തെരഞ്ഞെടുപ്പിന് മുമ്പേ രണ്ട് വമ്പന്മാരെ നഷ്ടപ്പെട്ടു, ചേക്കേറിയത് ബിജെപിയിൽ; ​ഗുജറാത്തിൽ കോൺ​ഗ്രസിന് കടുപ്പം

By Web TeamFirst Published Nov 9, 2022, 8:56 PM IST
Highlights

രാഹുൽ ​ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്കാണ് കോൺ​ഗ്രസ് പ്രാധാന്യം നൽകുന്നത്. സംസ്ഥാനങ്ങളിൽ പ്രാദേശിക ഘടകം പ്രചാരണത്തിന് ചുക്കാൻ പിടിക്കുമെന്നാണ് ദേശീയനേതാക്കൾ പറയുന്നത്.

അഹമ്മദാബാദ്: ​ഗുജറാത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനത്തെ രണ്ട് പ്രധാന നേതാക്കൾ ബിജെപിയിലേക്ക് ചേക്കേറിയത് പാർട്ടിക്ക് കനത്ത തിരിച്ചടിയായി. ആദിവാസി മേഖലയിൽ സ്വാധീനമുള്ള നേതാവും  പത്തുതവണ എംഎൽഎയുമായിരുന്ന മോഹൻസിൻഹ് രത്‍വ പാർട്ടി വിട്ടതിന്റെ ക്ഷീണം മാറും മുമ്പേ, സൗരാഷ്ട്രയിലെ പ്രധാന നേതാവും തലാല മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയുമായ ബരാഡ് പാർട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നു. തെര‍ഞ്ഞെടുപ്പിന് ഒരുമാസം മാത്രം ശേഷിക്കിയാണ് മുതിർന്ന നേതാക്കൾ പാർട്ടി വിടുന്നത്. ​ഗുജറാത്ത് നിയമസഭയിൽ പ്രധാന പ്രതിപക്ഷമാണ് കോൺ​ഗ്രസ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 77 സീറ്റ് നേടിയെങ്കിലും ഇപ്പോൾ 66  എംഎൽഎമാർ മാത്രമേ കൂടെയുള്ളൂ. സംസ്ഥാനത്തെ രണ്ടാമത്തെ പ്രധാന പാർട്ടിയാണെങ്കിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വളരെ പിന്നിലാണ് കോൺ​ഗ്രസ്.

ആംആദ്മി പാർട്ടിയാണ് ബിജെപിക്ക് പുറമെ, പ്രചാരണത്തിൽ ശക്തി കാണിക്കുന്നത്. കോൺ​ഗ്രസിന്റെ ദേശീയ നേതാക്കളായ സോണിയാ​​ഗാന്ധി, രാഹുൽ ​ഗാന്ധി, പ്രിയങ്കാ ​ഗാന്ധി എന്നിവരാരും സംസ്ഥാനത്ത് പ്രചാരണത്തിന് എത്തിയിട്ടില്ല. രാഹുൽ ​ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്കാണ് കോൺ​ഗ്രസ് പ്രാധാന്യം നൽകുന്നത്. സംസ്ഥാനങ്ങളിൽ പ്രാദേശിക ഘടകം പ്രചാരണത്തിന് ചുക്കാൻ പിടിക്കുമെന്നാണ് ദേശീയനേതാക്കൾ പറയുന്നത്. ആദിവാസി ബെൽറ്റിലെ ഛോട്ടാ ഉദയ്പുർ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് മോഹൻസിൻഹ് രത്‍വ. ആദിവാസി മേഖലയിലെ കരുത്തനായ നേതാവാണ് ഇയാൾ. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് 78 കാരനായ മോഹൻസിൻഹ് രത്‍വ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ, മകൻ രാജേന്ദ്ര സിൻഹ് രത്‍വയെ മണ്ഡലത്തിലെ സ്ഥാനാർഥിയാക്കണമെന്നായിരുന്നു ഇദ്ദേഹത്തിന്റെ ലക്ഷ്യം. ഇതേ മണ്ഡലത്തിൽ തന്റെ മകനെ സ്ഥാനാർഥിയാക്കണമെന്ന് കോൺ​ഗ്രസ് എംപി നരൻ രത്‍വയും ആവശ്യപ്പെട്ടതോടെ പാർട്ടി പ്രതിസന്ധിയിലായിരുന്നു. തുടർന്നാണ് മോഹൻസിൻഹ് രത്‍വ മകനും ഒരുമിച്ച് പാർ‌ട്ടി വിട്ടത്.

പിന്നാലെ, സൗരാഷ്ട്ര മേഖലയില്‍ സ്വാധീനമുള്ള അഹിര്‍ സമുദായത്തില്‍ നിന്നുള്ള നേതാവായാ ബരാഡും പാർട്ടി വിട്ടു. ബിജെപി സ്ഥാനാര്‍ത്ഥിയായി തലാലയില്‍ നിന്ന് ബരാഡ് ഇത്തവണ ജനവിധി തേടുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതിനിടെ ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക നാളെ വന്നേക്കും. സ്ഥാനാർഥി പട്ടികയുടെ മുന്നോടിയായി സംസ്ഥാനത്തെ ബിജെപി നേതാക്കളെ ദില്ലിക്ക് വിളിപ്പിച്ചു. ആം ആദ്മിയാകട്ടെ ആദ്യഘട്ട പട്ടിക പുറത്തിവിട്ട് പ്രചാരണത്തിൽ മുന്നിലെത്തി. ബിജെപി അധികാരം നിലനിർത്തുമെന്നാണ് സർവേകൾ നൽകുന്ന സൂചന. 

ഗുജറാത്തില്‍ തിരിച്ചടികളേറ്റ് കോണ്‍ഗ്രസ്; പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് എംഎല്‍എ, ബിജെപി പാളയത്തില്‍

click me!