തെലങ്കാനയില്‍ കുരങ്ങന്മാരുടെ ആക്രമണത്തില്‍ 30 ആടുകള്‍ ചത്തു

By Web TeamFirst Published Jul 23, 2020, 8:44 PM IST
Highlights

രണ്ട് മാസം പ്രായമെത്തിയ ആട്ടിന്‍ കുഞ്ഞുങ്ങളാണ് കുരങ്ങുകളുടെ ആക്രമണത്തില്‍ ചത്തത്.മേയാനായി വിട്ട ആടുകളാണ് കുരങ്ങന്‍ കൂട്ടത്തിന്‍റെ മുന്നില്‍പ്പെട്ടത്. തൊക്കാല സായ്ഡുലു എന്നയാളുടെ ആടുകളാണ് ചത്തത്

ഹൈദരബാദ്: തെലങ്കാനയില്‍ കുരങ്ങന്മാരുടെ ആക്രമണത്തില്‍ 30 ആടുകള്‍ ചത്തു. തെലങ്കാനയിലെ സൂര്യപേട് ജില്ലയിലെ ശോഭനാദ്രിഗുഡം ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ബുധനാഴ്ചയാണ് സംഭവം. മേയാനായി വിട്ട ആടുകളാണ് കുരങ്ങന്‍ കൂട്ടത്തിന്‍റെ മുന്നില്‍പ്പെട്ടത്. തൊക്കാല സായ്ഡുലു എന്നയാളുടെ ആടുകളാണ് ചത്തതെന്നാണ് ടൈംസ് നൌ റിപ്പോര്‍ട്ട്. 

20ഓളം കുരങ്ങന്മാരാണ് ആടുകളെ ആക്രമിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇയാളുടെ വീടിന് സമീപമുള്ള സ്ഥലത്തായിരുന്നു ആടുകള്‍ മേഞ്ഞിരുന്നത്. ആടുകളുടെ അടുത്തേക്ക് കുരങ്ങന്മാര്‍ കൂട്ടമായി എത്തിയത് ആരും കണ്ടില്ലെന്നാണ് റിപ്പോര്‍ട്ട് വിശദമാക്കുന്നത്. രണ്ട് മാസം പ്രായമെത്തിയ ആട്ടിന്‍ കുഞ്ഞുങ്ങളാണ് കുരങ്ങുകളുടെ ആക്രമണത്തില്‍ ചത്തത്.

ആടുകളുടെ കരച്ചില്‍ കേട്ട് അയല്‍വാസികള്‍ എത്തിയപ്പോഴേക്കും ആടുകള്‍ ചത്തിരുന്നു. കുരങ്ങന്മാരെ തുരത്തിയ ശേഷമാണ് പരിസരത്തേക്ക് ആളുകള്‍ക്ക് അടുക്കാനായത്. കഴിഞ്ഞ ആഴ്ച വീടുകളില്‍ അതിക്രമിച്ച് കടന്ന കുരങ്ങനെ ഖമ്മം ജില്ലയില്‍ തൂക്കിക്കൊന്നത് വലിയ വിമര്‍ശനത്തിന് വഴിതെളിച്ചിരുന്നു. 
നേരത്തെ ഉത്തര്‍ പ്രദേശില്‍ കുരങ്ങന്മാരുടെ ആക്രമണത്തില്‍ വീടിന്‍റെ മതില് തകര്‍ന്ന് അമ്മയും നാല് കുട്ടികളും മരിച്ച സംഭവം ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

click me!