
നോയിഡ: സൈബർ തട്ടിപ്പുകളുമായി ബന്ധപ്പെട്ട് അന്വേഷണത്തിന്റെ ഭാഗമായി മരവിപ്പിച്ച അക്കൗണ്ടുകളിൽ നിന്ന് 30 ലക്ഷം രൂപയോളം അനധികൃതമായി പിൻവലിക്കാൻ അനുവദിച്ച കേസിൽ രണ്ട് പേടിഎം പേയ്മെന്റ്സ് ബാങ്ക് ജീവനക്കാർ അറസ്റ്റിൽ. ചന്ദ്രേഷ് റാത്തോർ, താരിഖ് അൻവർ എന്നിവരാണ് നോയിഡയിൽ വെച്ച് പോലീസിന്റെ പിടിയിലായത്. അന്വേഷണ ഏജൻസികളുടെയോ കോടതിയുടെയോ അനുമതിയില്ലാതെയാണ് ഇവർ മരവിച്ച അക്കൗണ്ടുകളിലെ നിയന്ത്രണം നീക്കിക്കൊടുത്തത്.
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ പേടിഎം തന്നെ നൽകിയ പരാതിയെ തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ചില ജീവനക്കാർ തങ്ങളുടെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത്, അന്വേഷണ ഏജൻസികൾ മരവിപ്പിച്ച അക്കൗണ്ടുകളിൽ നിന്ന് അനുമതിയില്ലാതെ പണം വിട്ടുനൽകിയെന്ന് പേടിഎം പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. മരവിപ്പിക്കപ്പെട്ട അക്കൗണ്ടുകളുടെ ഉടമകളുമായി ഒരു ഇടനിലക്കാരന്റെ സഹായത്തോടെയാണ് ഇവർ ബന്ധപ്പെട്ടിരുന്നതെന്ന് എന്ന് പോലീസ് പറഞ്ഞു.
അക്കൗണ്ടുകൾ ഡിഫ്രീസ് ചെയ്യാനും പണം പിൻവലിക്കാനുമായി ഈ അക്കൗണ്ട് ഉടമകൾ പ്രതികൾക്ക് പണം നൽകിയിരുന്നു. പിടിയിലാകുന്നതിന് മുമ്പ് പ്രതികൾ വർഷങ്ങളായി സൈബർ കുറ്റവാളികളെ ഈ രീതിയിൽ സഹായിച്ചിരുന്നുവെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. തട്ടിപ്പിൽ കൂടുതൽ പേടിഎം പേയ്മെന്റ്സ് ബാങ്ക് ജീവനക്കാർക്ക് പങ്കുണ്ടെന്നും പോലീസ് സംശയിക്കുന്നുണ്ട്.