പൗരത്വ പ്രതിഷേധങ്ങളെ പിന്തുണക്കുന്നുവോ?; സദ്ഗുരുവിന്‍റെ പോളില്‍ അതെയെന്ന് മറുപടിയുമായി ട്വിറ്റര്‍ യൂസര്‍മാര്‍

By Web TeamFirst Published Dec 31, 2019, 1:01 PM IST
Highlights

പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രക്ഷോഭം നീതിപൂര്‍വമാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ എന്ന ചോദ്യത്തോടൊപ്പം പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് ജഗ്ഗി വാസുദേവ് നടത്തിയ പ്രസംഗം ഉള്‍പ്പെടുത്തിയായിരുന്നു ട്വീറ്റ്.

ദില്ലി: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭം ശക്തിപ്പെടുന്ന സാഹചര്യത്തില്‍ നിയമ ഭേദഗതിയെ അനുകൂലിക്കുന്നുവോ എതിര്‍ക്കുന്നുവോ എന്നു ചോദിച്ച് സദ്ഗുരു ജഗ്ഗി വാസുദേവിന്‍റെ സ്ഥാപനമായ ഇഷ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ട്വിറ്റര്‍ പോളില്‍ ഭൂരിപക്ഷം പേരും പൗരത്വ നിയമ ഭേദഗതിയെ എതിര്‍ത്ത് വോട്ട് ചെയ്തു. ഓണ്‍ലൈന്‍ മാധ്യമമായ ദ ക്വിന്‍റ് ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 

തിങ്കളാഴ്ചയാണ് ഇഷ ഫൗണ്ടേഷന്‍റെ ട്വിറ്റര്‍ പേജില്‍ പോള്‍ പ്രത്യക്ഷപ്പെട്ടത്. പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രക്ഷോഭം നീതിപൂര്‍വമാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ എന്ന ചോദ്യത്തോടൊപ്പം പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് ജഗ്ഗി വാസുദേവ് നടത്തിയ പ്രസംഗം ഉള്‍പ്പെടുത്തിയായിരുന്നു ട്വീറ്റ്. എന്നാല്‍, പോളില്‍ 62 ശതമാനം പേരും പൗരത്വ നിയമ ഭേദഗതിയെ എതിര്‍ക്കുകയും പ്രക്ഷോഭങ്ങളെ അനുകൂലിക്കുകയും ചെയ്തു. പോള്‍ ഫലം എതിരായതോടെ ഇഷാ ഫൗണ്ടേഷന്‍ പേജ് നീക്കം ചെയ്തെങ്കിലും സ്ക്രീന്‍ ഷോട്ടുകള്‍ ട്വിറ്ററില്‍ പ്രചരിച്ചു. 

Polls being conducted on social media on are proving to be quite revealing (and some are now being deleted) pic.twitter.com/fmsWQlX2Br

— Saikat Datta (saikatd@mstdn.social) (@saikatd)

ഹിന്ദി ദിനപത്രമായ ദൈനിക് ജാഗരണും പൗരത്വ നിയമ ഭേദഗതിയില്‍ ട്വിറ്റര്‍ പോള്‍ നടത്തി. പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള സമരങ്ങള്‍ വോട്ട് ബാങ്ക് രാഷ്ട്രീയമാണോ എന്നായിരുന്നു ദൈനിക് ജാഗരണിന്‍റെ ചോദ്യം. അല്ലെന്ന് 54.1 ശതമാനം പേരും അഭിപ്രായപ്പെട്ടു. സീ ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫ് സുധീര്‍ ചൗധരി ഫേസ്ബുക്കില്‍ നടത്തിയ പോളിലും പൗരത്വ നിയമ ഭേദഗതിയെ 64 ശതമാനം പേരും എതിര്‍ത്തു.

തന്‍റെ പോളിനെ ചിലര്‍ ഹൈജാക്ക് ചെയ്തെന്ന് ട്വിറ്ററില്‍ പറഞ്ഞു. മോദിയുടെ രണ്ടാം ടേം ഭരണത്തില്‍ സംതൃപ്തിയുണ്ടോ എന്ന ചോദ്യവുമായി വാര്‍ത്താചാനലായ സിഎന്‍ബിസി നടത്തിയ പോളില്‍ 62 ശതമാനം പേരും അല്ല എന്നുത്തരം നല്‍കി. എന്നാല്‍, ഈ പോള്‍ സിഎന്‍ബിസി പിന്‍വലിച്ചു. 

click me!