
ദില്ലി: മുത്തലാഖ് ബില്ല് അൽപസമയത്തിനകം രാജ്യസഭ പരിഗണിക്കും. ബില്ലിനെ അനുകൂലിക്കുമെന്ന് ബിജു ജനതാദൾ എൻഡിഎക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. എൻഡിഎ സഖ്യകക്ഷിയായ ജെഡിയു ബില്ലിനെ എതിർക്കുമ്പോഴാണ് ബില്ലിന് ബിജു ജനതാദളിന്‍റെ പിന്തുണ ലഭിക്കുന്നത്. വോട്ടെടുപ്പിൽ നിന്ന് അണ്ണാ ഡിഎംകെയും വൈഎസ്ആർ കോൺഗ്രസും ബഹിഷ്കരിക്കുമെന്ന് വ്യക്തമാക്കി. വോട്ടെടുപ്പിൽ നിർബന്ധമായും പങ്കെടുക്കണമെന്ന് കാട്ടി ബിജെപിയും ബിജെഡിയും എംപിമാർക്ക് വിപ്പും നൽകി. ബില്ല് പാസ്സാക്കിയെടുക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ച ചെയ്യാൽ ബിജെപിയുടെ പാർലമെന്‍ററി പാർട്ടി യോഗം അമിത് ഷായുടെ അധ്യക്ഷതയിൽ ചേരുകയും ചെയ്തു.
ബില്ല് സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് വീണ്ടും ആവശ്യപ്പെടുമെന്ന് കോൺഗ്രസ് തീരുമാനിച്ചു. നേരത്തേ ലോക്സഭയിൽ സമാനമായ ആവശ്യം കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും ശക്തമായി ആവശ്യപ്പെട്ടു.
മുത്തലാഖ് ബില്ല് ലോക്സഭയിൽ നേരത്തേ പാസ്സായിരുന്നു. മുത്തലാഖ് ബില്ലിനെതിരായ പ്രതിപക്ഷത്തിന്‍റെ പ്രമേയം ലോക്സഭ തള്ളി. 303 പേർ ബില്ലിനെതിരായ പ്രതിപക്ഷ പ്രമേയത്തിനെ എതിർത്ത് വോട്ട് ചെയ്തു. 82 പേർ അനുകൂലിച്ചു.
ബില്ലിൽ മുത്തലാഖ് ക്രിമിനൽ കുറ്റമാക്കാനുള്ള വ്യവസ്ഥയ്ക്ക് എതിരെ കോൺഗ്രസ് വോട്ടു ചെയ്തു. മുത്തലാഖ് നിരോധിക്കുന്ന ബില്ല്, ലിംഗനീതിയ്ക്ക് വേണ്ടിയുള്ള പോരാട്ടത്തിലെ നാഴികക്കല്ലാണെന്നാണ് ബില്ല് അവതരിപ്പിച്ചുകൊണ്ട് കേന്ദ്ര നിയമ മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞത്.
മുസ്ലീം സമുദായത്തിൽ ഭാര്യയുമായി വിവാഹമോചനം നേടാൻ ഭർത്താവിന് തലാഖ് എന്ന് മൂന്ന് വട്ടം ചൊല്ലിയാൽ മതിയെന്ന ചട്ടത്തിനെതിരാണ് ബില്ല്. ഇത്തരത്തിൽ ഭാര്യയെ മുത്തലാഖ് ചൊല്ലി മൊഴി ചൊല്ലുന്ന ഭർത്താക്കൻമാർക്ക് ജയിൽ ശിക്ഷ നൽകാനുള്ള ചട്ടങ്ങൾ ബില്ലിലുണ്ട്.
ബില്ലിനെതിരെ ചർച്ച നടക്കുമ്പോൾ ലോക്സഭയിൽ വലിയ പ്രതിപക്ഷ ബഹളമാണുണ്ടായത്. ഭരണകക്ഷിയായ നിതീഷ് കുമാറിന്‍റെ ജനതാദൾ യുണൈറ്റഡടക്കം ചർച്ചയിൽ പങ്കെടുക്കാതെ ഇറങ്ങിപ്പോയത് എൻഡിഎയ്ക്ക് നാണക്കേടായി. സമുദായത്തിന്‍റെ വിശ്വാസമില്ലാതെ ഇത്തരത്തിലൊരു നിയമം പാസ്സാക്കരുതെന്നാവശ്യപ്പെട്ടായിരുന്നു ജെഡിയുവിന്‍റെ ഇറങ്ങിപ്പോക്ക്.
അതേസമയം, കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ് ബില്ലിന് വേണ്ടി സഭയിൽ ശക്തമായി വാദിച്ചു. ''പാകിസ്ഥാനും മലേഷ്യയുമടക്കം ലോകത്തെ 20 ഇസ്ലാമിക രാജ്യങ്ങൾ മുത്തലാഖ് നിരോധിച്ചതാണ്. മതേതര ഇന്ത്യയിൽ എന്തുകൊണ്ട് ഈ മതനിയമം നിരോധിച്ചുകൂടാ?'', രവിശങ്കർ പ്രസാദ് ചോദിച്ചു.
വോട്ടെടുപ്പിൽ പങ്കെടുക്കാൻ ബിജെപി എംപിമാർക്ക് വിപ്പ് ഏർപ്പെടുത്തിയിരുന്നു. ബില്ലിലെ പല വ്യവസ്ഥകളും വിവേചനപരമാണെന്നും, ബില്ല് സെലക്ട് കമ്മിറ്റിക്ക് വിടണമെന്നുമായിരുന്നു പ്രതിപക്ഷത്തിന്‍റെ ആവശ്യം. എന്തുകൊണ്ടാണ് മുത്തലാഖ് ബില്ല് മാത്രം ഇത്ര പെട്ടെന്ന് പാസ്സാക്കിയെടുക്കണമെന്ന് സർക്കാർ വാശി പിടിക്കുന്നതെന്നും പ്രതിപക്ഷം ചോദിക്കുന്നു.
മുസ്ലീം പുരുഷൻമാർക്ക് എതിരെ മാത്രം ക്രിമിനൽ കുറ്റം ചുമത്തുന്നത് പൊലീസും മറ്റ് ഏജൻസികളും ദുരുപയോഗം ചെയ്യാനിടയുണ്ടെന്നതാണ് പ്രതിപക്ഷത്തിന്‍റെ പ്രധാന ആരോപണം. ഉപേക്ഷിക്കപ്പെടുന്ന ഭാര്യമാർ മുസ്ലിം സമുദായത്തിൽ മാത്രമല്ല, ക്രിസ്ത്യൻ, ഹിന്ദു സമുദായങ്ങളിലുമുണ്ട്. ഈ സമുദായങ്ങളിലെ പുരുഷൻമാർക്കെതിരെ ക്രിമിനൽ കുറ്റം ചുമത്താത്തത് എന്തുകൊണ്ടാണ്? ലിംഗനീതിയ്ക്ക് വേണ്ടി നിലകൊള്ളുന്നുവെന്ന് പറയുന്ന കേന്ദ്രസർക്കാർ എന്തുകൊണ്ട് ഇതരസമുദായങ്ങളിൽ പെട്ട സ്ത്രീകളെ കാണുന്നില്ല? എന്തുകൊണ്ട് മുസ്ലിം പുരുഷൻമാർക്കെതിരെ മാത്രം ക്രിമിനൽ നടപടി ശുപാർശ ചെയ്യുന്ന ബില്ല് എൻഡിഎ പാസ്സാക്കാൻ ധൃതി പിടിച്ച് ശ്രമിക്കുന്നുവെന്നാണ് പ്രതിപക്ഷത്തിന്‍റെ ചോദ്യം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam