
പോളണ്ട്: സുമിയിൽ(sumi)നിന്നുള്ള വിദ്യാർത്ഥികളുമായി രണ്ടു വിമാനങ്ങൾ ദില്ലിക്ക് തിരിച്ചു. വ്യോമസേന വിമാനം പുലർച്ചെയോടെ ദില്ലിയിലെത്തും. സുമിയിൽ നിന്ന് ഒഴിപ്പിച്ച വിദ്യാർഥികൾ (inda\in students)ഇന്ന് യുക്രെയ്ൻ (polland) അതിർത്തി കടന്ന് പോളണ്ടിലെത്തിയിരുന്നു. 694 വിദ്യാർത്ഥികൾ ആണ് പോളണ്ടിലെത്തിയത്. സുമിയിൽ നിന്ന് ഒഴിപ്പിച്ച വിദ്യാർഥികൾക്കായി പോളണ്ട്, അതിർത്തിയിൽ ബസുകൾ എത്തിച്ചിരുന്നു. പോളണ്ട് പൊലീസ് സേനയും സുരക്ഷയും ഒരുക്കി .
സുമിയിലടക്കം റഷ്യ വെടി നിർത്തൽ പ്രഖ്യാപിച്ചതോടെയാണ് മാനുഷിക ഇടനാഴി വഴി ആദ്യമായി ഇന്ത്യൻ വിദ്യാർഥികളെ യുദ്ധ ഭൂമിയിൽ നിന്ന് തിരിച്ചെത്തിച്ചത്. സുമിയിലെ വിദ്യാർഥികൾക്ക് യുക്രെയ്ൻ സൗകര്യമൊരുക്കിയിരുന്നു. അവിടെ നിന്നുള്ള ട്രെയിനിൽ കയറ്റിയ ശേഷം പാസ്പോർട്ട് പരിശോധന അടക്കം നടത്തിയാണ് അയച്ചത്. പോളണ്ട് അതിർത്തിയിലെത്തിയ വിദ്യാർഥികൾക്ക് ഇവിടുത്തെ നടപടികൾ കൂടി ഇനി പൂർത്തിയാക്കണം. അതുകഴിഞ്ഞാൽ ഇന്ത്യയിലേക്ക് തിരിക്കാമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. അതുവരെയുള്ള താമസവും ഭക്ഷണവും അടക്കമുള്ള സൗകര്യങ്ങൾ പോളണ്ടും വോളണ്ടിയർമാരും ചേർന്ന് ഒരുക്കിയിട്ടുമുണ്ട്.
രണ്ടാഴ്ചയായി സുമിയിൽ കുടുങ്ങിക്കിടന്ന 694 ഇന്ത്യൻ വിദ്യാർഥികളെ കഴിഞ്ഞ ദിവസം സുരക്ഷിതമായി പോൾട്ടോവയിൽ എത്തിച്ചു. ശേഷം പടിഞ്ഞാറൻ നഗരമായ ലവീവിലേക്ക് ട്രെയിനിൽ എത്തുന്ന വിദ്യാർത്ഥികളെ പിന്നീട് പോളണ്ട് അതിർത്തിയിൽ എത്തിക്കുകയായിരുന്നു. ഇതോടെ യുക്രൈനിലെ ഇന്ത്യയുടെ രക്ഷാദൗത്യം ആശ്വാസകരമായ അന്തിമഘട്ടത്തിലേക്ക് എത്തുകയാണ്.
സുമിയിൽ നിന്ന് മധ്യ യുക്രെയ്ൻ നഗരമായ പോൾട്ടോവയിലേക്കുള്ള ദൂരം 174 കിലോമീറ്റർ. സാധാരണ മൂന്നര മണിക്കൂറിൽ തീരുന്ന യാത്ര. എന്നാൽ യുദ്ധഭൂമിയിലൂടെയുള്ള സങ്കീർണ്ണ രക്ഷാ ദൗത്യത്തിൽ സാധാരണയിലും ഇരട്ടിയിലേറെ സമയമെടുത്താണ് വിദ്യാർത്ഥികളെ പോൾട്ടോവയിൽ എത്തിച്ചത്. രണ്ടാഴ്ചയായി ബങ്കറുകളിലും ഭൂഗർഭ അറകളിലും കഴിഞ്ഞ വിദ്യാർഥികൾ പലരും നന്നേ ക്ഷീണിതർ ആണ്. റഷ്യയുമായും യുക്രൈനുമായും ഇന്ത്യ നിരന്തരം നടത്തിയ നയതന്ത്ര ചർച്ചകൾക്ക് ഒടുവിലാണ് മാനുഷിക ഇടനാഴി തുറന്നു കിട്ടിയത്. തുടക്കത്തിൽ പലതവണ ആശങ്കകൾ ഉയർന്ന മാനുഷിക ഇടനാഴിയിലൂടെ വിജയകരമായി പൗരന്മാരെ പുറത്തെത്തിച്ച ആദ്യ രാജ്യമായി ഇന്ത്യ മാറുകയാണ്.
ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പിന്നാലെ വിദേശികളും സ്വദേശികളുമായി അയ്യായിരത്തോളം പേരും സുമിയിൽ നിന്ന് രക്ഷപ്പെട്ട് പോൾട്ടോവയിൽ എത്തിയിരുന്നു. പോൾട്ടോവയിൽ നിന്ന് ട്രെയിനിൽ യാത്ര തുടങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികളെ പടിഞ്ഞാറൻ അതിർത്തി നഗരമായ ലവീവിൽ എത്തിച്ച ശേഷമാണ് ഇവിടെ നിന്ന് പോളണ്ട് അതിർത്തിയിൽ എത്തിയത്. ഇന്നലേയും റഷ്യ വെടിനിർത്തൽ പ്രഖ്യാപിച്ചത് വിദ്യാർഥികളുടെ തുടർ യാത്ര സുഗമമാക്കിയിരുന്നു. പ്രധാന നഗരങ്ങളിൽ എല്ലാം വെടിനിർത്തുമെന്നും മാനുഷിക ഇടനാഴികളിൽ ഒരാക്രമണവും ഉണ്ടാകില്ലെന്നും റഷ്യൻ സൈനിക വക്താവ് അറിയിച്ചു. പോളണ്ടിൽ എത്തിയ ഇന്ത്യൻ വിദ്യാർത്ഥികളെ നാട്ടിൽ എത്തിക്കാൻ വിമാനങ്ങൾ അടക്കം തയ്യാറാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. സുമി രക്ഷാദൗത്യത്തിൽ യുക്രെയ്ൻ അതിർത്തി കടന്നവർ കൂടി രാജ്യത്തെത്തുമ്പോൾ ഇന്ത്യയുടെ ഓപ്പറേഷൻ ഗംഗ വിജയകരമായ അന്തിമഘട്ടത്തിലേക്ക് എത്തുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam