ത്രിപുരയില്‍ തദ്ദേശ തെര‍ഞ്ഞെടുപ്പില്‍ 86 ശതമാനം സീറ്റിലും ബിജെപിക്ക് എതിരില്ല; വന്‍ ജയം

By Web TeamFirst Published Jul 13, 2019, 8:34 PM IST
Highlights

ത്രിപുരയില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ വിജയം. 86 ശതമാനം സീറ്റുകളില്‍ ബിജെപി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. 

അഗര്‍ത്തല: ത്രിപുരയില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ വിജയം. 86 ശതമാനം സീറ്റുകളില്‍ ബിജെപി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. നാമനിര്‍ദ്ദേശപ്പട്ടിക സമര്‍പ്പിക്കാനുള്ള അവസാന ദിനം കഴിഞ്ഞതിന് പിന്നാലെയാണ് ഭൂരിഭാഗം ഇടങ്ങളിലും ബിജെപി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. ആകെ 6,111 പഞ്ചായത്ത് സീറ്റുകളില്‍ 5,300ലധികം സീറ്റുകളില്‍ ബിജെപി വിജയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

27ന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍  ഇടതു ഫ്രണ്ടിന്‍റെ 306  സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്.  419 പഞ്ചായത്ത് സമിതി  സീറ്റുകളില്‍ 56 എണ്ണത്തിലാണ് ഇടതു സ്ഥാനാര്‍ത്ഥികളുള്ളത്. ജില്ലാ പരിഷത്തിൽ 116 സീറ്റുകളില്‍  67 ഇടത് സ്ഥാനാർത്ഥികളും മത്സരിക്കുന്നുണ്ടെന്നും സിപിഎം പോളിറ്റ് ബ്യൂറോ വ്യക്തമാക്കിയിട്ടുണ്ട്.
 
നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിൽ നിന്ന് പ്രതിപക്ഷ പാർട്ടി സ്ഥാനാര്‍ത്ഥികളെ  ബിജെപി തടഞ്ഞതായും സിപിഎം പ്രസ്താവനയില്‍ ആരോപിച്ചു. ബിജെപി ഗുണ്ടകളിൽ നിന്നുള്ള ഭീഷണിയെത്തുടർന്ന് 121 നോമിനികൾ നാമനിർദേശ പത്രിക പിൻവലിക്കാൻ നിർബന്ധിതരായി. ഗുണ്ടകൾ തെരഞ്ഞെടുപ്പ് ഓഫീസുകൾക്ക് മുന്നിൽ തമ്പടിച്ചിരുന്നു. മിക്ക സ്ഥലങ്ങളിലും പോലീസ് കാഴ്ചക്കാരായിരുന്നെന്നും സിപിഎം ആരോപിക്കുന്നു. 

അതേസമയം തെരഞ്ഞെടുപ്പ് അതിക്രമങ്ങളെക്കുറിച്ച് ആരും പരാതി നല്‍കിയിട്ടില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിശദീകരണം. 27ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ പോരാടുമെന്നും ജനാധിപത്യത്തിനെതിരായ ഈ ആക്രമണം  ചെറുക്കുമെന്നും സിപിഎം പ്രസ്താവനയില്‍  പറയുന്നു.

click me!