
പറ്റ്ന: ആറു കോടി രൂപ ചെലവിൽ നിർമ്മിച്ച പാലം നാല് വർഷത്തിനിപ്പുറവും ഒരുപയോഗവുമില്ലാതെ നശിക്കുകയാണ്. നാല് വർഷം മുൻപ് പാലം പണി പൂർത്തിയായെങ്കിലും അപ്രോച്ച് റോഡില്ലാത്തതാണ് കാരണം. വെള്ളപ്പൊക്ക സാധ്യതയുള്ള മേഖലയിൽ ഗ്രാമീണർക്ക് ജില്ലാ ആസ്ഥാനത്തേക്ക് എളുപ്പത്തിൽ എത്താനുള്ള റോഡാണ് ആർക്കും ഉപയോഗമില്ലാതെ കിടക്കുന്നത്. ബിഹാറിലെ കതിഹാർ ജില്ലയിലെ ദണ്ഡഖോഡയിലെ പസന്ത പാലത്തെ കുറിച്ചാണ്.
നേരത്തെയും ഈ പാലം വാർത്തകളിൽ നിറഞ്ഞിട്ടുണ്ട്. വർഷങ്ങൾ കഴിഞ്ഞിട്ടും ഒരു മാറ്റവുമില്ല. പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന പ്രകാരമാണ് പാലം നിർമിച്ചത്. പ്രാദേശിക റോഡുകളുമായി ബന്ധിപ്പിക്കേണ്ട അപ്രോച്ച് റോഡുകൾ പൂർത്തിയാകാത്തതാണ് പ്രതിസന്ധി. പസന്ത പാലം ദൂരെ നിന്ന് നോക്കുമ്പോൾ പ്രശ്നമൊന്നുമില്ല. വെള്ളപ്പൊക്ക സാധ്യതയുള്ള ഗ്രാമങ്ങളിലെ ജനങ്ങൾക്ക് ഉപകാരപ്പെടാൻ വേണ്ടിയാണ് റോഡ് നിർമിച്ചത്. വെള്ളപ്പൊക്കമുണ്ടായാൽ എത്താനാവാത്ത വിധം ഗ്രാമങ്ങൾ ഒറ്റപ്പെട്ടു പോവുന്നത് തടയുകയായിരുന്നു ലക്ഷ്യം. പന്ത്രണ്ടോളം ഗ്രാമങ്ങൾക്ക് ജില്ലാ ആസ്ഥാനത്തേക്ക് വഴിയൊരുക്കാനും ലക്ഷ്യമിട്ടു. നിലവിൽ ചുറ്റിവളഞ്ഞേ എത്താനാവൂ.
പാലത്തിന്‍റെ പണി 2020 സെപ്റ്റംബർ 3-ന് ആരംഭിച്ചു. 2021 സെപ്റ്റംബറിൽ പണി പൂർത്തിയാക്കണമെന്നാണ് കരാറുകാർക്ക് നിർദേശം നൽകിയത്. പാലം പണി പൂർത്തിയായി. എന്നാൽ അപ്രോച്ച് റോഡിനുള്ള ഭൂമി ഏറ്റെടുക്കൽ എങ്ങുമെത്തിയില്ലെന്ന് നാട്ടുകാർ പറയുന്നു. ആവശ്യമായ സ്വകാര്യ ഭൂമി ഏറ്റെടുക്കാതെയാണ് പദ്ധതിയുടെ വിശദമായ പ്രോജക്ട് റിപ്പോർട്ട് (ഡി പി ആർ) തയ്യാറാക്കിയതെന്ന് നാട്ടുകാർ ആരോപിച്ചു. അതാണ് പാലം ഒരു 'വെള്ളാന'യായി തീരാൻ കാരണമെന്ന് പ്രദേശവാസികൾ പറയുന്നു. കതിഹാർ ജില്ലാ ഓഫീസർ മനീഷ് മീണ വിഷയം അന്വേഷിക്കാമെന്ന് പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.