
ചെന്നൈ: തമിഴകത്ത് 6 പതിറ്റാണ്ടിലേറെ നീണ്ട ദ്രാവിഡ പാർട്ടികളുടെ ആധിപത്യം തകർത്താണ് ടിവികെ വിസ്മയ ജയം നേടിയത്. മത്സരിച്ച 2 സീറ്റിലും വിജയ് ജയിച്ചു. മുഖ്യമന്ത്രി എം കെ സ്റ്റാലിൻ കൊളത്തൂരിൽ പരാജയപ്പെട്ടത് ഡിഎംകെയെ ഞെട്ടിച്ചു. എഐഎഡിഎംകെയ്ക്ക് മുഖ്യ പ്രതിപക്ഷ പാർട്ടിയാകാൻ പോലും കഴിഞ്ഞില്ല എന്നതാണ് തമിഴ്നാട്ടിലെ വസ്തുത.
തമിഴകത്തിൻ്റെ ജനനായകനായി ദളപതി. രാഷ്ടീയ അരങ്ങേറ്റത്തിൽ ഡിഎംകെയുടെയും എഐഎഡിഎകെയുടെയും സംഘടനാശക്തിയെ മറികടന്ന് വിജയത്തിലേക്ക് വിസിലടിച്ച് ടിവികെ. ഡിഎംകെയുടെ ദളിത് ന്യൂനപക്ഷ വോട്ടുബാങ്കിലേക്ക് കടന്നുകയറിയ ടിവികെ, പടിഞ്ഞാറൻ തമിഴ്നാട്ടിലെ എഐഎഡിഎംകെ ശക്തികേന്ദ്രങ്ങൾ പിടിച്ചെടുത്തതോടെ രാഷ്ടീയ നിരീക്ഷകരുടെ കണക്കുകൂട്ടൽ തെറ്റി. പതിറ്റാണ്ടുകൾ മന്ത്രിമാരും എഎൽഎമാരും ആയിരുന്ന കരുത്തരെ തീർത്തും സാധാരണക്കാരായ ടിവികെ സ്ഥാനാർത്ഥികൾ വീഴ്ത്തി. പെരമ്പൂരിൽ 50,000ലധികം വോട്ടിന് വിജയിച്ച വിജയ്ക്ക് തിരുച്ചി ഈസ്റ്റിൽ കാൽലക്ഷത്തിലധികം വോട്ടിൻ്റെ ലീഡ് ലഭിച്ചു. മുഖ്യമന്ത്രി എംകെ സ്റ്റാലിൻ 3 തവണ വിജയിച്ച കൊളത്തൂരിൽ ഡിഎംകെ മുൻ എംഎൽഎ വിഎസ് ബാബുവിനോട് തോറ്റത് ഡിഎംകെയ്ക്ക് താങ്ങാനാകാത്ത പ്രഹരമായി. വോട്ടെണ്ണലിൻ്റെ പകുതി വരെയും പിന്നിൽ നിന്ന മകൻ ഉദയനിധി സ്റ്റാലിൻ ചെപ്പോക്കിൽ കഷ്ടിച്ചാണ് കടന്നുകൂടിയത്. ദുരൈമുരുകനും പിടിആറും അൻപിൽ മഹേഷും ടിആർബി രാജയും അടക്കം ഒരു ഡസനിലേറെ മന്ത്രിമാർ നിലംപൊത്തി.
വിജയ്‍യെ നേരിട്ടെതിർക്കാതെ അവഗണിച്ച തീരുമാനത്തിന് ഡിഎംകെയ്ക്ക് കനത്ത വില നൽകേണ്ടി വന്നു. ബിജെപിയുമായി സഖ്യം ഉണ്ടാക്കാനുള്ള തീരുമാനം എഐഎഡിഎംകെയ്ക്കും തിരിച്ചടിയായി. ടിവികെ മുന്നേറ്റത്തിൻ്റെ വാർത്തകൾ വന്നയുടൻ നടി തൃഷ വിജയെ വീട്ടിലെത്തി അഭിനന്ദിച്ചു. പെരമ്പൂരിൽ ജയം ഉറപ്പിച്ച ശേഷം അഡയാറിലെ വീട്ടിലെത്തി അച്ഛനമ്മാരെ വിജയ് കണ്ടു. തുടർന്ന് ജയത്തിൻ്റെ സർട്ടിഫിക്കേറ്റ് വാങ്ങാൻ ലൊയോള കോളേജിൽ എത്തിയപ്പോൾ സിഎം വിളികളോടെ പ്രവർത്തകർ വരവേറ്റു. രജനീകാന്തും അജിത്തും സൂര്യയും അടക്കം താരങ്ങളും വിജയെ അഭിനന്ദിച്ച് രംഗത്തെത്തി. ഡിഎംകെ ആസ്ഥാനത്തെത്തിയ സ്റ്റാലിൻ തനിക്ക് വോട്ട്ചെയ്യാൻ മറന്നവർക്ക് വേണ്ടി കൂടിയായിരുന്നു ഭരണം എന്ന് എക്സിൽ കുറിച്ചു. കേവലഭൂരിപക്ഷമായ 118ലേക്ക് ടിവികെ തനിച്ചെത്തില്ലെന്ന് ഉറപ്പായി. വിജയ്ക്ക് പിന്തുണ കൊടുക്കാൻ ഡിഎംകെ എഐഎഎഡിഎംകെ
സഖ്യകക്ഷികൾ എത്തുമോയെന്നതാണ് ചോദ്യം. വിജയെ ഫോണിൽ വിളിച്ച രാഹുൽ ഗാന്ധി തമിഴ്നാടിടലെ യുവാക്കളുടെ താത്പര്യം അവഗണിക്കില്ലെന്ന് എക്സിൽ കുറിച്ചത് നിർണായക സൂചയെന്നാണ് വിലയിരുത്തൽ. കോൺഗ്രസിന് അഞ്ചും സിപിഎം, സിപിഐ, വിസികെ പാർട്ടികൾക്ക് 2 സീറ്റ് വീതവും ഉണ്ട്. ടിവികെ നേതാക്കൾ ബന്ധപ്പെട്ടെന്നും പാർട്ടി നേതൃയോഗം ചേർന്ന് തീരുമാനം എടുക്കുമെന്നും സിപിഎം വൃത്തങ്ങൾ പറഞ്ഞു. എഐഎഡിഎംകെയുമായി സഖ്യത്തിലെത്തി ഭരിക്കുക, 6 മാസത്തിനകം മറ്റൊരു തെരഞ്ഞടുപ്പിലേക്ക് പോവുക തുടങ്ങിയ സാധ്യതകളും വിജയ്ക്ക് മുന്നിലുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam