രാജ്യത്ത് വാക്സീൻ സ്വീകരിച്ചവരുടെ എണ്ണം രണ്ട് കോടി കടന്നു; ആറ് സംസ്ഥാനങ്ങള്‍ക്ക് കൊവിഡ് ജാഗ്രതാ നിര്‍ദേശം

By Web TeamFirst Published Mar 7, 2021, 1:31 PM IST
Highlights

കൊവിഡ് പ്രതിദിന കേസുകൾ കൂടുന്ന സാഹചര്യത്തിൽ ആറ് സംസ്ഥാനങ്ങൾക്കും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും കേന്ദ്രം ജാഗ്രതാ നിർദേശം നൽകി. വാക്സിനേഷന്‍റെയും പരിശോധനയുടെയും എണ്ണം കൂട്ടാനാണ് നിർദ്ദേശം. 
 

ദില്ലി: രാജ്യത്ത് വാക്സീൻ സ്വീകരിച്ചവരുടെ എണ്ണം രണ്ട് കോടി കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 14 ലക്ഷം പേരാണ് വാക്സീൻ സ്വീകരിച്ചത്. കൊവിഡ് പ്രതിദിന കേസുകൾ കൂടുന്ന സാഹചര്യത്തിൽ ആറ് സംസ്ഥാനങ്ങൾക്കും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും കേന്ദ്രം ജാഗ്രതാ നിർദേശം നൽകി. വാക്സിനേഷന്‍റെയും പരിശോധനയുടെയും എണ്ണം കൂട്ടാനാണ് നിർദ്ദേശം. 

ഹരിയാന, ഗോവ, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, ഒഡീഷ , ആന്ധ്രാപ്രദേശ്, ഛണ്ഡീഗഡ്, ദില്ലി എന്നിവിടങ്ങളിലെ പ്രതിദിന കൊവിഡ് കേസുകൾ കൂടിയതിന് പിന്നാലെയാണ് നടപടി. കൊവിഡ് വ്യാപനം കൂടിയ പ്രദേശങ്ങളിൽ പരിശോധനയുടെ എണ്ണം കൂട്ടാനാണ് കേന്ദ്ര നിർദേശം. 

സംസ്ഥാനങ്ങളിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായുള്ള യോഗത്തിലായിരുന്നു ആരോഗ്യ മന്ത്രാലയത്തിന്‍റെ നിർദേശം. കൊവിഡ് സ്ഥിരീകരിച്ചവരുമായി സമ്പർക്കത്തിൽ വന്ന 20 പേരുടെയെങ്കിലും പട്ടിക തയ്യാറാക്കാനും കേന്ദ്രം ആവശ്യപ്പെട്ടു. കൊവിഡ് വ്യാപനം രൂക്ഷമായ പഞ്ചാബ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ സ്ഥിതി പഠിക്കാനായി കേന്ദ്രം വീണ്ടും വിദഗ്ധ സംഘത്തെ നിയോഗിച്ചു. 

കേരളത്തിലും, തമിഴ്നാട്ടിലും കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം കഴിഞ്ഞ ദിവസം കുറഞ്ഞത് ആശ്വാസമായെന്നും ആരോഗ്യ മന്ത്രാലയം വിലയിരുത്തി. രോഗവ്യാപനം രൂക്ഷമായ ജില്ലകളിൽ വാക്സിനേഷൻ പരമാവധി നടത്താനും കേന്ദ്രം ആവശ്യപ്പെട്ടു. സ്വകാര്യ ആശുപത്രികളുമായി സഹകരിച്ച് കൂടുതൽ വാക്സിനേഷൻ സെന്‍ററുകള്‍ തുടങ്ങാനാണ് നിർദേശം. 

click me!