'സമരം ചെയ്യുന്ന കർഷകർക്ക് മദ്യ വിതരണം'; വീഡിയോ പ്രചാരണം വ്യാജം

By Web TeamFirst Published Feb 8, 2021, 6:57 PM IST
Highlights

സമരത്തിനെത്തിയ കർഷകർക്ക് മദ്യം വിതരണം ചെയ്യുന്നു എന്ന അവകാശവാദത്തോടെയാണ് വീഡിയോ പ്രചാരണം. 

ദില്ലി: കാർഷിക നിയമ ഭേദഗതികള്‍ പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് ദില്ലി അതിർത്തിയില്‍ കർഷക സമരം തുടരുകയാണ്. ഇതിനിടെ വ്യാപക പ്രചാരണം നേടിയ ഒരു വീഡിയോയുണ്ട് സാമൂഹ്യമാധ്യമങ്ങളില്‍. സമരത്തിനെത്തിയ കർഷകർക്ക് മദ്യം വിതരണം ചെയ്യുന്നു എന്ന അവകാശവാദത്തോടെയാണ് വീഡിയോ പ്രചാരണം. 

പ്രചാരണം

'കർഷക സമരത്തിന് സൌജന്യ മദ്യം വിതരണം' എന്ന തലക്കെട്ടിലുള്ള വീഡിയോയ്‍ക്ക് 30 സെക്കന്‍ഡ് ദൈർഘ്യമാണുള്ളത്. കാറിലിരിക്കുന്ന ഒരാള്‍ വാഹനത്തിന് പുറത്ത് തടിച്ചുകൂടിയിരിക്കുന്ന ആളുകള്‍ക്ക് ഗ്ലാസുകളിലും പാത്രങ്ങളിലും മദ്യം ഒഴിച്ചുനല്‍കുന്നതാണ് വീഡിയോയില്‍. മദ്യം വാങ്ങാനായി തിക്കുംതിരക്കും കൂട്ടുന്നവരില്‍ വൃദ്ധരും യുവാക്കളുമുണ്ട്. എന്നാല്‍ മദ്യം വിതരണം ചെയ്യുന്ന ആളിന്‍റെ മുഖം വ്യക്തമല്ല. 

നിരവധി പേർ ഈ വീഡിയോ കർഷക സമരവുമായി ബന്ധപ്പെടുത്തി ഫേസ്ബുക്കിലും ട്വിറ്ററിലും ഷെയർ ചെയ്തതായി കാണാം. 

വസ്തുത

കഴിഞ്ഞ വർഷം ഏപ്രില്‍ മുതല്‍ സാമൂഹ്യമാധ്യമങ്ങളില്‍ സജീവമായ വീഡിയോയാണിത്. അന്ന് നിരവധിയാളുകള്‍ വീഡിയോ ഷെയർ ചെയ്തത് ഇപ്പോഴും കാണാം. എന്നാല്‍ മൂന്ന് കാർഷിക നിയമ ഭേദഗതികള്‍ കേന്ദ്ര സർക്കാർ പാസാക്കിയത് 2020 സെപ്‍റ്റംബർ മാസത്തില്‍ മാത്രമാണ്. ഭേദഗതികള്‍ പാസാകുന്നതിന് മാസങ്ങള്‍ക്ക് മുമ്പേ ഈ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ കറങ്ങിനടക്കുന്നുണ്ട് എന്ന് ഇതിനാല്‍ വ്യക്തം. 

 

നിഗമനം

കർഷക സമരത്തില്‍ പങ്കെടുക്കുന്നവർക്ക് മദ്യവിതരണം എന്ന പ്രചാരണം വ്യാജമാണ്. എന്നാല്‍ വൈറല്‍ വീഡിയോ എവിടെ നിന്നുള്ളതാണെന്നോ മദ്യ വിതരണത്തിന് പിന്നിലെ പശ്ചാത്തലം എന്തെന്നോ വ്യക്തമല്ല. ദേശീയ മാധ്യമമായ ഇന്ത്യ ടുഡേയാണ് വീഡിയോയുടെ വസ്‍തുത പുറത്തുകൊണ്ടുവന്നത്. 

click me!