
ദില്ലി: പുതിയ കാർ വാങ്ങിയ ശേഷം പൂജ നടത്തി നാരങ്ങക്ക് മേൽ ആദ്യം ചക്രം കയറ്റുന്ന ചടങ്ങ് ദുരന്തത്തിൽ കലാശിച്ചു. ഷോറൂം സ്ഥിതി ചെയ്യുന്ന ഒന്നാം നിലയിൽ നിന്ന് കാർ താഴേക്ക് പതിച്ചു. ദില്ലിയിലെ നിർമ്മാൺ വിഹാറിലെ മഹീന്ദ്ര ഷോറൂമിലാണ് സംഭവം. പുതിയ മഹീന്ദ്ര ഥാർ പുറത്തിറക്കുന്നതിന് മുൻപായി നാരങ്ങയ്ക്കുമേൽ കയറ്റിയിറക്കാനുള്ള ശ്രമത്തിനിടെ വാഹനം താഴേയ്ക്ക് പതിക്കുകയായിരുന്നു.
അപകടത്തിൽ മാനി പവാർ എന്ന യുവതിക്ക് പരിക്കേറ്റു. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. 27 ലക്ഷം രൂപ വിലമതിക്കുന്ന തന്റെ പുതിയ ഥാർ ഏറ്റുവാങ്ങാനാണ് മാനി എത്തിയത്. വാഹനം പുറത്തിറക്കുന്നതിന് മുമ്പ് പൂജ നടത്താൻ അവർ തീരുമാനിച്ചു. പുത്തൻകാർ റോഡിലിറക്കുന്നതിന് മുൻപായി ചക്രത്തിനടിയിൽ നാരങ്ങ വെച്ച് വാഹനം സ്റ്റാർട്ട് ചെയ്തു. സാവധാനം കാർ മുന്നോട്ടെടുക്കുന്നതിനിടെ അബദ്ധത്തിൽ ആക്സിലറേറ്ററിൽ ചവിട്ടി.
ഇതോടെ വാഹനം മുന്നോട്ടു കുതിച്ച് ഒന്നാം നിലയിലെ ചില്ലുഭിത്തി തകർത്ത് താഴേക്ക് പതിച്ചു. സംഭവത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായി. മാനിയെ കൂടാതെ ഷോറൂം ജീവനക്കാരനായ വികാസും വാഹനത്തിൽ ഉണ്ടായിരുന്നു. അപകടം നടന്നയുടൻ എയർബാഗുകൾ പ്രവർത്തിച്ചതിനാൽ ഇരുവർക്കും നിസാരമായ പരിക്കേ സംഭവിച്ചുള്ളൂ. ഓടിക്കൂടിയവർ ഇരുവരെയും പുറത്തെടുത്തു. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ പ്രാഥമിക ചികിത്സയ്ക്കു ശേഷം വിട്ടയച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam