ആശുപത്രി മോർച്ചറിയിൽ രണ്ട് മൃതദേഹങ്ങൾക്ക് കണ്ണ് നഷ്ടമായി; എലി കടിച്ചെന്ന് റിപ്പോർട്ട്, ​ഗുരുതരമായ അശ്രദ്ധ

By Web TeamFirst Published Jan 21, 2023, 4:46 PM IST
Highlights

സാഗർ ജില്ലാ ആശുപത്രിയിലെ മൃതദേഹങ്ങളുടെ കണ്ണുകൾ എലികൾ കടിച്ചുകീറിയതായാണ് വിവരം. ആദ്യ കേസ് ജനുവരി 4 നും രണ്ടാമത്തേത് ജനുവരി 19 നും ആണ് റിപ്പോർട്ട്.

ഭോപ്പാൽ: മധ്യപ്രദേശിലെ ആശുപത്രി മോർച്ചറിയിൽ നിന്ന് 15 ദിവസത്തിനുള്ളിൽ രണ്ട് മൃതദേഹങ്ങളിൽ നിന്ന് ഓരോ കണ്ണ്  കാണാതായി. സാഗർ ജില്ലാ ആശുപത്രിയിലെ മൃതദേഹങ്ങളുടെ കണ്ണുകൾ എലികൾ കടിച്ചുകീറിയതായാണ് വിവരം. ആദ്യ കേസ് ജനുവരി 4 നും രണ്ടാമത്തേത് ജനുവരി 19 നും ആണ് റിപ്പോർട്ട്.

അമേത് ഗ്രാമത്തിലെ 32 കാരനായ മോത്തിലാലിന്റേതാണ് ഒരു മൃതദേഹം. ഒരു ഫാമിൽ ബോധരഹിതനായി വീണ മോത്തിലാലിനെ  കുടുംബാംഗങ്ങൾ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിലെ ഒപിഡിയിൽ മരിച്ചതായി സ്ഥിരീകരിച്ചു. രാവിലെ പോസ്റ്റ്‌മോർട്ടത്തിനായി ഡോക്ടർ എത്തിയപ്പോഴാണ് മൃതദേഹത്തിന്റെ ഒരു കണ്ണ് നഷ്ടപ്പെട്ടതായി കണ്ടത്. ആ സമയം ഡീപ് ഫ്രീസറിന്റെ തകരാർ മൂലം മൃതദേഹം മോർച്ചറിയിൽ തുറന്ന മേശപ്പുറത്ത് സൂക്ഷിച്ചിരിക്കുകയായിരുന്നു.

25 കാരനായ രമേഷ് അഹിവാറിന്റേതാണ് രണ്ടാമത്തെ മൃതദേഹം. രമേഷിനെ ജനുവരി 16 ന് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും വെന്റിലേറ്റർ സഹായത്തോടെ ചികിത്സ നൽകുകയും ചെയ്തു. പിറ്റേന്ന് രാത്രി മരിച്ചു. ആരെയും അറിയിക്കാതെ ജനുവരി 15ന് രമേശ് എങ്ങോട്ടോ പോയിരുന്നു. അടുത്ത ദിവസം പരിക്കേറ്റ നിലയിൽ കണ്ടെത്തുകയും തുടർന്ന് ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. വിഷയം മെഡിക്കോ ലീഗൽ ആയതിനാൽ ആശുപത്രി മാനേജ്‌മെന്റ് രണ്ടുതവണ പൊലീസിനെ വിളിച്ചു. ജനുവരി 19ന് ഡീപ് ഫ്രീസറിൽ നിന്ന് മൃതദേഹം പുറത്തെടുക്കുമ്പോൾ ഒരു കണ്ണ് നഷ്ടപ്പെട്ടിരുന്നു. മൃതദേഹം സാധാരണഗതിയിൽ പ്രവർത്തിക്കുന്ന മോർച്ചറിയിലെ ഫ്രീസറിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് ജില്ലാ ആശുപത്രി റസിഡന്റ് മെഡിക്കൽ ഓഫീസർ ഡോ.അഭിഷേക് താക്കൂർ പറഞ്ഞു. മൃതദേഹത്തിന്റെ കണ്ണിൽ എലി കടിച്ചുകീറാനുള്ള സാധ്യതയിലേക്കാണ് പ്രാഥമികാന്വേഷണം വിരൽചൂണ്ടുന്നത്. മോർച്ചറിയിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകൾ പരിശോധിച്ചുവരികയാണ്. വിശദമായ അന്വേഷണത്തിന് ശേഷം തുടർ നടപടി സ്വീകരിക്കും. ആശുപത്രിയിലെ ചീഫ് മെഡിക്കൽ ഹെൽത്ത് ഓഫീസർ  ഡോ. മംമ്ത തിമോരി, സിവിൽ സർജൻ ഡോ. ജ്യോതി ചൗഹാൻ ഉൾപ്പെടെ നാല് മെഡിക്കൽ ഓഫീസർമാർക്ക് നോട്ടീസ് നൽകുകയും 48 മണിക്കൂറിനുള്ളിൽ മറുപടി തേടുകയും ചെയ്തിട്ടുണ്ട്.

Read Also: 'ജീവനുള്ള കാലത്തോളം പോരാടും'; തനിക്കെതിരായ ആരോപണങ്ങൾക്ക് ബിജെപിക്ക് മറുപടിയുമായി സ്വാതി മലിവാൾ

 
 

click me!