ഇന്ത്യൻ തീരം തൊടുംമുമ്പെ ദുർബലമായി 'ബുറേവി'; തമിഴ്നാടിനും കേരളത്തിനും ആശ്വാസം

By Web TeamFirst Published Dec 4, 2020, 12:11 AM IST
Highlights

ബുറേവിയുടെ പശ്ചാത്തലത്തിൽ കന്യാകുമാരി, തെങ്കാശി, രാമനാഥപുരം, തൂത്തുക്കുടി, തിരുനെൽവേലി, വിരുദുനഗർ ജില്ലകളിൽ പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്

ചെന്നൈ: അറബിക്കടൽ ലക്ഷ്യമാക്കി നീങ്ങുന്ന ബുറെവി ചുഴലിക്കാറ്റിന് ശക്തി കുറഞ്ഞു. നിലവിൽ മാന്നാർ ഉൾക്കടലിൽ നിന്നും തമിഴ്നാട്ടിലെ തൂത്തുക്കൂടി തീരത്തേക്ക് നീങ്ങി കൊണ്ടിരിക്കുന്ന ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് അതിതീവ്രന്യൂനമർദ്ദമായി മാറിയെന്നും വൈകാതെ ന്യൂനമർദ്ദമായി മാറുമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

ചുഴലിക്കാറ്റ് ഭീതിയിൽ നിൽക്കുന്ന തമിഴ്നാടിനും തെക്കൻ കേരളത്തിന് ആശ്വാസം നൽകുന്നതാണ് ചുഴലിക്കാറ്റിനെ സംബന്ധിച്ചുള്ള പുതിയ വിവരങ്ങൾ. പുലർച്ചെയോടെ ബുറെവി ചുഴലിക്കാറ്റ് തമിഴ്നാട്ടിലെ തൂത്തുക്കുടിക്കും രാമനാഥപുരത്തിനും മധ്യേ ഇന്ത്യയിലേക്ക് പ്രവേശിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാൽ പ്രവചിക്കപ്പെട്ടതിലും കുറഞ്ഞ കരുത്തോടെയാണ് കാറ്റ് കര തൊടുന്നത്.

ബുറേവിയുടെ പശ്ചാത്തലത്തിൽ കന്യാകുമാരി, തെങ്കാശി, രാമനാഥപുരം, തൂത്തുക്കുടി, തിരുനെൽവേലി, വിരുദുനഗർ ജില്ലകളിൽ പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്.

തമിഴ്നാട്ടിലൂടെ നീങ്ങുന്ന കാറ്റ് കേരളത്തിലേക്ക് എത്തും മുൻപ് വീണ്ടും ശക്തി കുറഞ്ഞ് ന്യൂനമർദ്ദമായി മാറുമെന്നാണ് കാലാവസ്ഥാ വിദഗ്ദ്ധരുടെ ഏറ്റവും പുതിയ പ്രവചനം. മണിക്കൂറിൽ 40 കിമീ വേഗതയിലാണ് തീവ്രന്യൂനമർദ്ദമായി മാറിയ ബുറെവി കേരളത്തിലേക്ക് എത്തുകയെന്നാണ് ഇപ്പോൾ കരുതുന്നത്. അതിനോടകം ചുഴലിക്കാറ്റ് ന്യൂനമർദ്ദമായി മാറാനും സാധ്യതയുണ്ട്. 

കേരളത്തിൽ പൊൻമുടി - വർക്കല -ആറ്റിങ്ങൽ മേഖലയിലൂടെയാകും കാറ്റിന്‍റെ സഞ്ചാരപഥം ഇപ്പോൾ പ്രവചിക്കപ്പെട്ടിരിക്കുന്നത്. നേരത്തെ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട കാറ്റ് ശ്രീലങ്കയിൽ വച്ച് കര തൊട്ടിരുന്നു. ശ്രീലങ്കയെ കുറുകെ കടന്ന് പോയ ചുഴലിക്കാറ്റ് അവിടെ കാര്യമായ നാശനഷ്ടങ്ങളുണ്ടാക്കിയിട്ടില്ല. 

click me!