ട്രംപിന്‍റെ സന്ദര്‍ശനം: പൗരത്വ നിയമം ചര്‍ച്ചയാകും, മതസ്വാതന്ത്ര്യം പ്രധാനമെന്ന് വൈറ്റ് ഹൗസ്

By Web TeamFirst Published Feb 22, 2020, 9:16 AM IST
Highlights

ഇന്ത്യയിലെ ജനാധിപത്യ പാരമ്പര്യങ്ങളോട് ബഹുമാനം യുഎസിനുണ്ട്. അതുകൊണ്ട് അത് തുടരാന്‍ ഇന്ത്യയെ പ്രചോദിപ്പിക്കുന്നത് ഇനിയും തുടരും. സിഎഎ, എന്‍ആര്‍സി വിഷയങ്ങളില്‍ യുഎസിന് ആശങ്കയുണ്ടെന്നും പ്രതിനിധി

വാഷിംഗ്ടണ്‍: പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്നിട്ടുള്ള ആശങ്കകളെ കുറിച്ച് യുഎസ് പ്രസിഡന്‍റ്  ഡോണാള്‍ഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്തുമെന്ന് വെളിപ്പെടുത്തല്‍. ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുമ്പോള്‍ സിഎഎ, എന്‍ആര്‍സി വിഷയങ്ങള്‍ മോദിയുമായി ട്രംപ് സംസാരിക്കുമെന്ന് യുഎസ് ഭരണകൂട പ്രതിനിധിയാണ് വ്യക്തമാക്കിയത്.

ഇന്ത്യയിലെ ജനാധിപത്യ സംവിധാനങ്ങളോട് യുഎസിന് വലിയ ബഹുമാനമാണ് ഉള്ളതെന്ന് മാധ്യമപ്രവര്‍ത്തകരോട് യുഎസ് പ്രതിനിധി വ്യക്തമാക്കിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. പൊതുവായും വ്യക്തിപരമായും ലഭിക്കേണ്ട മതസ്വാതന്ത്ര്യം, ജനാധിപത്യം തുടങ്ങിയ കാര്യങ്ങള്‍ ട്രംപ് സംസാരിക്കും. ഇത്തരം വിഷയങ്ങളെല്ലാം, പ്രത്യേകിച്ച് മതസ്വാതന്ത്ര്യത്തിന് വലിയ പ്രാധാന്യമാണുള്ളത്. ഇന്ത്യയിലെ ജനാധിപത്യ പാരമ്പര്യങ്ങളോട് ബഹുമാനം യുഎസിനുണ്ട്.

അതുകൊണ്ട് അത് തുടരാന്‍ ഇന്ത്യയെ പ്രചോദിപ്പിക്കുന്നത് ഇനിയും തുടരും. സിഎഎ, എന്‍ആര്‍സി വിഷയങ്ങളില്‍ യുഎസിന് ആശങ്കയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ട്രംപിന്‍റെ ഇന്ത്യ സന്ദർശന വേളയില്‍ പുതിയ ആണവ കരാർ പരിഗണനയിലുണ്ട്. ആറ് ആണവ റിയാക്ടറുകൾ അമേരിക്കയിൽ നിന്ന് വാങ്ങാൻ പുതിയ കരാർ ഇന്ത്യ ഒപ്പുവച്ചേക്കും. ഇന്ത്യ സന്ദർശനത്തിനിടെ വൻ കരാറുകൾക്ക് ശ്രമിക്കുന്നതായി ഡോണൾഡ് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു.

പുതിയ ആണവകരാറും അതില്‍ ഉള്‍പ്പെടുന്നതാണെന്നാണ് വിവരം. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും അന്നത്തെ അമേരിക്കന്‍ പ്രസിഡന്‍റ് ജോര്‍ജ് ബുഷും ചേര്‍ന്നാണ് നേരത്തെ ആദ്യ ആണവ കരാര്‍ ഒപ്പുവെച്ചത്. 2006 ലായിരുന്നു ആണവറിയാക്ടറുകള്‍ ഇന്ത്യക്ക് നല്‍കാനുള്ള ആദ്യ കരാര്‍. കരാര്‍ ഒപ്പുവെക്കുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന രാഷ്ട്രീയ കോലാഹലങ്ങള്‍ പിന്നീട് ഇടതുപക്ഷം ഒന്നാം യുപിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുന്നതിലേക്ക് അടക്കം എത്തി.

ആണവറിയാക്ടറുകള്‍ ഇന്ത്യക്ക് നല്‍കാനായിരുന്നു അന്നത്തെ കരാരെങ്കിലും യാഥാര്‍ത്ഥ്യമാകുന്നത് പിന്നെയും നീണ്ടുപോയി. ആ സാഹചര്യത്തിലാണ് ആറ് റിയാക്ടറുകള്‍ കൈമാറുന്നതിനുള്ള പുതിയ ഒരു കരാറിലേക്ക് ഇന്ത്യയും അമേരിക്കയും എത്തുന്നതെന്നാണ് വിവരം.

ഞായറാഴ്ച ഇന്ത്യയിലേക്ക് എത്തുന്ന അമേരിക്കന്‍ പ്രസിഡന്‍റിന് ഒപ്പം ഭാര്യ മെലാനിയ ട്രംപ്, മരുമകൻ ജാറദ് കഷ്നർ മകൾ ഇവാങ്ക എന്നിവരും ഉണ്ടാകും. ദില്ലിയിലെ സർക്കാർ സ്കൂൾ മെലാനിയ സന്ദർശിക്കും. മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ, വിദ്യാഭ്യാസമന്ത്രി മനീഷ് സിസോദിയ എന്നിവരെ മെലാനിയ കാണുമെന്നാണ് റിപ്പോർട്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ല.

click me!