ഡോണൾഡ് ട്രംപിന്‍റെ സന്ദർശനം ആകെ 36 മണിക്കൂർ; ഒരുങ്ങുന്നത് വന്‍ സജ്ജീകരണങ്ങള്‍

By Web TeamFirst Published Feb 20, 2020, 8:39 AM IST
Highlights

മുപ്പത്തിയാറ് മണിക്കൂറാകും  ഡോണൾഡ് ട്രംപും മെലാനിയ ട്രംപും ഇന്ത്യയില്‍ ചെലവിടുക. ട്രംപുമായുള്ള പ്രധാന ചർച്ചകൾ ദില്ലിയിലാണ് നടക്കുക. ഹൈദരാബാദ് ഹൗസാണ് ചർച്ചകൾക്ക് വേദിയാവുക. 

ദില്ലി: യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശനത്തില്‍ ആദ്യം സന്ദര്‍ശിക്കുക ഗുജറാത്ത്. ഫെബ്രുവരി 24, 25 തിയതികളിലാണ് സന്ദര്‍ശനം.  മുപ്പത്തിയാറ് മണിക്കൂറാകും  ഡോണൾഡ് ട്രംപും മെലാനിയ ട്രംപും ഇന്ത്യയില്‍ ചെലവിടുക. അമേരിക്കന്‍ പ്രസിഡന്‍റും  പ്രധാനമന്ത്രിയുമായി പ്രത്യേക ചർച്ച  25ന് നടക്കും.ഇന്ത്യയിലെ വ്യവസായികളെയും ഡോണൾഡ് ട്രംപ് കാണുമെന്നാണ് വിവരം. ഫെബ്രുവരി 24 തിങ്കളാഴ്ച പതിനൊന്നരയ്ക്കാണ് ട്രംപ് അഹമ്മദാബാദിലെത്തുക.  

24ന് പതിനൊന്നരയ്ക്ക് എയർഫോഴ്സ് വൺ വിമാനത്തില്‍ ട്രംപും ഭാര്യയും ഇറങ്ങും. വിമാനത്താവളത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിക്കും. വിമാനത്താവളം മുതൽ മൊട്ടേര സ്റ്റേഡിയം വരെ 22 കിലോമീറ്റർ റോഡ് ഷോയാണ് പദ്ധതി. ഇന്ത്യ റോഡ് ഷോ എന്ന് പേരിട്ടിരിക്കുന്ന ഈ ശക്തിപ്രകടനത്തിൽ പതിനായിരങ്ങൾ അണിനിരക്കുമെന്നാണ് സൂചന. ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നമസ്തെ ട്രംപ് എന്ന പേരിലുള്ള സ്വീകരണമാണ് ഒരുങ്ങുനന്നത്. ഒരു ലക്ഷത്തി അയ്യായിരം പേർ സ്വീകരണത്തിന് എത്തുമെന്നാണ് വിലയിരുത്തല്‍. 

സ്റ്റേഡിയത്തിൽ നിന്ന് വിമാനത്താവളത്തിലേക്ക് പോകുന്ന ട്രംപും ഭാര്യ മെലാനിയയും അഞ്ചു മണിയോടെ ആഗ്രയിലെത്തും. 
സൂര്യാസ്തമയം വരെ ഇരുവരും താജ്മഹലിൽ സമയം ചെലവിടും. ദില്ലിയിലെത്തി രാത്രി തങ്ങുന്ന ട്രംപിന് ചൊവ്വാഴ്ച രാവിലെ ആചാരപരമായ വരവേല്പ് നല്‍കും. പിന്നീട് രാജ്ഘട്ടിലെത്തി ഇരുവരും പുഷ്പാർച്ചന നടത്തും. ട്രംപുമായുള്ള പ്രധാന ചർച്ചകൾ ദില്ലിയിലാണ് നടക്കുക. ഹൈദരാബാദ് ഹൗസാണ് ചർച്ചകൾക്ക് വേദിയാവുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയും  ട്രംപും മാത്രം ഒരു മണിക്കൂർ പ്രത്യേക ചർച്ച നടത്തും. 

പിന്നീട് ഇരുവരും മാധ്യമങ്ങളോട് സംസാരിക്കും. യുഎസ് എംബസിയിൽ വ്യവസായ പ്രമുഖരെ കാണുന്ന ട്രംപ് രാഷ്ട്രപതി നല്കുന്ന അത്താഴ വിരുന്നിന് ശേഷം മടങ്ങും. രാജ്യാന്തര രംഗത്ത് ഇന്ത്യ വലിയ സമ്മർദ്ദം നേരിടുമ്പോൾ ട്രംപിന്‍റെ ഉറച്ച പിന്തുണയാണ് ഈ മുപ്പത്തിയാറ് മണിക്കൂറിൽ പ്രധാനമന്ത്രി പ്രതീക്ഷിക്കുന്നത്.

click me!