
കോഴിക്കോട്: വിവാദമായ യുഎപിഎ അറസ്റ്റിൽ, പിടിയിലായ അലനെയും താഹയെയും പാർട്ടിയിൽ നിന്ന് സിപിഎം പുറത്താക്കും. ഇതിനായി ലോക്കൽ ജനറൽ ബോഡി യോഗം വിളിക്കാൻ പാർട്ടി തീരുമാനിച്ചു.
ഇതിന്റെ ആദ്യയോഗം നാളെ വൈകിട്ട് പന്നിയങ്കര ലോക്കലിൽ നടക്കും. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ സിപിഎം മൂന്നംഗ കമ്മിഷനെ നിയോഗിച്ചിരുന്നു. ഈ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പന്നിയങ്കര ലോക്കൽ കമ്മിറ്റിക്ക് കീഴിലാണ് അലൻ ഉൾപ്പെട്ടിരിക്കുന്നത്. താഹ ഉൾപ്പെട്ട ലോക്കൽ കമ്മിറ്റിയുടെ ജനറൽ ബോർഡി യോഗം എപ്പോഴാണെന്ന് അറിവായിട്ടില്ല.
അതിനിടെ അലൻ ഷുഹൈബിനെയും താഹ ഫസലിനെയും കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് നീക്കം. നാളെ കോഴിക്കോട് പ്രിൻസിപ്പൽ ആന്റ് സെഷൻസ് കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും. താഹ ഫസലിന്റെ വീട്ടിൽ നിന്നും കണ്ടെടുത്ത ലാപ്ടോപ്പ്, പെൻഡ്രൈവ്, മെമ്മറി കാർഡ്, മൊബൈൽ ഫോൺ എന്നിവയിലെ ഡോക്യുമെന്റുകൾ പൊലീസ് പരിശോധിച്ച് വരികയാണ്. ഇതിനകത്തുള്ള വിവരങ്ങൾ കൂടി ഉൾപ്പെടുത്തിയാകും ചോദ്യം ചെയ്യൽ.
ഇവരെ അറസ്റ്റ് ചെയ്യുന്ന സമയത്ത് രക്ഷപ്പെട്ട മൂന്നാമൻ എവിടെ എന്നത് സംബന്ധിച്ച് ഒരു വിവരവും പൊലീസിന് കിട്ടിയിട്ടില്ല. കോഴിക്കോട് ജില്ലാ ജയിലിൽ കഴിയുന്ന അലന്റെയും താഹയുടെയും ജാമ്യഹർജി 14ാം തീയതി ഹൈക്കോടതി പരിഗണിക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam