
ചെന്നൈ: ടിവികെ ഭാരവാഹികളുടെ യോഗം ഇന്ന് മഹാബലിപുരത്ത് നടക്കും. ഒരു മാസത്തിന് ശേഷം വിജയ് പാർട്ടി യോഗത്തിന് എത്തുന്നുവെന്നതാണ് സവിശേഷത. ജനനായകൻ, സിബിഐ ചോദ്യംചെയ്യൽ വിഷയങ്ങളിൽ വിജയ് പ്രതികരിക്കുമോ എന്നതിന്‍റെ ആകാംക്ഷയിൽ ആണ് രാഷ്ട്രീയകേന്ദ്രങ്ങൾ. രാവിലെ പത്തരയ്ക്കുശേഷമാണ് യോഗം. നിയമസഭ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കെ ടിവികെ പ്രവർത്തനങ്ങലിൽ വീണ്ടും സജീവമാകുകയാണ് വിജയ്. ഡിസംബർ 18ന് ഈറോഡിൽ നടന്ന പൊതുയോഗത്തിൽ ആണ് ടിവികെ അധ്യക്ഷൻ അവസാനം രാഷ്ട്രീയം പറഞ്ഞത്. നാലു ദിവസത്തിനുശേഷം മഹാബലിപുറത്ത് ടിവികെയൂടെ ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുത്തെങ്കിലും ബൈബിൾ വചനങ്ങൾ ഉദ്ധരിച്ച് ചുരുക്കം വാക്കുകളിൽ പ്രസംഗം ഒതുക്കിയിരുന്നു. അവസാന ചിത്രമായ ജനനായകന്‍റെ റിലീസിലൂടെ തമിഴകം നിറയമെന്ന് വിജയ് കണക്കുകൂട്ടിയിരുന്നെങ്കിലും സെൻസർ ബോർഡ് കുരുക്കിൽ കുടുങ്ങിയത് തിരിച്ചടിയായി. സിനിമയുമായി ബന്ധപ്പെട്ട കേസിൽ മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ചൊവ്വാഴ്ച ഉത്തരവ് പറയുമെങ്കിലും സുപ്രീം കോടതിയിലേക്ക് നിയമപോരാട്ടം നീളാനാണ് സാധ്യത.
ഇതിനിടയിൽ കരൂർ കേസുമായി ബന്ധപ്പെട്ട് രണ്ട് തവണ സിബിഐയുടെ ദില്ലി ഓഫീസിൽ വിജയ് ഹാജരാവുകയും ചെയ്തിരുന്നു. ജനനായകൻ സെൻസർ ബോർഡ് വിവാദത്തിലും സിബിഐ അന്വേഷണത്തിലും വിജയ് മൗനം പാലിക്കുന്നതിൽ ടിവികെ അണികൾക്കിടയിലും ആശയക്കുഴപ്പം പ്രകടമാണ് തമിഴ്നാട്ടിൽ പ്രസക്തിയില്ലാത്ത പാർട്ടികളെ കുറിച്ച് സംസാരിക്കാനില്ലെന്ന് ഈറോഡ് റാലിയിൽ വിജയ് പ്രസംഗിച്ചിരുന്നു. മാറിയ സാഹചര്യതയിൽ മഹാബലിപുരത്തെ ഭാരവാഹി യോഗത്തിലും വിജയ് മൗനം പാലിച്ചാൽ വിമര്‍ശനം ഉയർന്നേക്കും. ടിവികെ പാളയത്തിലേക്ക് നീങ്ങാൻ ഒരുങ്ങിയിരുന്ന ടി ടി വി ദിനകരൻ അമിത് ഷാ നേരിട്ട് നടത്തിയ ഓപ്പറേഷനിലൂടെ എൻഡിഎയിലേക്ക് തിരിച്ചെത്തിയത് വിജയ്ക്ക് തിരിച്ചടിയാണ്. മത്സരം ഡിഎംകെയും ടിവികെയും തമ്മിൽ ആണെന്ന അവകാശവാദം ആവർത്തിച്ച് പ്രവർത്തകർക്കും ആത്മവിശ്വാസം നൽകാൻ വിജയ് ശ്രമിച്ചേക്കും. ടിവികെയ്ക്ക് തെരഞ്ഞടുപ്പ് കമ്മീഷൻ വിസിൽ ചിഹ്നം അനുവദിച്ചതിനുശേഷമുള്ള ആദ്യ യോഗം കൂടിയാണ് ഇന്നത്തേത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam