ഇന്ത്യയുടെ തെറ്റായ ഭൂപടം ട്വിറ്റര്‍ പേജില്‍ നിന്ന് നീക്കി

By Web TeamFirst Published Jun 28, 2021, 10:31 PM IST
Highlights

ഐടി ചട്ടങ്ങൾ നടപ്പാക്കുന്ന കാര്യത്തിൽ ട്വിറ്ററും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള ഏറ്റുമുട്ടൽ നിയമ മന്ത്രി രവിശങ്കര്‍ പ്രസാദിന്‍റെ ട്വിറ്റര്‍ അക്കൗണ്ട് ലോക്ക് ചെയ്യുന്നതിൽ വരെ എത്തിയിരുന്നു. ആ വിവാദം കെട്ടടങ്ങും മുമ്പാണ് ഇന്ത്യ ഭൂപടം തെറ്റിച്ചു എന്ന വിവാദം ഉയര്‍ന്നത്. 

ദില്ലി: ജമ്മുകശ്മീരും ലഡാക്കും ഇല്ലാതെ ട്വിറ്റർ പേജിൽ നൽകിയ ഇന്ത്യയുടെ വിവാദ ഭൂപടം ട്വിറ്റർ തന്നെ പിൻവലിച്ചു. ഇന്ത്യയുടെ ഭൂപടം തെറ്റായി നൽകിയതിനെതിരെ സർക്കാർ ശക്തമായ നടപടിയിലേക്ക് നീങ്ങുമെന്ന സൂചനകൾക്കിടെയാണ് ട്വിറ്റർ തന്നെ ഭൂപടം നീക്കിയത്. ട്വിറ്റർ പേജിൽ നൽകിയിരുന്ന ഭൂപടം അനുസരിച്ച് ജമ്മുകശ്മീരും ലഡാക്കും ഇന്ത്യയുടെ ഭാഗമല്ലായിരുന്നു. ഈ ഭൂപടം നീക്കിയ ട്വിറ്റർ പിഴവ് പരിശോധിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ഐടി ചട്ടങ്ങൾ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ട്വിറ്ററും സർക്കാരും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുന്നതിനിടെയാണ് ഇന്ത്യയുടെ ഭൂപടം തെറ്റായി ട്വിറ്റർ പേജിൽ വന്നത്. അതിനിടെ പരാതികൾ പരിഹരിക്കാനുള്ള ഉദ്യോഗസ്ഥനായി അമേരിക്കൻ പൗരനെ നിയമിച്ച സംഭവത്തിലും ട്വിറ്ററിനെതിരെ സർക്കാർ നിലപാട് കടുപ്പിക്കുകയാണ്. ചട്ടം അനുസരിച്ച് ഇന്ത്യന്‍ പൗരന്മാരെയാണ് ഈ സ്ഥാനത്ത് നിയമിക്കേണ്ടത്.  ട്വിറ്റർ നിയമിച്ച ഇന്ത്യക്കാരനായ ഉദ്യോഗസ്ഥൻ രാജിവെച്ചതിന് പിന്നാലെയാണ് ആ സ്ഥാനത്ത് അമേരിക്കൻ പൗരനെ ട്വിറ്റർ നിയമിച്ചത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!