തൃണമൂല്‍ നേതാവ് സുവേന്ദു അധികാരി മന്ത്രിസ്ഥാനം രാജിവെച്ചു

By Web TeamFirst Published Nov 27, 2020, 3:46 PM IST
Highlights

തൃണമൂലിന്റെ കരുത്തനായ നേതാവായിരുന്നു സുവേന്ദു ബിജെപിയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹം ശക്തമാകുന്നതിനിടെയാണ് രാജി.
 

കൊല്‍ക്കത്ത: ബംഗാളില്‍ ഇടഞ്ഞു നില്‍ക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സുവേന്ദു അധികാരി മന്ത്രി സ്ഥാനം രാജിവെച്ചു. നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അദ്ദേഹത്തിന്റെ രാജി. വെള്ളിയാഴ്ച രാവിലെയാണ് അദ്ദേഹം രാജിക്കത്ത് മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കും ഗവര്‍ണര്‍ക്കും നല്‍കിയത്. അതേസമയം, തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് അദ്ദേഹം രാജിവെച്ചിട്ടില്ല. എംഎല്‍എ സ്ഥാനവും രാജിവെച്ചിട്ടില്ല. നന്ദിഗ്രാം എംഎല്‍എയായ അധികാരി, കഴിഞ്ഞ മൂന്ന് മാസക്കാലമായി തൃണമൂല്‍ നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുകയാണ്.

പാര്‍ട്ടി യോഗങ്ങളിലോ ക്യാബിനറ്റിലോ അദ്ദേഹം പങ്കെടുക്കാറുമില്ല. തൃണമൂലിന്റെ കരുത്തനായ നേതാവായിരുന്നു സുവേന്ദു ബിജെപിയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹം ശക്തമാകുന്നതിനിടെയാണ് രാജി. ബന്ധുവായ അഭിഷേക് ബാനര്‍ജിയെ മമതാ ബാനര്‍ജി പാര്‍ട്ടിയുടെ പ്രധാന ചുമതലകള്‍ ഏല്‍പ്പിക്കുന്നതില്‍ പ്രതിഷേധിച്ചാണ് സുവേന്ദു മമതയുമായി അകന്നത്. എന്നാല്‍ ഇക്കാര്യം അദ്ദേഹം പരസ്യമായി പറഞ്ഞിട്ടില്ല.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല പ്രശാന്ത് കിഷോറിനെ ഏല്‍പ്പിച്ചതും അധികാരിയെ ചൊടിപ്പിച്ചിരുന്നു. സുവേന്ദു അധികാരി എംഎല്‍എ സ്ഥാനം രാജിവെച്ചിട്ടില്ലെന്നും തൃണമൂലില്‍ തുടരാന്‍ സാധ്യത ഇപ്പോഴുമുണ്ടെന്നും മറ്റൊരു തൃണമൂല്‍ നേതാവ് സൗഗത റോയ് മാധ്യമങ്ങളോട് പറഞ്ഞു. രാജിക്ക് ശേഷം സുവേന്ദു അധികാരി മാധ്യമങ്ങളോട് പ്രതികരിച്ചിട്ടില്ല. 
 

click me!