തൃണമൂലിനെ ഞെട്ടിച്ച് മമതയുടെ തോൽവി; ഭവാനിപൂരിൽ തോറ്റത് പഴയ വിശ്വസ്തൻ സുവേന്ദു അധികാരിയോട്

Published : May 04, 2026, 09:48 PM ISTUpdated : May 04, 2026, 09:51 PM IST
mamata, suvendu

Synopsis

പശ്ചിമ ബംഗാളിൽ മുഖ്യമന്ത്രി മമത ബാനർജിക്ക് സ്വന്തം കോട്ടയായ ഭവാനിപൂരിൽ ഞെട്ടിക്കുന്ന തോൽവി. ബിജെപി സ്ഥാനാർത്ഥി സുവേന്ദു അധികാരിയാണ്  മമതയെ പരാജയപ്പെടുത്തിയത്. ഈ പരാജയം തൃണമൂൽ കോൺഗ്രസിന് കനത്ത പ്രഹരമായി.

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോണ്‍ഗ്രസിനെ ഞെട്ടിച്ച് മമത ബാനർജിയുടെ തോൽവി. ബിജെപി സ്ഥാനാർത്ഥി സുവേന്ദു അധികാരിയോടാണ് പരാജയപ്പെട്ടത്. അഞ്ച് വർഷം മുമ്പ് നന്ദിഗ്രാമിൽ മമത ബാനർജിയെ പരാജയപ്പെടുത്തിയ സുവേന്ദു അധികാരി, 2026-ൽ ആ ചരിത്രം ആവർത്തിച്ചിരിക്കുകയാണ്. നന്ദിഗ്രാമിലല്ല, മറിച്ച് മമതയുടെ സ്വന്തം കോട്ടയായ കൊൽക്കത്തയിലെ ഭവാനിപൂരിലാണ് ഇത്തവണ സുവേന്ദു വിജയിച്ചത്. തന്റെ മുൻ നേതാവായ മമതയെ അവരുടെ സുരക്ഷിത താവളത്തിൽ ചെന്ന് പരാജയപ്പെടുത്തിയിരിക്കുകയാണ് സുവേന്ദു.

ആകെ വോട്ടെടുപ്പ് നടന്ന 293 സീറ്റുകളിൽ 200ലേറെ സീറ്റുകളിൽ ബിജെപി മുന്നേറുന്ന വേളയിൽ, മമതയുടെ ഈ വ്യക്തിപരമായ പരാജയം തൃണമൂൽ കോൺഗ്രസിന് ഇരട്ടി പ്രഹരമായി. മമത ബാനർജി താമസിക്കുന്ന കാളിഘട്ട് ഉൾപ്പെടുന്ന ഭവാനിപൂർ അവർ തന്റെ രാഷ്ട്രീയ ജീവിതം പടുത്തുയർത്തിയ മണ്ണാണ്. ഈ തെരഞ്ഞെടുപ്പിൽ ഭവാനിപൂരിലും നന്ദിഗ്രാമിലും വിജയം ഉറപ്പിച്ചതോടെ സുവേന്ദു അധികാരി തന്റെ രാഷ്ട്രീയ കരുത്ത് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്.

തിങ്കളാഴ്ച വോട്ടെണ്ണൽ ആരംഭിച്ചത് മുതൽ ഭവാനിപൂരിൽ ഉദ്വേഗജനകമായ നിമിഷങ്ങളായിരുന്നു. പോസ്റ്റൽ ബാലറ്റുകൾ എണ്ണിയപ്പോൾ സുവേന്ദുവിനായിരുന്നു മുൻതൂക്കം. എന്നാൽ ഏഴാം റൗണ്ട് എത്തിയപ്പോഴേക്കും മമത ശക്തമായി തിരിച്ചുവരികയും 19,000 വോട്ടുകളുടെ ഭൂരിപക്ഷം നേടുകയും ചെയ്തു. എന്നാൽ വൈകുന്നേരം 6:30 ഓടെ ഈ ലീഡ് 2,900 ആയി കുറഞ്ഞു. രാത്രി ഒൻപത് മണിക്ക് 18 റൗണ്ടുകൾ പൂർത്തിയായപ്പോൾ സുവേന്ദു 11,000 വോട്ടുകൾക്ക് മുന്നിലെത്തി.

അവസാന ഫലം പുറത്തുവന്നപ്പോൾ 15,000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സുവേന്ദു അധികാരി മമത ബാനർജിയെ പരാജയപ്പെടുത്തിയത്. ഭവാനിപൂരിലെ വോട്ടർമാർ മുഖ്യമന്ത്രിയെ കൈവിട്ടത് തൃണമൂൽ ക്യാമ്പിനെ ഞെട്ടിച്ചിട്ടുണ്ട്. ആർ.ജി. കർ മെഡിക്കൽ കോളേജ് സംഭവത്തെ തുടർന്നുണ്ടായ ജനരോഷം മമതയുടെ സ്ത്രീ സുരക്ഷാ പ്രതിച്ഛായയ്ക്ക് വലിയ മങ്ങലേൽപ്പിച്ചിരുന്നു. ഇതിനുപുറമെ എസ്.ഐ.ആർ പ്രക്രിയയും ഭവാനിപൂരിലെ വോട്ടെടുപ്പിൽ നിർണ്ണായകമായി. മമതയുടെ വിശ്വസ്തനായിരുന്ന സുവേന്ദു അധികാരി ബിജെപി പാളയത്തിലെത്തിയ ശേഷം തുടർച്ചയായി മമതയെ നേരിട്ടുള്ള പോരാട്ടത്തിൽ പരാജയപ്പെടുത്തുന്നത് ബംഗാൾ രാഷ്ട്രീയത്തിലെ പുതിയ അധികാര മാറ്റത്തിന്റെ അടയാളമായി മാറിക്കഴിഞ്ഞു. ബിജെപി ഇതാദ്യമായി ബംഗാളിൽ ഭരണത്തിലേറാൻ പോവുകയാണ്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സർക്കാരുണ്ടാക്കാൻ അതിവേഗ നീക്കവുമായി ടിവികെ, സിപിഎം നേതൃത്വത്തെ ബന്ധപ്പെട്ടു; വിജയിക്ക് രാഹുലിന്‍റെ അഭിനന്ദനം, കോൺഗ്രസ് കൈ കൊടുക്കുമോ?
സിപിഎം സ്ഥാനാർത്ഥി 18290 വോട്ടിന് തോറ്റു, ആകെ കിട്ടിയത് 6001 വോട്ട് മാത്രം; ബിജെപിക്ക് ത്രിപുരയിലെ ഉപതെരഞ്ഞെടുപ്പിൽ ജയം