
ചെന്നൈ: തമിഴ്‌നാട്ടിൽ സ്വന്തം തീരുമാനത്തിൽ നിന്ന് വീണ്ടും യു-ടേൺ അടിച്ച് വിജയ് സർക്കാർ. വിവരാവകാശ നിയമത്തിൽ ഇളവ് പ്രഖ്യാപിച്ച് ക്രമസമാധാന വകുപ്പിനെ നിയമത്തിൻ്റെ പരിധിയിൽ നിന്ന് പുറത്താക്കിയ ഉത്തരവ് കടുത്ത വിമർശനത്തിന് പിന്നാലെ പിൻവലിച്ചു. പ്രതിപക്ഷത്തിന്റെയും സാമൂഹിക പ്രവർത്തകരുടെയും ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് ഉത്തരവ് പിൻവലിക്കാൻ വിജയ് സർക്കാർ തിടുക്കത്തിൽ തീരുമാനമെടുത്തത്.
ആദ്യത്തെ ഉത്തരവിറങ്ങി മണിക്കൂറുകൾക്കകം തന്നെ ഇളവ് റദ്ദാക്കിക്കൊണ്ട് തമിഴ്‌നാട് സർക്കാർ പുതിയ വിജ്ഞാപനം ഇറക്കുകയായിരുന്നു. ആർ.ടി.ഐ ആക്ടിലെ സെക്ഷൻ 24(4) പ്രകാരം ക്രമസമാധാന വകുപ്പിനെ 'ഇന്റലിജൻസ് ആൻഡ് സെക്യൂരിറ്റി ഓർഗനൈസേഷൻ' (രഹസ്യാന്വേഷണ-സുരക്ഷാ വിഭാഗം) ആയി വർഗ്ഗീകരിച്ചാണ് നിയമത്തിൻ്റെ പരിധിയിൽ നിന്ന് വകുപ്പിനെ ഒഴിവാക്കിയത്. ലോക്കപ്പ് മർദ്ദനങ്ങൾ, കസ്റ്റഡി മരണങ്ങൾ, വെടിവയ്പ് അന്വേഷണങ്ങൾ, ജാതി-വർഗീയ സംഘർഷങ്ങൾ, രാഷ്ട്രീയ പ്രതിഷേധങ്ങൾ തുടങ്ങിയ വിഷയങ്ങളിലെ വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭിക്കാത്ത സാഹചര്യമുണ്ടാകുമായിരുന്നു.
സുതാര്യതയും അഴിമതിരഹിത ഭരണവും വാഗ്ദാനം ചെയ്ത് അധികാരത്തിൽ വന്ന വിജയ് സർക്കാർ, ക്രമസമാധാന വിഭാഗത്തിന്റെ വിവരങ്ങൾ മറച്ചുവെക്കാൻ ശ്രമിക്കുന്നത് ജനാധിപത്യവിരുദ്ധമാണെന്ന് ആരോപിച്ച് പ്രതിപക്ഷ കക്ഷികളും വിവരാവകാശ പ്രവർത്തകരും രംഗത്തെത്തുകയായിരുന്നു. ഭരണത്തിൽ സുതാര്യത ഉറപ്പാക്കുമെന്ന് ഉറപ്പുനൽകിയ ടി.വി.കെ (തമിഴക വെട്രി കഴകം) സർക്കാരിന്റെ ഈ നീക്കം വലിയ തോതിൽ ചർച്ചയായി. പൊതുജനങ്ങളുടെയും രാഷ്ട്രീയ പാർട്ടികളുടെയും ശക്തമായ പ്രതിഷേധം കണക്കിലെടുത്താണ് വിജ്ഞാപനം പിൻവലിക്കാൻ വിജയ് സർക്കാർ തയ്യാറായത്. ഇതോടെ ക്രമസമാധാന വകുപ്പ് വിവരാവകാശ നിയമത്തിന്റെ പരിധിയിൽ തുടരും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam