ബാലാസോർ: ഒഡീഷയിലെ കോളേജ് വിദ്യാർത്ഥിനി സ്വയം തീകൊളുത്തി മരിച്ച സംഭവത്തിൽ രണ്ട് എബിവിപി പ്രവർത്തകർ അറസ്റ്റിൽ. സംസ്ഥാന ജോയിന്റ് സെക്രട്ടറിയാണ് അറസ്റ്റിലായവരിൽ ഒരാൾ. ഞായറാഴ്ച രാത്രിയാണ് ക്രൈം ബ്രാഞ്ച് ഇവരെ അറസ്റ്റ് ചെയ്തത്. ബാലസോറിലെ എഫ്എം കോളേജിൽ ജൂലൈ 12നാണ് ക്യാംപസിൽ 20കാരിയായ വിദ്യാർത്ഥിനി തീ കൊളുത്തി ജീവനൊടുക്കിയത്.
എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറിയായ സുബ്റ സാംബിത് നായ്ക്, ഇതേ കോളേജിലെ വിദ്യാർത്ഥിയായ ജ്യോതി പ്രകാശ് ബിശ്വാൾ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ആത്മഹത്യ പ്രേരണയ്ക്കുള്ള വകുപ്പ് ചുമത്തിയാണ് ഇവരെ രണ്ട് പേരെയും അറസ്റ്റ് ചെയ്തത്.
ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ച് ഇത് മൊബൈലിൽ പകർത്തിയെന്ന് പൊലീസ് വിശദമാക്കുന്നത്. 20 കാരി പെട്രോൾ ഒഴിച്ച് തീ കൊളുത്തി മരിക്കുന്ന ദൃശ്യങ്ങൾ ചിത്രീകരിച്ചത് ജ്യോതി പ്രകാശ് ബിശ്വാൾ ആയിരുന്നു. ക്യാംപസിൽ നടക്കുന്ന കാര്യങ്ങളേക്കുറിച്ച് സുബ്റ സാംബിത് നായ്കിന് എത്തിച്ച് നൽകിയിരുന്നതും ഇതേ വിദ്യാർത്ഥിയായിരുന്നുവെന്നാണ് പൊലീസ് വിശദമാക്കുന്നത്.
എന്നാൽ സംഭവം കയ്യിൽ നിന്ന് പോവുന്നുവെന്ന് മനസിലാക്കിയ ജ്യോതി പ്രകാശ് ബിശ്വാൾ വിദ്യാർത്ഥിനിയെ ആശുപത്രിയിലെത്തിക്കാൻ ശ്രമിക്കുകയും ഈ ശ്രമത്തിനിടെ പൊള്ളലേൽക്കുകയും ചെയ്തിരുന്നു. ആശുപത്രി വിട്ട ശേഷമാണ് ജ്യോതി പ്രകാശ് ബിശ്വാളിനെ അറസ്റ്റ് ചെയ്തത്. ഇതോടെ വിദ്യാർത്ഥിനിയുടെ മരണവുമായി ബന്ധപ്പെട്ട അറസ്റ്റുകളുടെ എണ്ണം നാലായി. സംഭവത്തിൽ വകുപ്പ് മേധാവി സമീര കുമാർ സാഹോ, കോളേജ് പ്രിൻസിപ്പൽ ദിലീപ് ഘോഷ് എന്നിവരെയും പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്തിരുന്നു.
രാഷ്ട്രീയ വിവാദം ശക്തമായതിന് പിന്നാലെയാണ് ഒഡീഷ പൊലീസ് കേസ് ക്രൈം ബ്രാഞ്ചിന് വിട്ടത്. രണ്ടാം വർഷ ബിഎഡ് വിദ്യാർത്ഥിനി ആണ് പ്രിൻസിപ്പൽ ഓഫീസിന് വെളിയിൽ സ്വയം തീ കൊളുത്തി മരിച്ചത്. വകുപ്പ് മേധാവി സ്ഥിരമായി അപമാനിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു വിദ്യാർത്ഥിനി കടുംകൈ ചെയ്തത്. ഗുരുതര പൊള്ളലോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട വിദ്യാർത്ഥിനി ചികിത്സയിലിരിക്കെ ജൂലൈ 14ന് രാത്രിയാണ് മരണപ്പെടുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം