
ചെന്നൈ: തമിഴക വെട്രി കഴകം റാലിയിൽ തിക്കിലും തിരക്കിലും പെട്ട് മരണ സംഖ്യ ഉയരുന്ന സാഹചര്യത്തിൽ പ്രതികരിച്ച് പ്രസിഡന്റ് വിജയ്. എക്സിലൂടെയാണ് വിജയ്യുടെ പ്രതികരണം. ‘എന്റെ ഹൃദയം തകർന്നിരിക്കുന്നു; അസഹനീയമായ വേദനയിലും ദുഃഖത്തിലും ആണ് ഞാൻ. കരൂരിൽ ജീവൻ നഷ്ടപ്പെട്ട നമ്മുടെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരുടെ കുടുംബങ്ങൾക്ക് എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.’ എന്നാണ് വിജയ് പ്രതികരിച്ചത്.
വിജയ് സംഭവ സ്ഥലത്ത് നിന്ന് തിരിച്ച് ചെന്നൈയിൽ എത്തി. വിജയ് യുടെ വീടിന് മുന്നിൽ പൊലീസ് സുരക്ഷ കൂട്ടിയിരിക്കുകയാണ്. റാലിയിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം കൂടുന്നു. ഇതുവരെ 38 പേർ മരിച്ചതായി കരൂർ മെഡിക്കൽ സൂപ്രണ്ട് അറിയിച്ചു. മരിച്ചവരിൽ 12 കുട്ടികളും ഉൾപ്പെടുന്നതായാണ് റിപ്പോർട്ട്. 12 പേർ അതീവ ഗുരുതരാവസ്ഥയിലാണ്. 58 പേർ വിവിധയിടങ്ങളിലായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. കുഴഞ്ഞുവീണ മൂന്ന് കുട്ടികളെ ഐസിയുവിലേക്ക് മാറ്റിയിട്ടുണ്ട്. അതേസമയം, മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോർട്ടുകൾ. തിക്കിലും തിരക്കിലും പെട്ട് ആളുകൾ കുഴഞ്ഞുവീഴുകയായിരുന്നു. വിജയ്‌യുടെ കരൂർ റാലിയിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. സംഭവത്തെ തുടർന്ന് വിജയ് പ്രസംഗം പൂർത്തിയാക്കാതെ കാരവാനിലേക്ക് മടങ്ങി. സംഭവത്തിൽ വിജയ്ക്കെതിരെ കേസെടുക്കാനാണ് സാധ്യത.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam