു. ദില്ലിയിലെ തെരഞ്ഞെടുപ്പ് അടുത്തെത്തിയ സാഹചര്യത്തിൽ ഇനിയും ഇത്തരം അക്രമസംഭവങ്ങൾ സംഭവിക്കാൻ സാധ്യതയുണ്ടെന്നും ട്വീറ്റിൽ കൂട്ടിച്ചേർത്തിരുന്നു.
കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അനുരാഗ് താക്കൂര്‍ ഷഹീൻബാഗിലെ പ്രതിഷേധക്കാർക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയിരുന്നു. ദില്ലി നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിലാണ് രാജ്യത്തെ ഒറ്റുന്നവര്‍ക്കെതിരെ എന്ന് ആഹ്വാനം ചെയ്ത താക്കൂര്‍, പ്രവര്‍ത്തകരെക്കൊണ്ട് 'വെടിവെക്കൂ'' എന്ന മുദ്രാവാക്യം ഏറ്റുവിളിപ്പിക്കുകയും ചെയ്തു. പ്രസംഗത്തിന്‍റെ വീഡിയോ ട്വിറ്ററില്‍ വൈറലായി പ്രചിരിച്ചിരുന്നു 'ദേശ് കെ ഗദ്ദറോണ്‍'....എന്ന് താക്കൂര്‍ വിളിക്കുകയും 'ഗോലി മാരോ സാലോണ്‍ കോ' എന്ന് പ്രവര്‍ത്തകരെക്കൊണ്ട് വിളിപ്പിക്കുന്നതും വീഡിയോയിൽ കാണാം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam