'കെസിആര്‍ ദേശീയ രാഷ്ട്രീയത്തിലേക്ക്, പ്രാര്‍ത്ഥിക്കണം'; മദ്യവും കോഴിയും വിതരണം ചെയ്ത് ടിആര്‍എസ് നേതാവ്, വീഡിയോ

By Web TeamFirst Published Oct 4, 2022, 4:23 PM IST
Highlights

വാറങ്കലിലെ തൊഴിലാളികള്‍ക്കാണ് മദ്യവും കോഴിയും നല്‍കിയത്. ദേശീയ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്ന കെ ചന്ദ്രശേഖര്‍ റാവുവിന് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ മറക്കരുതെന്ന സന്ദേശം നല്‍കിയായിരുന്നു മദ്യവിതരണം

ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു നാളെ ദേശീയ പാര്‍ട്ടിയുടെ പേര് പ്രഖ്യാപിക്കാനിരിക്കേ ടിആര്‍എസ് പുതിയ വിവാദത്തില്‍. മുതിര്‍ന്ന ടിആര്‍എസ് നേതാവ്  രാജനല ശ്രീഹരിയുടെ നേതൃത്വത്തില്‍ മദ്യവും കോഴിയും വിതരണം ചെയ്യുന്ന വീഡിയോ ആണ് പുറത്ത് വന്നിട്ടുള്ളത്. മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്‍റെയും കെ ടി രാമറാവുവിന്‍റെയും ഫ്ലക്സുകള്‍ സ്ഥാപിച്ച് അതില്‍ മാലയിട്ട ശേഷമായിരുന്നു മദ്യവിതരണം.

വാറങ്കലിലെ തൊഴിലാളികള്‍ക്കാണ് മദ്യവും കോഴിയും നല്‍കിയത്. ദേശീയ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്ന കെ ചന്ദ്രശേഖര്‍ റാവുവിന് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ മറക്കരുതെന്ന സന്ദേശം നല്‍കിയായിരുന്നു മദ്യവിതരണം. ടി ആര്‍ എസ് നോമിനിയായി നിരവധി കോര്‍പ്പറേഷന്‍ ബോര്‍ഡുകളിലെ അംഗം കൂടിയാണ് രാജനല ശ്രീഹരി.  200 കുപ്പികളും 200 കോഴികളുമാണ് വിതരണം ചെയ്തത്. ദസ്സറ ആഘോഷത്തിന്‍റെ ഭാഗമായി മദ്യവിതരണം നടത്തിയതാണെന്നാണ് രാജനല ശ്രീഹരിയുടെ വിശദീകരണം.

2024 ലോക്സഭ തെര‍ഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് കെസിആര്‍ ദേശീയ പാര്‍ട്ടിയുമായി മുന്നോട്ട് വരുന്നത്. ഞായറാഴ്ച പാർട്ടി നേതാക്കൾക്ക് അദ്ദേഹം പ്രത്യേക വിരുന്ന് ഒരുക്കിയിരുന്നു കെസിആർ മന്ത്രിമാരുമായും തെലങ്കാനയിലെ 33 ജില്ലകളിലെയും ടിആർഎസ് അധ്യക്ഷന്മാരുമാണ് ഇതിൽ പങ്കെടുത്തിരുന്നത്. ഇതിന് ശേഷമാണ് ദേശീയ പാർട്ടി രൂപീകരണം സംബന്ധിച്ചുള്ള സുപ്രധാന തീരുമാനം അദ്ദേഹം നേതാക്കളെ അറിയിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ടിആർഎസിന് ദേശീയരൂപം നല്‍കുമ്പോള്‍ ഭാരതീയ രാഷ്ട്രസമിതി (ബിആർഎസ്) ആണ് ആലോചനയിലുള്ള പേര്. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തെലങ്കാനയ്ക്കു പുറത്തുള്ള സംസ്ഥാനങ്ങളിലും പാർട്ടി മത്സരിക്കും. ഒക്ടോബര്‍ ഒമ്പതിന് ദില്ലിയില്‍ കെസിആര്‍ ഒരു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്. 

click me!