പാകിസ്ഥാന്‍ യുവതിയുടെ ഹണി ട്രാപില്‍ കുടുങ്ങി പാക് ചാരസംഘടനക്ക് വിവരങ്ങള്‍ ചോര്‍ത്തിയ ജവാന്മാര്‍ പിടിയില്‍

By Web TeamFirst Published Nov 6, 2019, 5:02 PM IST
Highlights

ഇരുവരെയും കൂടുതല്‍ ചോദ്യം ചെയ്യലിനായി ജയ്പൂരിലേക്ക് കൊണ്ടു പോയി. വാട്സ് ആപ്, ഫേസ്ബുക്ക് അക്കൗണ്ട് വഴിയാണ് ഇവര്‍ വിവരങ്ങള്‍ ചോര്‍ത്തിയത്. 

ജയ്പൂര്‍: പാകിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്ഐയുടെ വനിതാ ഏജന്‍റിന് നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ രണ്ട് ജവാന്മാര്‍ പിടിയില്‍. ജോധ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്നാണ് ഇവരെ പിടികൂടിയത്. ഒരാള്‍ മധ്യപ്രദേശ് സ്വദേശിയും മറ്റൊരാള്‍ അസം സ്വദേശിയുമാണ്. ജോലി സ്ഥലത്ത് നിന്ന് വീട്ടിലേക്ക് പോകും വഴിയാണ് ഇരുവരെയും ചൊവ്വാഴ്ച പിടികൂടിയത്. 

പാകിസ്ഥാന്‍ വനിതയുടെ ഹണിട്രാപ്പില്‍ കുടുങ്ങിയ ഇരുവരും നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തിയെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. പ്രാഥമിക അന്വേഷണത്തില്‍ ഇരുവരും വിവരം ചോര്‍ത്തിയതായി തെളിഞ്ഞെന്ന് രാജസ്ഥാന്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഉമേഷ് മിശ്ര വ്യക്തമാക്കി.  ഇരുവരെയും കൂടുതല്‍ ചോദ്യം ചെയ്യലിനായി ജയ്പൂരിലേക്ക് കൊണ്ടു പോയി. വാട്സ് ആപ്, ഫേസ്ബുക്ക് അക്കൗണ്ട് വഴിയാണ് ഇവര്‍ വിവരങ്ങള്‍ ചോര്‍ത്തിയത്. 

വോയ്സ് ഓവര്‍ ഇന്‍റര്‍നെറ്റ് പ്രോട്ടോകോള്‍ സംവിധാനം ഉപയോഗിച്ചാണ് യുവതി ഇരുവരെയും ബന്ധപ്പെട്ടത്. പഞ്ചാബി ശൈലിയില്‍ സംസാരിച്ച യുവതി ഇന്ത്യക്കാരിയാണെന്ന് ധരിച്ചാണ് ഇവര്‍ അടുത്തത്. രാജസ്ഥാന്‍ അതിര്‍ത്തികളിലെ സൈനിക വിന്യാസം, ആയുധ ശേഖരം തുടങ്ങിയ നിര്‍ണായക വിവരങ്ങളാണ് യുവതി ചോര്‍ത്തിയത്. ഇരുവരും പൊഖ്റാന്‍ അതിര്‍ത്തി മേഖലയിലാണ് ജോലി ചെയ്യുന്നത്. 

click me!