
ചെന്നൈ: കരൂർ അപകടത്തിലെ ഏറ്റവും സങ്കടകരമായ കാഴ്ച രണ്ടു വയസ്സ് മാത്രം പ്രായമുള്ള ധ്രുവ് വിഷ്ണു എന്ന കുഞ്ഞിന്റെ മരണമായിരുന്നു. അപകടം നടന്ന സ്ഥലത്തുനിന്നും 50 മീറ്റർ മാത്രം മാറിയായിരുന്നു ദ്രുവിന്റെ വീട്. സിനിമയിൽ മാത്രം കണ്ട വിജയ് എന്ന താരത്തെ ഒരു നോക്ക് കാണാൻ പോയ മാതൃ സഹോദരിയുടെ കയ്യിലായിരുന്നു കുഞ്ഞ്. വിജയ് എത്തിയതിന് പിന്നാലെ കറണ്ട് പോയപ്പോൾ ഉണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് മാതൃ സഹോദരിയും കുഞ്ഞും നിലത്തു വീണത്. ആശുപത്രിയിൽ നിന്നുള്ള ടിവി ദൃശ്യങ്ങളിൽ കുഞ്ഞു മരിച്ചു കിടക്കുന്നതാണ് പിന്നീട് കണ്ടതെന്ന് പിതാവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു
ദുരന്തം നടന്ന വേലുച്ചാമി പുരത്തെ തെരുവിൽ നിന്ന് 50 മീറ്റർ മാത്രം മാറിയുള്ള വീട്ടിൽ ഇപ്പോഴും കൂട്ട കരച്ചിൽ അവസാനിച്ചിട്ടില്ല. വെള്ളിത്തിരയിലെ നായകനെ കാണാനുള്ള ആഗ്രഹം കൊണ്ടാണ് ലല്ലിയും ഭർത്താവ് പശുപതിയും സഹോദരൻ വിമലും ഭാര്യ മാതേശ്വരിയും ആൾക്കൂട്ടത്തിന് നടുവിലേക്ക് പോയത്. ലല്ലിയായിരുന്നു വിമലിന്റെയും മാതേശ്വരിയുടെയും മകന്‍ രണ്ടു വയസ്സുകാരൻ ധ്രുവ് വിഷ്ണുവിനെ എടുത്തിരുന്നത്. രാത്രി 7 മണിയോടെ വിജയ് എത്തി. പെട്ടെന്ന് വൈദ്യുതിയും നിലച്ചു. തിക്കിലും തിരക്കിലും പെട്ട കുടുംബത്തിലെ എല്ലാവരും പല വഴിക്കായി. ഒടുവിൽ വീട്ടിലെത്തിയപ്പോഴാണ് കുഞ്ഞു ദ്രുവ് ഒപ്പമില്ലെന്ന് അറിയുന്നത്. തേടുന്നതിനിടെ ചാനൽ ദൃശ്യങ്ങളിൽ ധ്രുവിന്റെ നിശ്ചലമായ ശരീരം പിതാവ് കാണുകയായിരുന്നു. കരൂർ മെഡിക്കൽ കോളേജിൽ എത്തി കുഞ്ഞിനെ വാരിയെടുത്ത് അലമുറയിടുന്ന പിതാവിന്റെ ദൃശ്യങ്ങൾ ഇന്നലത്തെ കണ്ണീർ കാഴ്ചയായിരുന്നു. നാലുകൊല്ലം മുമ്പ് വിവാഹിതരായ വിമൽ മാതേശ്വരി ദമ്പതികൾക്ക് രണ്ടുകൊല്ലത്തെ കാത്തിരിപ്പിന് ശേഷമാണ് ധ്രുവ് പിറന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam