
കൊൽക്കത്ത: ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസിന് വീണ്ടും തിരിച്ചടി നൽകികൊണ്ട് തൃണമൂൽ എംഎൽഎ രാജിവച്ചു. ബാത്പാരയിൽനിന്നുള്ള എംഎൽഎയായ അർജുൻ സിംഗ് ആണ് പാർട്ടിയിൽ നിന്നും രാജിവെച്ച് ബിജെപിയിൽ ചേർന്നത്. മുതിർന്ന ബിജെപി നേതാക്കളുടെ സാനിധ്യത്തിലായിരുന്നു അർജുൻ സിംഗിന്റെ പാർട്ടി പ്രവേശനം.
ബരാക്പൂരിൽ നിന്നും മൽസരിക്കണമെന്നാവശ്യപ്പെട്ട് അർജുൻ സിംഗ് തൃണമൂൽ കോൺഗ്രസ് നേതൃത്വത്തെ സമീപിച്ചിരുന്നു. എന്നാൽ മമത ബാനർജി അനുകൂല നിലപാട് സ്വീകരിച്ചിരുന്നില്ല. ഇതിൽ പ്രതിഷേധിച്ചാണ് അർജുൻ സിംഗിന്റെ രാജി. ബരാക്പൂരിൽ നിന്നും അർജുൻ സിംഗ് ലോക്സഭയിലേക്ക് ബിജെപി ടിക്കറ്റിൽ മൽസരിക്കുമെന്നാണ് റിപ്പോർട്ട്.
40 വര്‍ഷം മമതാ ബാനര്‍ജിക്ക് കീഴില്‍ പ്രവര്‍ത്തിച്ചുവെന്നും ബലാകോട്ട് ആക്രമണത്തിന് ശേഷം മമതാ ബാനര്‍ജി സൈന്യത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്‌തെന്നും ഇത് തന്നെ വേദനിപ്പിച്ചുവെന്നും അര്‍ജുന്‍ സിങ് പറഞ്ഞു. രാജ്യമൊന്നാകെ പാകിസ്ഥാനെതിരെ സംസാരിച്ചപ്പോള്‍ മമത പ്രധാനമന്ത്രിയുടെ ഉദ്ദേശശുദ്ധിയെയാണ് ചോദ്യം ചെയ്യാന്‍ ശ്രമിച്ചതെന്നും അര്‍ജുന്‍ സിങ് പറഞ്ഞു.
നാല് തവണയാണ് അർജുൻ സിംഗ് എംഎൽഎ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. അതുകൊണ്ടു തന്നെ ബംഗാളിൽ ഏറെ സ്വാധീനമുള്ള അർജുൻ സിംഗിന്റെ രാജി മമതയ്ക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്. നിലവിൽ ദിനേശ് ത്രിവേദിയാണ് ബരാക്പൂരിൽ നിന്നുള്ള പാർലമെന്റ് അംഗം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam