പുല്‍വാമ ഭീകരാക്രമണത്തിന് രണ്ട് വര്‍ഷം; 40 ധീര സൈനികരുടെ വീരമൃത്യുവിന്‍റെ സ്മരണകള്‍

By Web TeamFirst Published Feb 14, 2021, 11:55 AM IST
Highlights

76-ാം ബറ്റാലിയന്‍റെ ബസിലുണ്ടായിരുന്ന 40 ജവാന്മാരാണ് ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ചത്.  അവധി കഴിഞ്ഞ് ജോലി സ്ഥലത്തേക്ക് തിരിച്ച സിആര്‍പിഎഫ് ഉദ്യോഗസ്ഥരായിരുന്നു ഇവര്‍

40 സിആര്‍പിഎഫ് ജവാന്മാരുടെ മരണത്തിന് കാരണമായ പുല്‍വാമ ഭീകരാക്രമണത്തിന് രണ്ട് വര്‍ഷം. തെക്കന്‍ കശ്മീരിലെ പുല്‍വാമ ജില്ലയിലെ അവന്തിപൊര ലാത്പൊരയില്‍ സിആര്‍പിഎഫ് സൈനിക വാഹന വ്യൂഹത്തിനിടയിലേക്ക് ചാവേര്‍ ആക്രമണം നടത്തുകയായിരുന്നു.

2500 സിആര്‍പിഎഫ് ഉദ്യോഗസ്ഥരുമായി നീങ്ങുന്ന 78 വാഹനങ്ങള്‍ അടങ്ങുന്നതായിരുന്നു വാഹനവ്യൂഹം. പാകിസ്ഥാന്‍ അടിസ്ഥാനമാക്കിയുള്ള തീവ്രവാദ സംഘടനയായ ജയ്ഷെ മുഹമ്മദ് ചാവേര്‍ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. 2018ല്‍ ജയ്ഷെ മുഹമ്മദില്‍ ചേര്‍ന്ന യുവാവായിരുന്നു സ്ഫോടകവസ്തുക്കള്‍ നിറച്ച വാഹനവുമായി ഭീകരാക്രമണത്തിന് എത്തിയത്.

ചാവേർ ഭീകരന്‍ ഓടിച്ച് വന്ന കാറിൽ 100 കിലോഗ്രാം സ്ഫോടക വസ്തുക്കളാണ് നിറച്ചിരുന്നത്. 76-ാം ബറ്റാലിയന്‍റെ ബസിലുണ്ടായിരുന്ന 40 ജവാന്മാരാണ് ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ചത്.  അവധി കഴിഞ്ഞ് ജോലി സ്ഥലത്തേക്ക് തിരിച്ച സിആര്‍പിഎഫ് ഉദ്യോഗസ്ഥരായിരുന്നു തീവ്രവാദ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഭീകരാക്രമണത്തിന് ഉപയോഗിച്ച വാഹനത്തിന്‍റെ ഉടമ അന്തനാഗ് ജില്ലക്കാരനായ സജ്ജദ് ഭട്ടാണെന്ന് എന്‍ഐ എ കണ്ടെത്തിയിരുന്നു.

ഇരുപത്തിരണ്ട് വയസ് പ്രായമുള്ള ജയ്ഷെ മുഹമ്മദ് തീവ്രവാദി ആദില്‍ അഹമ്മദ് ധര്‍ ആയിരുന്നു ചാവേറായത്. കഴിഞ്ഞ മാര്‍ച്ചില്‍ നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി ജയ്ഷെ മുഹമ്മദ് തീവ്രവാദിയെ അറസ്റ്റ് ചെയ്തതായിരുന്നു ഭീകരാക്രമണത്തിലെ അന്വേഷണത്തിലെ പ്രധാന വഴിത്തിരിവ്.

ഇസ്ലാമബാദിലെ മുതിര്‍ന്ന രണ്ട് ഉദ്യോഗസ്ഥര്‍ക്കും ഈ ഭീകരാക്രമണത്തില്‍ പങ്കുള്ളതായാണ് എന്‍ഐഎ വിശദമാക്കുന്നത്. ബിഎസ്എഫ് പട്രോളിംഗില്‍ പുല്‍വാമ ഭീകരാക്രമണകാരികള്‍ നുഴഞ്ഞുകയറാനുപയോഗിച്ച ടണലും കണ്ടെത്തിയിരുന്നു. പുല്‍വാമ ഭീകരാക്രമണം പദ്ധതി തയ്യാറാക്കാന്‍ ജെയ്ഷെ മുഹമ്മദ് തലവന്‍ മൌലാനാ മസൂദ് അസറിന്‍റെ ബന്ധുവായ മുഹമ്മദ് ഉമര്‍ ഫറൂഖ് ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയത് ഈ തുരങ്കത്തിലൂടെയാണെന്നും സംശയിക്കുന്നുണ്ട്.

ഐഇഡി സ്‌ഫോടകവസ്‌തു നിർമ്മിക്കാൻ വേണ്ടി ഉപയോഗിക്കപ്പെട്ട അമോണിയം പൗഡർ അടക്കമുള്ള പല രാസവസ്തുക്കളും വാങ്ങിയത് ആമസോണിൽ നിന്നാണെന്ന് എൻഐഎ വ്യക്തമാക്കിയിരുന്നു. ആക്രമണത്തിന് ആഹ്വാനം ചെയ്ത് പാക് ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദിന്‍റെ തലവൻ മസൂദ് അസര്‍ അയച്ച ശബ്‍ദ സന്ദേശം അന്വേഷണ ഏജന്‍സികള്‍ക്ക് കിട്ടി. പാകിസ്ഥാനിലെ സൈനിക ആശുപത്രിയിലിരുന്നാണ്  മസൂദ് അസർ സന്ദേശം അയച്ചതെന്നും കണ്ടെത്തി.  

അസറിന്‍റെ ബന്ധു ഉസ്മാനെ ഒക്ടോബറിൽ ത്രാലിൽ സുരക്ഷാ സേന വധിച്ചതിന്റെ പ്രതികാരമാണ് പുൽവാമയിലെ പുൽവാമയിലെ ഭീകരാക്രമണമെന്നാണ് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയത്. 2017ലെ ഉറി ഭീകരാക്രമണത്തിന് ശേഷം നടക്കുന്ന ഏറ്റവും വലിയ തീവ്രവാദി ആക്രമണമായിരുന്നു പുല്‍വാമയിലേത്. 

click me!