ദലിതരുടെ മുടിവെട്ടില്ലെന്ന് മുസ്ലീം ബാര്‍ബര്‍മാര്‍; പരാതി നല്‍കിയപ്പോള്‍ കടയടച്ച് പ്രതിഷേധം

By Web TeamFirst Published Jul 13, 2019, 5:22 PM IST
Highlights

ജാതിയുടെ പേരില്‍  വിവേചനം നേരിടുകയാണെന്നും മുസ്ലീങ്ങളുടെ ബാര്‍ബര്‍ ഷോപ്പില്‍ തങ്ങള്‍ക്ക് പ്രവേശനം നിഷേധിക്കുന്നെന്നുമാണ് ദലിത് വിഭാഗക്കാരുടെ പരാതി.

മൊറാദാബാദ്: ദലിത് വിഭാഗത്തില്‍പ്പെട്ടവരുടെ മുടിവെട്ടാന്‍  മുസ്ലീം ബാര്‍ബര്‍മാര്‍ വിസമ്മതിച്ചതായി പരാതി. മൊറാദാബാദിലെ പീപല്‍സനയില്‍ മുസ്ലീങ്ങള്‍ നടത്തുന്ന ബാര്‍ബര്‍ ഷോപ്പിലാണ് ദലിതര്‍ക്ക് പ്രവേശനം നിഷേധിച്ചത്.  പ്രവേശനം അനുവദിക്കുന്നില്ലെന്നാരോപിച്ച് ദലിതര്‍ ഭോജ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നെന്ന് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു.

ജാതിയുടെ പേരില്‍  വിവേചനം നേരിടുകയാണെന്നും മുസ്ലീങ്ങളുടെ ബാര്‍ബര്‍ ഷോപ്പില്‍ തങ്ങള്‍ക്ക് പ്രവേശനം നിഷേധിക്കുന്നെന്നുമാണ് ദലിത് വിഭാഗക്കാരുടെ പരാതി. എന്നാല്‍ ദലിതരെ കടയ്ക്കുള്ളില്‍ കയറ്റിയാല്‍ മുസ്ലീം സമൂഹം കടയില്‍ കയറില്ലെന്നാണ് ബാര്‍ബര്‍ ഷോപ്പ് ഉടമകള്‍ പറയുന്നത്.

ദലിതര്‍ മുസ്ലീങ്ങളുടെ ബാര്‍ബര്‍ഷോപ്പില്‍ സാധാരണയായി വരാറില്ലെന്നും ദലിതര്‍ നടത്തുന്ന കടയില്‍ മാത്രം പോകുന്ന ഇവര്‍ ഇപ്പോള്‍ തങ്ങളുടെ കടയില്‍ കയറണമെന്ന് പറയുകയാണെന്നും മുസ്ലീങ്ങള്‍ അറിയിച്ചു. പരാതി നല്‍കിയതോടെ ഗ്രാമത്തിലെ ബാര്‍ബര്‍മാര്‍ കടയടച്ച് പ്രതിഷേധിച്ചു.

പരാതിയുടെ അടിസ്ഥാനത്തില്‍ കേസന്വേഷണത്തിനായി പൊലീസ് സീനിയര്‍ സൂപ്രണ്ട് അമിത് പതക്കിന്‍റെ നേതൃത്വത്തില്‍ പൊലീസുകാരും ജില്ലാ അധികൃതരും ഉള്‍പ്പെട്ട സംയുക്ത സംഘം രൂപീകരിച്ചു.  

click me!