
ചെന്നൈ: വിജയ്‌യുടെ കരൂർ സന്ദർശനവുമായി ബന്ധപ്പെട്ട് ഡിജിപിക്ക് മുന്നിൽ അസാധാരണ ഉപാധികളുമായി ടിവികെ. തിരുച്ചിറപ്പള്ളി വിമാനത്താവളം മുതൽ പരിപാടി നടക്കുന്ന വേദി വരെ വിട്ടുവീഴ്ചയില്ലാത്ത സുരക്ഷ നൽകണമെന്നും ടൂവീലറിൽ പോലും ആരും പിന്തുടരാൻ അനുവദിക്കരുതെന്നും ടിവികെ വെച്ച ഉപാധികളിൽപ്പെടുന്നു. വിമാനത്താവളത്തിൽ സായുധ പൊലീസ് സംഘത്തെ നിയോഗിക്കണം, കരൂരിലെ വേദിക്ക് ചുറ്റും ഒരു കിലോമീറ്റർ സുരക്ഷ ഇടനാഴി രൂപീകരിക്കണം, മാധ്യമപ്രവർത്തകർക്ക് നിയന്ത്രണം ഏർപ്പെടുത്തണം, ദുരന്തബാധിതരുടെ കുടുംബാംഗങ്ങൾ, ടിവികെ നേതാക്കൾ, വിജയ്‌യുടെ സുരക്ഷാ ജീവനക്കാർ തുടങ്ങിയവർക്ക് മാത്രമായിരിക്കണം അകത്തേക്ക് പ്രവേശനം എന്നിവയും ഉപാധികളിൽപ്പെടുന്നു.
ജില്ലാ പൊലീസ് മേധാവിക്ക് ടിവികെ നൽകുന്ന യാത്രാക്രമം ആണ് പരിഗണിക്കേണ്ടതെന്നും കത്തിൽ പറയുന്നുണ്ട്. ടിവികെയുടെ അഭിഭാഷകനാണ് ഡിജിപിക്ക് ഇതുസംബന്ധിച്ച കത്ത് നൽകിയത്. വൈ കാറ്റഗറി സുരക്ഷ ഉള്ളതിനാൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും പകർപ്പ് നൽകിയിട്ടുണ്ട്. അതേസമയം, ടിവികെയുടേത് വിചിത്രമായ ആവശ്യങ്ങളാണെന്നും സമാനമായ കത്ത് ഇതിനു മുൻപ് ആരും നൽകിയിട്ടില്ലെന്നും പൊലീസ് വൃത്തങ്ങൾ പറയുന്നു. നിയമസഭ സമ്മേളനം തുടങ്ങുന്ന 14ന് മുൻപ് അനുമതി നൽകണമെന്നാണ് ടിവികെ ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് സൂചന.
വിജയ്‌യുടെ വീട്ടിൽ വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ചയാൾ പിടിയിലായി. ഷഫീക്ക് എന്ന യുവാവാണ് അറസ്റ്റിലായത്. ചെന്നൈയിലെ സ്വകാര്യ ഹോട്ടൽ ജീവനക്കാരനാണ് ഇയാൾ എന്നാണ് സൂചന. ചെന്നൈയിൽ നിന്നുമാണ് യുവാവ് അറസ്റ്റിലായത്. ചെന്നൈ നീലാഗ്രയിലെ വീടിനാണ് ബോംബ് ഭീഷണി ഉണ്ടായത്. തുടർന്ന് ബോംബ് സ്ക്വാഡ് രാത്രിയിൽ വീട്ടിലെത്തുകയും പരിശോധന നടത്തുകയും ചെയ്തിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam