
അഹ്മദാബാദ്: അമിത വേഗത്തിൽ ഓടിച്ച വാഹനം റോഡിലെ ഡിവൈഡറിൽ ഇടിച്ച് നിയന്ത്രണം വിട്ടശേഷം റോഡിന്റെ മറുവശത്തുകൂടി പോവുകയായിരുന്ന സ്കൂട്ടറിലേക്ക് ഇടിച്ചുകയറി. സ്കൂട്ടർ യാത്രക്കാരായ രണ്ട് യുവാക്കൾ സംഭവ സ്ഥലത്തു വെച്ചു തന്നെ മരിച്ചു. ഗുജറാത്തിലെ അഹ്മദാബാദിലാണ് സംഭവം. ദാരുണമായ അപകടം സംഭവസ്ഥലത്തെ സിസിടിവി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്.
മദ്യ ലഹരിയിൽ വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ ഡ്രൈവറെ നാട്ടുകാർ വാഹനത്തിൽ നിന്ന് പിടിച്ചിറക്കി മർദിച്ച ശേഷം പൊലീസിന് കൈമാറി. കഴിഞ്ഞ ദിവസം രാത്രി അഹ്മദാബാദിലെ നരോദ - ദെഗാം റോഡിൽ സഞ്ചരിക്കുകയായിരുന്ന ഹ്യൂണ്ടായ് ക്രെറ്റ എസ്‍യുവിയാണ് അപകടമുണ്ടാക്കിയത്. കാറിന് പുറമെ ഒരു ഓട്ടോറിക്ഷയെയും സിസിടിവി ദൃശ്യങ്ങളിൽ കാണാം. അമിത വേഗത്തിൽ ഓട്ടോറിക്ഷയെ ഓവർടേക്ക് ചെയ്യുന്ന കാർ നിയന്ത്രണംവിട്ട് തൊട്ടടുത്ത ലേനിലേക്ക് കയറി. തുടർന്നാണ് ഡിവൈഡറിൽ ഇടിച്ച് ഉയർന്നുപൊങ്ങിയത്. അമിത വേഗത കാരണം അഞ്ച് സെക്കന്റോളം നിലംതൊടാതെ കാർ വിപരീത ദിശയിലെ ലേനിലേക്ക് തെറിച്ചുവീഴുകയായിരുന്നു.
റോഡിന്റെ മറുവശത്തു കൂടി ഹോണ്ട ആക്ടീവ സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന രണ്ട് യുവാക്കളുടെ പുറത്തേക്കാണ് വാഹനം പതിച്ചത്. സ്കൂട്ടർ യാത്രക്കാരായ അമിത് റാത്തോഡ് (26), വിശാൽ റാത്തോഡ് (27) എന്നിവർ തൽക്ഷണം മരിച്ചു. സംഭവ സ്ഥലത്ത് ഓടിക്കൂടിയ നാട്ടുകാർ, കാർ ഓടിച്ചിരുന്ന ഗോപാൽ പട്ടേൽ എന്നയാളെ വാഹനത്തിൽ നിന്ന് പിടിച്ചിറക്കി മർദിച്ചു. തുടർന്ന് പൊലീസിന് കൈമാറി. ഇയാളെ അറസ്റ്റ് ചെയ്തതായും കേസെടുത്തിട്ടുണ്ടെന്നും പിന്നീട് പൊലീസ് അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam