
ചെന്നൈ: തമിഴക വെട്രി കഴകം (ടിവികെ) കരൂരിൽ സംഘടിപ്പിച്ച റാലിയില്‍ തിക്കിലും തിരക്കിലും പെട്ട് 39 പേർ മരിച്ച സാഹചര്യത്തിൽ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ തിരുച്ചിറപ്പള്ളിയിൽ എത്തി. റോഡ് മാർഗമാണ് മുഖ്യമന്ത്രി കരൂരിലേക്ക് യാത്ര ചെയ്യുന്നത്. സംഭവത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് തമിഴ്നാട് സർക്കാർ 10 ലക്ഷം രൂപ ധനസഹായമായി പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവർക്ക് 1 ലക്ഷം രൂപയും ധനസഹായമായി നൽകും. തമിഴ്നാടിന് ആവശ്യമെങ്കിൽ സഹായം വാഗ്ദാനം ചെയ്ത് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതായും മുഖ്യമന്ത്രി കത്തിൽ പറഞ്ഞു.
തമിഴ്നാട് ആരോഗ്യമന്ത്രി ശ്രീ. മാ സുബ്രഹ്മണ്യത്തെ ഫോണിൽ വിളിച്ചുവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് ഫേസ്ബുക്കിൽ കുറിച്ചു. കേരളത്തിൽ നിന്നുള്ള ആരോഗ്യ പ്രവർത്തകരുടെ ടീമിനെ ആവശ്യമെങ്കിൽ കരൂരിലേക്ക് അയക്കുന്നതിന് മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട് എന്ന് അദ്ദേഹത്തെ അറിയിച്ചുവെന്നും കേരളത്തിന്റെ പിന്തുണ ഉറപ്പ് നൽകിയിട്ടുണ്ടെന്നും മന്ത്രി.
സംഭവം നടന്ന് മണിക്കൂറുകൾക്ക് ശേഷം എക്സിലൂടെ ടിവികെ പ്രസിഡന്റ് വിജയ് പ്രതികരിച്ചു. ‘എന്റെ ഹൃദയം തകർന്നിരിക്കുന്നു; അസഹനീയമായ വേദനയിലും ദുഃഖത്തിലും ആണ് ഞാൻ. കരൂരിൽ ജീവൻ നഷ്ടപ്പെട്ട നമ്മുടെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരുടെ കുടുംബങ്ങൾക്ക് എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.’ എന്നാണ് വിജയ് പ്രതികരിച്ചത്. തിരുച്ചിറപ്പള്ളി വിമാനത്താവളത്തിലെത്തിയ വിജയ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നില്ല. ദുരന്തത്തിന് ശേഷമാണ് വിജയ് തിരുച്ചിറപ്പള്ളിയിലെത്തിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam