
ചെന്നൈ: കരൂർ ആൾക്കൂട്ട ദുരന്തത്തിന് മുൻപ് ടിവികെ സ്ഥാപക നേതാവും നടനുമായ വിജയ്‍ക്ക് നേരെ ചെരുപ്പെറിയുന്ന ആളുടെ ദൃശ്യങ്ങൾ പുറത്ത്. ഒരു യുവാവ് ചെരുപ്പെറിയുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്. വിജയ്ക്ക് പിന്നിൽ നിന്നാണ് ഇയാൾ ചെരുപ്പെറിയുന്നത്. യുവാവ് എറിയുന്ന ചെരുപ്പ് വിജയ്‌യുടെ അടുത്ത് കൂടിയാണ് പോകുന്നത്. ആസൂത്രിതമായി ചെരുപ്പേറുണ്ടായി എന്നാണ് ടിവികെയുടെ പരാതി.
അതേസമയം, കരൂർ ദുരന്തത്തിൽ വിജയ്ക്കെതിരെ കേസെടുക്കാതിരുന്നത് മുഖ്യമന്ത്രി സ്റ്റാലിന്റെ നിർദ്ദേശപ്രകാരമെന്ന വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത്. സ്റ്റാലിൻ മയപ്പെടുത്തിയതോടെ, വിജയ് ആദ്യം തയ്യാറാക്കിയ വീഡിയോ പുറത്തുവിട്ടില്ലെന്ന വിവരവും പുറത്തുവന്നു. കരൂർ അപകടം അട്ടിമറിയെന്ന് ഉറച്ചുവിശ്വസിക്കുന്ന വിജയും ടിവികെ നേതാക്കളും ഡിഎംകെയെ കടന്നാക്രമിക്കുന്ന വീഡിയോയാണ് ആദ്യം തയ്യാറാക്കിയത്. എന്നാൽ സർക്കാരിന്റെ മൃദുസമീപനവും ആരെയും പഴിക്കാതെ സ്റ്റാലിൻ പുറത്തിറക്കിയ വീഡിയോയും ടിവികെയെ ആശയക്കുഴപ്പത്തിലാക്കി. തുടർന്ന് കടുത്ത വിമർശനങ്ങൾ നീക്കിയും സെന്തിൽ ബാലാജിയുടെ പേരെടുത്ത് പറയുന്ന ഭാഗങ്ങൾ ഒഴിവാക്കിയും പുതിയ വീഡിയോ ചിത്രീകരിച്ചുവെന്നാണ് വിവരം.
അതിനിടെ, വിജയ്ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തു. വിജയ്‌യെ കേസിൽ പ്രതിയാക്കാത്തത് ജീവൻ നഷ്ടമായ 41 പേരോടുള്ള അനീതിയാകുമെന്ന് ചൂണ്ടിക്കാട്ടി ചെന്നൈ സ്വദേശിയായ പി.എച്ച്.ദിനേശ് മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. 12 മണിക്ക് വരുമെന്ന് തെറ്റിദ്ധരിപ്പിച്ച വിജയ് ആണ് ദുരന്തത്തിന് കാരണമെന്നും ടിവികെ പ്രസിഡന്റിനെ ഒഴിവാക്കിയത് രാഷ്ട്രീയപ്രേരിതമായ കാരണങ്ങളാലെന്നും ഹർജിയിൽ ആരോപിക്കുന്നുണ്ട്. ജസ്റ്റിസ് സെന്തിൽ കുമാറിന്റെ ബെഞ്ച് നാളെ കേസ് പരിഗണിക്കും. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ടിവികെ ഹർജിയും ബുസി ആനന്ദും നിർമൽകുമാറും നൽകിയ മുൻകൂർ ജാമ്യാപേക്ഷയും നാളെ ഹൈക്കോടതിയുടെ മുന്നിലെത്തുന്നതിനാൽ അടുത്ത 24 മണിക്കൂർ വിജയ്ക്കും ഡിഎംകെയ്ക്കും നിർണായകമാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam