ദില്ലി: സമരവേദി മാറ്റുന്നതുമായി ബന്ധപ്പെട്ട് ഷഹീൻ ബാഗിലെ സമരക്കാരുമായി സുപ്രീം കോടതി മധ്യസ്ഥ സംഘം ഇന്നും ചര്‍ച്ച നടത്തും. ഷഹീൻ ബാഗിൽ നിന്ന് സമരവേദി മാറ്റില്ലെന്ന നിലപാടിൽ സമരക്കാർ ഉറച്ച് നിന്നതോടെ ഇന്നലത്തെ നടത്ത ചര്‍ച്ച പരാജയപ്പെട്ടിരുന്നു.
ഇന്നലെ നടന്ന ചര്‍ച്ചയില്‍ ഷഹീന്‍ബാഗില്‍ നിന്ന് മാറില്ലെന്ന് സമരസമിതി ഉറച്ച നിലപാടെടുത്തു.
എന്നാല്‍, പരിഹാരം കാണുംവരെ വരെ ചര്‍ച്ച തുടരുമെന്ന് മധ്യസ്ഥ സംഘത്തിലെ മുതിര്‍ന്ന അഭിഭാഷകരായ സഞ്ജയ് ഹെഗ്ഡേയും സാധന രാമചന്ദ്രനും വ്യക്തമാക്കി. സുപ്രീംകോടതി നിയോഗിച്ച മധ്യസ്ഥരായ സഞ്ജയ് ഹെഗ്‍ഡെയും സാധനാ രാമചന്ദ്രനും ഇന്നലെ സമരപ്പന്തലിലെത്തിയിരുന്നു.
പൗരത്വ നിയമഭേദഗതിക്കെതിരായ സമരങ്ങളുടെ മുഖമായ ഷഹീൻബാഗിലെ അമ്മമാരോട് ഇവർ സംസാരിച്ചു. കഴിഞ്ഞ രണ്ട് മാസമായി കൊടും തണുപ്പിനെ അവഗണിച്ചും ഷഹീൻബാഗിലെ അമ്മമാർ ഇവിടെ സമരമിരിക്കുകയാണ്. ഇതിന് പിന്നാലെ സ്ഥലത്ത് റോഡ് ഗതാഗതം തടസ്സപ്പെടുന്നുവെന്നാരോപിച്ച് ബിജെപി രംഗത്ത് വന്നിരുന്നു.
ഇത് ക്രമസമാധാനപ്രശ്നങ്ങൾ സൃഷ്ടിക്കുന്നുവെന്നും, ഇവിടെ സമരമിരിക്കുന്നത് തീവ്രവാദികളാണെന്നും ബിജെപി ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് വൻ പ്രചാരണവിഷയമാക്കി. ഇതിനെതിരെ സുപ്രീംകോടതിയിൽ ഹർജി എത്തിയതോടെയാണ്, ഇവിടത്തെ ഗതാഗത തടസ്സം കണക്കിലെടുത്ത് പ്രശ്നം പരിഹരിക്കാൻ രണ്ട് മധ്യസ്ഥരെ കോടതി നിയോഗിച്ചത്.
മറ്റൊരിടത്തേക്ക് സമരവേദി മാറ്റാനാകുമോ എന്ന് പരിശോധിക്കാനും, ഇവിടത്തെ ഗതാഗതതടസ്സം മാറ്റാൻ ചർച്ചയിലൂടെ സമവായമുണ്ടാക്കാനാകുമോ എന്നും പരിശോധിക്കാനാണ് മധ്യസ്ഥരായി രണ്ട് മുതിർന്ന അഭിഭാഷകർ എത്തിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam