ബെംഗളൂരു മെട്രോയുടെ പിങ്ക് ലൈൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമർപ്പിച്ചു. ഒപ്പം വന്ദേഭാരത് എക്സ്പ്രസും 15,600 കോടി രൂപയുടെ വികസന പദ്ധതികളും അദ്ദേഹം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കർണാടകയിലെ വരൾച്ചാ പ്രതിസന്ധി മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഉന്നയിച്ചു.
ബെംഗളൂരു: ബെംഗളൂരു മെട്രോയുടെ പിങ്ക് ലൈൻ നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എസ് ജി പാളയ എന്ന് പുനർനാമകരണം ചെയ്ത താവരക്കരെ സ്റ്റേഷനിലാണ് മുഖ്യമന്ത്രി ഡി കെ ശിവകുമാറിനൊപ്പം പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് നിർവഹിച്ചത്. എസ് ജി പാളയത്ത് നിന്ന് ബെംഗളൂരു ഐ ഐ എമ്മിലേക്ക് പ്രധാനമന്ത്രി മെട്രോയിൽ യാത്ര ചെയ്തു. പണം നൽകി ടിക്കറ്റ് എടുത്താണ് പ്രധാനമന്ത്രി യാത്ര നടത്തിയത്.
രാവിലെ 10.10ന് ബെംഗളൂരുവിൽ എത്തിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി ഡി കെ ശിവകുമാർ എച്ച് എ എൽ വിമാനത്താവളത്തിൽ സ്വീകരിച്ചു. തുടർന്ന് ജിഗിണിയിലെ എസ് വ്യാസ ക്യാമ്പസിൽ സുവർണ ജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടനം അദ്ദേഹം നിർവഹിച്ചു. ബെംഗളൂരു - മംഗളൂരു - ഗോവ വന്ദേഭാരത് എക്സ്പ്രസും മോദി ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് 15,600 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിച്ചു.
തുടർന്ന് മൈസൂരുവിലേക്ക് പോയ മോദി, രാജ്യത്തെ ആദ്യത്തെ എൽ ഇ ഡി ഡോം പ്ലാനറ്റോറിയം ഉദ്ഘാടനം ചെയ്തു. ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സമർപ്പണത്തിന് എത്തിയ പ്രധാനമന്ത്രിയെ ബിജെപി പ്രവർത്തകർ ആർപ്പുവിളികളോടെ എതിരേറ്റപ്പോൾ മറുഭാഗത്ത് രാഹുൽ, രാഹുൽ എന്ന് വിളിച്ചാണ് കോൺഗ്രസ് പ്രവർത്തകർ പ്രതികരിച്ചത്.
വികസന പ്രവർത്തനങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി
2014ൽ നമ്മ മെട്രോ 17 കിലോമീറ്റർ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും ഇന്ന് ബെംഗളൂരു മെട്രോ 100 കിലോമീറ്ററിൽ ഏറെയായെന്നും പ്രധാനമന്ത്രി പറഞ്ഞു. ബെംഗളൂരു മെട്രോവിന് 50 ശതമാനം വിഹിതം കേന്ദ്രം നൽകുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. 84 ശതമാനവും സംസ്ഥാനമാണ് വഹിക്കുന്നത് എന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ ആരോപണം. ബെംഗളൂരുവിന് വന്ദേഭാരത് സ്ലീപ്പർ നൽകിയെന്നും പ്രധാനമന്ത്രി പറഞ്ഞു.
കർണാടകത്തിലെ വരൾച്ചാ പ്രതിസന്ധി പ്രധാനമന്ത്രിക്ക് മുന്നിൽ പൊതുവേദിയിൽ മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഉന്നയിച്ചു. വരൾച്ച നേരിടാൻ സഹായം നൽകണമെന്നാണ് ആവശ്യം. സർവകക്ഷി സംഘവുമായി പ്രധാനമന്ത്രിയെ കാണാൻ ശ്രമിച്ചതാണെന്നും അനുമതി ലഭിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ബെംഗളൂരു ഐഐഎമ്മിലെ ഉദ്ഘാടന ചടങ്ങിലാണ് വിഷയം പരാമർശിച്ചത്.












