ടിആർപി തട്ടിപ്പിൽ ഇടപെട്ട് പാർലമെന്‍ററി സമിതി, എൻബിഎക്കും പ്രസാർഭാരതിക്കും നോട്ടീസ്

By Web TeamFirst Published Oct 10, 2020, 9:03 AM IST
Highlights

ടിആർപി അട്ടിമറിക്കാൻ ശ്രമിച്ചതിന് റിപ്പബ്ലിക് ടിവിക്കും രണ്ട് മറാഠി ചാനലുകൾക്കുമെതിരെ കേസെടുത്തതായി മുംബൈ പൊലീസ് കമ്മീഷണറാണ് വാർത്താസമ്മേളനത്തിൽ പറഞ്ഞത്. 

ദില്ലി: ടിആർപി റേറ്റിംഗിൽ ക്രമക്കേട് കാണിച്ച സംഭവം ഐടി കാര്യ പാർലമെന്‍ററി സമിതി പരിശോധിക്കും. വരുന്ന പതിനഞ്ചാം തീയതി നടക്കുന്ന യോഗത്തിന്‍റെ അജണ്ടയിൽ വിഷയം ഉൾപ്പെടുത്തിയതായി സമിതി വ്യക്തമാക്കി. വിഷയത്തിൽ വിശദീകരണം തേടാൻ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പ്രസാർ ഭാരതിക്കും ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷനും സമിതി നോട്ടീസും അയച്ചിട്ടുണ്ട്.

ടിവി കാഴ്ചക്കാരുടെ എണ്ണം കണക്കാക്കുന്ന റേറ്റിംഗിൽ തട്ടിപ്പ് നടത്തുന്ന റാക്കറ്റിനെ പിടിച്ചതായി മുംബൈ പോലീസ് കമ്മീഷണർ പരംബീർ സിംഗാണ് പ്രഖ്യാപിച്ചത്. തട്ടിപ്പിൽ റിപ്പബ്ലിക് ടിവി ഉൾപ്പടെ മൂന്ന് മാധ്യമങ്ങളുടെ പേര് പോലീസ് വെളിപ്പെടുത്തിയത് ദേശീയ തലത്തിൽ ടിവി ചാനലുകൾക്കിടയിലെ പരസ്യയുദ്ധത്തിലേക്കാണ് വഴിവച്ചത്. മുംബൈ പോലീസ് കമ്മീഷണർക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കുമെന്ന് റിപ്പബ്ളിക് ടിവി ഉടമ അർണബ് ഗോസ്വാമി പ്രതികരിക്കുകയും ചെയ്തു. 

ടിവി ചാനലുകളുടെ കാഴ്ചക്കാർ എത്രയെന്ന് കണ്ടെത്താൻ ടിആർപി റേറ്റിംഗ് സംവിധാനത്തെയാണ് പരസ്യം നൽകുന്നവർ ആശ്രയിക്കുന്നത്. ഇതിനായുള്ള ഏജൻസിയായ ബാർക്ക് രാജ്യത്തുടനീളം വീടുകളിൽ ബാരോമീറ്ററുകൾ സ്ഥാപിച്ചാണ് പരിപാടികളുടെ കാഴ്ചക്കാരുടെ എണ്ണം കണക്കാക്കുന്നത്. ടിആര്‍പിയില്‍  അട്ടിമറിയെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായാണ് മുംബൈ പോലീസ്  രംഗത്തെത്തിയത്. 

റേറ്റിംഗ് കണക്കാക്കുന്നതിനായി മുംബൈയില്‍ സ്ഥാപിച്ചിരിക്കുന്ന രണ്ടായിരത്തോളം വീട്ടുകാരെ പണം നല്‍കി ചാനലുകള്‍ സ്വാധീനിക്കുന്നു. പ്രതിമാസം അയ്യായിരം രൂപ വരെയാണ് വാഗ്ദാനം. ആളുകള്‍ വീട്ടിലില്ലെങ്കിലും ടെലിവിഷന്‍ നിര്‍ത്തരുതെന്നാണ് നിര്‍ദ്ദേശം. റിപ്പബ്ലിക് ടിവി,  ഫക്ത് മറാത്തി, ബോക്സ് സിനിമ എന്നീ ചാനലുകള്‍ക്കെതിരെ ലഭിച്ച പരാതിയില്‍ വഞ്ചനാകുറ്റമടക്കം ചുമത്തി കേസെടുത്തതായി മുംബൈ പോലീസ് മേധാവി പരം വീര്‍ സിംഗ് വ്യക്തമാക്കുകയായിരുന്നു. 

ഇതിനിടെ എഫ്ഐആറിൽ ഇന്ത്യാടുഡേയുടെ പേരുണ്ടെന്ന വാർത്തയുമായി റിപ്പബ്ലിക് ടിവി മേധാവി അർണബ് ഗോസ്വാമി രംഗത്തെത്തി. എന്നാൽ പരാതിയിൽ ഇന്ത്യാ ടുഡേയുടെ പേരുള്ളതിനാലാണ് എഫ്ഐആറിലും പേര് ഉൾപ്പെടുത്തിയതെന്നും, പരാതി വിശദീകരിക്കുന്ന ഭാഗത്താണ് ഇന്ത്യാ ടുഡേയുടെ പേര് ഉൾപ്പെടുത്തിയിട്ടുള്ളതെന്നുമുള്ള വിശദീകരണവുമായി മുംബൈ പൊലീസും രംഗത്തെത്തി. നിലവിൽ കേസെടുത്തിട്ടുള്ളത് റിപ്പബ്ലിക് ടിവിക്കും, രണ്ട് മറാഠി ചാനലുകൾക്കുമെതിരെയാണെന്നും പൊലീസ് വ്യക്തമാക്കി. രണ്ട് മറാഠി ചാനലുകളുടെ ഉടമകളെ പൊലീസ് അറസ്റ്റ് ചെയ്തു. അർണബ് ഗോസ്വാമിക്ക് ഹാജരാകാൻ നോട്ടീസ് നൽകി. ഇന്ത്യാ ടുഡേ ചീഫ് എ‍ഡിറ്റർ രാജ്‍ദീപ് സർദേസായിയും അർണബ് ഗോസ്വാമിയും തമ്മിൽ അതിന് മുമ്പേ ആശയഭിന്നതകൾ വ്യക്തമാക്കി രംഗത്തുവന്നിരുന്നു. ആ തർക്കം ഈ വെളിപ്പെടുത്തലോടെ രൂക്ഷമാവുകയും ചെയ്തു.

പോലീസ് വെളിപ്പെടുത്തല്‍ മറ്റ് മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ  ദേശീയ തലത്തില്‍ ടിവി ചാനലുകളുടെ പരസ്യമായ കിട മത്സരമാണ് നടക്കുന്നത്. വാർത്ത ഏറ്റെടുത്ത എല്ലാ ചാനലുകൾക്കുമെതിരെ കേസ് കൊടുക്കുമെന്നാണ് അ‌ർണബ് ഗോസ്വാമി പ്രഖ്യാപിക്കുന്നത്. 

click me!