ഫെയ്സ്ബുക്കിനെതിരെ തൃണമൂൽ കോൺഗ്രസും; പാർട്ടിയുടെ പേജുകൾ ബ്ലോക്ക് ചെയ്തെന്ന് പരാതി

By Web TeamFirst Published Sep 2, 2020, 11:52 AM IST
Highlights

ഫെയ്സ്ബുക്കിന്‍റെ നടപടി ബിജെപിയെ സഹായിക്കാനാണെന്നാണ് ആരോപണം. വിഷയത്തിൽ ഫെയ്സ്ബുക്ക് സിഇഒ മാർക്ക് സക്കർബർഗിന് തൃണമൂൽ കോൺഗ്രസ് പരാതി അയച്ചു. 

കൊൽക്കത്ത: ഫെയ്സ്ബുക്കിനെതിരെ തൃണമൂൽ കോൺഗ്രസും. പശ്ചിമ ബംഗാളിൽ നിയമസഭ തെരഞ്ഞെടുപ്പ് വരാനിരിക്കേ പാർട്ടിയുടെ ഫെയ്സ്ബുക്ക് പേജുകൾ ബ്ലോക്ക് ചെയ്തെന്നാണ് തൃണമൂൽ കോൺഗ്രസിന്‍റെ ആക്ഷേപം. ഫെയ്സ്ബുക്കിന്‍റെ നടപടി ബിജെപിയെ സഹായിക്കാനാണെന്നാണ് ആരോപണം. വിഷയത്തിൽ ഫെയ്സ്ബുക്ക് സിഇഒ മാർക്ക് സക്കർബർഗിന് തൃണമൂൽ കോൺഗ്രസ് പരാതി അയച്ചു. 

പൊതു തെരഞ്ഞെടുപ്പുകളിലും, ദില്ലി കലാപത്തിലെ വിദ്വേഷ പ്രചാരണത്തിലും ഫെയ്സ്ബുക്ക് ബിജെപിയെ സഹായിച്ചുവെന്ന വാള്‍സ്ട്രീറ്റ് ജേര്‍ണ്ണല്‍ റിപ്പോര്‍ട്ട് കോണ്‍ഗ്രസ് ഏറ്റെടുത്തതോടെയാണ് വിവാദം തുടങ്ങിയത്. എന്നാല്‍ ഫേസ്ബുക്കിലെ ചില ഉദ്യോഗസ്ഥര്‍ കേന്ദ്രസര്‍ക്കാരിനെ അധിക്ഷേപിക്കാന്‍ കൂട്ടുനില്‍ക്കുന്നുവെന്നാണ് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിന്‍റെ പരാതി. 

ഫേസ്ബുക്ക് വിവാദം പാർലമെന്‍റിന്‍റെ ഐടി സമിതി ഇന്ന് പരിഗണിക്കാനിരിക്കുകയാണ്. വിദ്വേഷ പ്രചാരണത്തിൽ ബിജെപിയെ സഹായിച്ചുവെന്ന ആക്ഷേപത്തിൽ ഇന്ന് നടക്കുന്ന സമിതി സിറ്റിംഗിൽ ഹാജരാകാൻ ഫേസ്ബുക്ക് ഇന്ത്യ അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

പോളിസി മേധാവി അംഖി ദാസിനടക്കം ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ട്. നോട്ടീസ് നൽകിയത് സമിതിയിൽ ചർച്ച ചെയ്യാതെയാണെന്ന് കാട്ടി അധ്യക്ഷൻ ശശി തരൂരിനെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നൽകിയെങ്കിലും പിന്നീട് ബിജെപി അനുകൂലിച്ചു.

പ്രധാനമന്ത്രിയേയും കേന്ദ്രമന്ത്രിമാരെയും അപമാനിക്കാന്‍ ശ്രമം നടക്കുന്നുവെന്നാണ് കേന്ദ്ര നിയമന്ത്രിയുടെ പരിപാടി. ഇക്കാര്യം ചൂണ്ടിക്കാട്ടി മാര്‍ക്ക് സക്കര്‍ബര്‍ഗിന് കത്തയച്ചതായി രവിശങ്കർ പ്രസാദ് അറിയിച്ചിരുന്നു. 

click me!