
മുംബൈ: സോലാപൂർ-പൂനെ ഹൈവേയിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു. 15 പേർക്ക് പരിക്കേറ്റു. മഹാരാഷ്ട്രയിലെ സോലാപൂർ ജില്ലയിലെ മൊഹുൽ താലൂക്കിലാണ് മൂന്ന് വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. തുൽജാപൂരിലെ ഒരു ക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസും ഒരു ഹെവി ട്രക്കും ഇരുചക്ര വാഹനവുമാണ് അപകടത്തിൽപ്പെട്ടത്.
ട്രക്കും ഇരുചത്ര വാഹനവുമാണ് ഹൈവേയിൽ വെച്ച് ആദ്യം കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ട്രക്കിന്റെ നിയന്ത്രണം നഷ്ടമായി റോഡിന്റെ അതിർ ദിശയിലേക്ക് നീങ്ങി. മറുഭാഗത്തു കൂടി വരികയായിരുന്ന മിനി ബസിലേക്ക് ട്രക്ക് ഇടിച്ചുകയറുകയായിരുന്നു. മിനിബസ് തലകീഴായി മറിയുകയും ചെയ്തു. ബൈക്ക് യാത്രക്കാരനും മിനി ബസിന്റെ ഡ്രൈവറും മറ്റൊരാളും തൽക്ഷണം മരിച്ചു.
പരിക്കേറ്റ മറ്റുള്ളവരെ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടർന്ന് സോലാപൂർ-പൂനെ ഹൈവേയിൽ ഗതാഗതം തടസ്സപ്പെട്ടു. റോഡിന് കുറുകെ തലകീഴായി മറിഞ്ഞു കിടന്ന മിനി ബസ് പിന്നീട് ക്രെയിൻ എത്തിച്ചാണ് അപകട സ്ഥലത്തു നിന്ന് മാറ്റാൻ കഴിഞ്ഞത്. കണ്ടെയ്നർ ട്രക്ക് ഡ്രൈവറെ പ്രതിയാക്കി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം