
ദില്ലി: അടുത്ത തെരഞ്ഞെടുപ്പിൽ കോൺഗ്രസ് (Congress) വൻ മുന്നേറ്റമുണ്ടാക്കുമെന്ന് ജിഗ്നേഷ് മേവാനി (JIgnesh Mevani). കനയ്യകുമാറിന്റെയും (Kanhaiya Kumar) തന്റെയും കോൺഗ്രസ് പ്രവേശം അതിന് സഹായിക്കും. ബിജെപിയെ (BJP) തൂത്തെറിയും. കോൺഗ്രസിനേ രാജ്യത്തെ രക്ഷിക്കാനാകൂ. അതുകൊണ്ടാണ് കോൺഗ്രസിൽ ചേർന്നതെന്നും മേവാനി പറഞ്ഞു.
കനയ്യകുമാറിനൊപ്പമാണ് ജിഗ്നേഷ് മേവാനി എഐസിസി ആസ്ഥാനത്തെത്തി കോൺഗ്രസിനോട് കൂറ് പ്രഖ്യാപിച്ചത്. ഗുജറാത്ത് നിയമസഭയിലെ സ്വതന്ത്ര എംഎൽഎയായ ജിഗ്നേഷ് മേവാനിക്ക് പാർട്ടി അംഗത്വം സ്വീകരിക്കാൻ കൂറുമാറ്റ നിരോധനനിയമം തടസ്സമായതിനാൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് വരെ അദ്ദേഹം കോൺഗ്രസ് സഹയാത്രികനായി പ്രവർത്തിക്കും.
കനയ്യകുമാറിനേയും ജിഗ്നേഷ് മേവാനിയേയും സ്വാഗതം ചെയ്തുള്ള ഫ്ലക്സ് ബോര്‍ഡുകള്‍ നിറഞ്ഞ എഐസിസി ആസ്ഥാനത്തേക്ക് വൈകിട്ട് അഞ്ച് മണിയോടെ കനയ്യകുമാറും, ജിഗ്നേഷ് മേവാനിയും എത്തി. ഇതിന് മുൻപായി ഇരുവരും രാഹുൽ ഗാന്ധിക്കൊപ്പം ഭഗത്‍ സിംഗ് സമാധിയിലെത്തി പുഷ്പാര്‍ച്ചന നടത്തി. പിന്നീട് എഐസിസി ജനറൽ സെക്രട്ടറിമാരായ രൺദീപ് സുർജെവാല, കെ സി വേണുഗോപാൽ എന്നിവർക്കൊപ്പം ഇരുവരും മാധ്യമങ്ങളെ കാണാനെത്തി.
മുതിർന്ന നേതാക്കളുടേയും യുവനേതാക്കളുടേയും ബിജെപിയിലേക്കുള്ള തുടർച്ചയായ പലായനത്തിൽ വലഞ്ഞ കോൺഗ്രസ് ക്യാംപിന് വലിയ ആവേശവും ആത്മവിശ്വാസവും നൽകുന്നതാണ് കനയ്യകുമാറിൻ്റേയും ജിഗ്നേഷ് മേവാനിയുടേയും വരവ്. പ്രതിപക്ഷത്തെ നയിക്കാനാവുക കോണ്‍ഗ്രസിന് മാത്രമെന്നാണ് വാർത്താ സമ്മേളനത്തിൽ കനയ്യ കുമാര്‍ അഭിപ്രായപ്പെട്ടത്. ഭഗത്‍ സിംഗിൻ്റെ ധൈര്യവും ഗാന്ധിജിയുടെ സ്വപ്നവും അംബേദ്കറിൻ്റെ മൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്ന പാർട്ടിയാണ് കോൺഗ്രസ്. ജനാധിപത്യ പാർട്ടിയാണ് കോൺഗ്രസ്, താന്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ആളും. കോൺഗ്രസില്ലാതെ രാജ്യത്തിന് പിടിച്ച് നിൽക്കാനാവില്ലെന്നും കനയ്യ പറഞ്ഞു.
Read Also: 'പ്രതിപക്ഷത്തെ നയിക്കാനാവുക കോണ്‍ഗ്രസിന് മാത്രം';കനയ്യ കുമാര്‍
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam