
ലഖ്‌നൗ: ലോക്കോ പൈലറ്റുമാർ അപ്രതീക്ഷിതമായി ജോലിയിൽ നിന്ന് പിന്മാറിയതിനെ തുടർന്ന് രണ്ട് എക്‌സ്പ്രസ് ട്രെയിനുകളിലെ 2500-ലധികം യാത്രക്കാർ പെരുവഴിയിൽ. ബുധനാഴ്ച ഉത്തർപ്രദേശിലെ ബരാബങ്കി ജില്ലയിലെ ബുർവാൾ ജംഗ്ഷനിലാണ് സംഭവം. ഒരു ട്രെയിനിലെ ജീവനക്കാർ ഡ്യൂട്ടി സമയം കഴിഞ്ഞുവെന്ന് ചൂണ്ടിക്കാട്ടി സേവനം അവസാനിപ്പിച്ചപ്പോൾ മറ്റൊരു ട്രെയിനിന്റെ ലോക്കോ പൈലറ്റ് അസുഖ ബാധിതനാണെന്ന് പറഞ്ഞ് പിന്മാറി. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
ട്രെയിനിനുള്ളിൽ വെള്ളമോ ഭക്ഷണമോ വൈദ്യുതിയോ ഇല്ലാതെ മണിക്കൂറുകൾ യാത്രക്കാർ വലഞ്ഞു. തുടർന്ന് രോഷാകുലരായ യാത്രക്കാർ പ്രതിഷേധിക്കുകയും അതുവഴി വന്ന ട്രെയിൻ തടയുകയും ചെയ്തു. സഹർസ - ന്യൂഡൽഹി സ്‌പെഷ്യൽ ഫെയർ ഛത്ത് പൂജ സ്‌പെഷ്യൽ (04021), ബറൗണി-ലക്‌നൗ ജംഗ്ഷൻ എക്‌സ്‌പ്രസ് (15203) എന്നീ ട്രെയിനുകളിലെ ജീവനക്കാരാണ് മുന്നറിയിപ്പില്ലാതെ ജോലി അവസാനിപ്പിച്ചത്.
സ്ഥിതിഗതികൾ ശാന്തമാക്കാൻ നോർത്ത് ഈസ്റ്റേൺ റെയിൽവേ ഗോണ്ട ജംഗ്ഷനിൽ നിന്ന് ജീവനക്കാരെ അയച്ചു. നവംബർ 27 ന് രാത്രി 7.15 ന് പുറപ്പെടേണ്ടിയിരുന്ന 04021 ട്രെയിൻ നവംബർ 28 ന് രാവിലെ 9.30നാണ് സഹർസയിൽ നിന്ന് പുറപ്പെട്ടത്. 19 മണിക്കൂർ വൈകിയാണ് ട്രെയിൻ ഗോരഖ്പൂരിൽ എത്തിയത്. എക്‌സ്‌പ്രസിന് ബർഹ്‌വാൾ ജംഗ്ഷനിൽ ഹാൾട്ട് ഇല്ലായിരുന്നു. എന്നാൽ ഏകദേശം 1:15 ന് ട്രെയിൻ ഷെഡ്യൂൾ ചെയ്യാതെ നിർത്തി. രണ്ടാമത്തെ ട്രെയിനായ ബറൗണി-ലക്‌നൗ ജംഗ്ഷൻ എക്‌സ്‌പ്രസ് ഇതിനകം അഞ്ച് മണിക്കൂറും 30 മിനിറ്റും വൈകി ഓടുകയായിരുന്നു. 4.04 ന് ബർഹ്‌വാൾ ജംഗ്ഷനിൽ എത്തിയ ബറൗണി-ലക്‌നൗ ജംഗ്ഷൻ എക്‌സ്‌പ്രസിലെ ജീവനക്കാർ ജോലി അവസാനിപ്പിച്ച് പുറത്തിറങ്ങി.
പരമാവധി 25 മണിക്കൂർ 20 മിനിറ്റിനുള്ളിൽ യാത്ര അവസാനിക്കേണ്ടതായിരുന്നു, പക്ഷേ സ്പെഷ്യൽ ട്രെയിനിൽ ഇത് മൂന്നാം ദിവസമാണ്. ഞങ്ങളെപ്പോലുള്ള പാവപ്പെട്ട യാത്രക്കാരെ ഇന്ത്യൻ റെയിൽവേ പീഡിപ്പിക്കുകയാണ്. വെള്ളമില്ല, പാൻട്രി കാറില്ല, വൈദ്യുതി ഇല്ല. ക്ഷീണം കാരണം ലോക്കോ പൈലറ്റുമാരും ട്രെയിൻ ഗാർഡും ട്രെയിനിൽ നിന്ന് ഇറങ്ങിപ്പോയി-സഹാർസയിൽ നിന്ന് ബന്ധുക്കളോടൊപ്പം ദില്ലിയിലേക്ക് പോവുകയായിരുന്ന യാത്രക്കാരൻ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam