ഉദയ്പൂർ കൊലപാതകം; പ്രതികളെ കസ്റ്റഡിയിലെടുത്തു, രാജസ്ഥാനിൽ അതീവ ജാഗ്രതാ നിർദ്ദേശം

By Web TeamFirst Published Jun 28, 2022, 8:06 PM IST
Highlights

സമാധാനം നിലനിർത്താനുള്ള ഉത്തരവാദിത്തം പ്രധാനമന്ത്രി നരേന്ദ്രമോദിക്കും  അമിത് ഷായ്ക്കുമുണ്ടെന്ന് അശോക് ഗെലോട്ട് അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി ജനങ്ങളോട് സംസാരിക്കണമെന്നും ഗെലോട്ട് ആവശ്യപ്പെട്ടു.
 

ദില്ലി: രാജസ്ഥാനിലെ ഉദയ്പൂരിൽ നുപുർ ശർമ്മയ്ക്ക് അനുകൂല പോസ്റ്റിട്ട വ്യക്തിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകികളെ കസ്റ്റഡിയിൽ എടുത്തതായി രാജസ്ഥാൻ ഡി ജി പി അറിയിച്ചു. രാജ്സമൻദിൽ നിന്നാണ് ഇവരെ പിടികൂടിയത്. കുറ്റക്കാർക്കെതിരെ കർശന നടപടിയെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് വ്യക്തമാക്കിയിരുന്നു. ജനങ്ങൾ സമാധാനം പാലിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. സംഘർഷം ഒഴിവാക്കാനായി ഉദയ്പൂർ മേഖലയിൽ ഇന്‍റർനെറ്റിന് നിരോധനം ഏർപ്പെടുത്തി. സ്ഥലത്ത് 600 പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.

സമാധാനം നിലനിർത്താനുള്ള ഉത്തരവാദിത്തം പ്രധാനമന്ത്രി നരേന്ദ്രമോദിക്കും  അമിത് ഷായ്ക്കുമുണ്ടെന്ന് അശോക് ഗെലോട്ട് അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി ജനങ്ങളോട് സംസാരിക്കണമെന്നും ഗെലോട്ട് ആവശ്യപ്പെട്ടു.

Read Also: നുപുർ ശർമ്മക്ക് അനുകൂലമായ പോസ്റ്റിട്ടയാളെ രാജസ്ഥാനിൽ അക്രമികൾ തല അറുത്ത് കൊന്നു 

ഉദയ്പൂരിൽ ചിലയിടങ്ങളിൽ കടകൾക്ക് തീയിട്ടതായി റിപ്പോർട്ട് ഉണ്ട്. രാജസ്ഥാനിൽ അതീവ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. 
ജനങ്ങൾ സമാധാനം പാലിക്കണമെന്ന് രാജസ്ഥാൻ ഗവർണർ നിര്‍ദ്ദേശിച്ചു. കർശന നടപടിക്ക് നിർദ്ദേശം നൽകിയതായി ഗവർണർ അറിയിച്ചിട്ടുണ്ട്. 

കൊലപാതകികള്‍ കൃത്യത്തിന്‍റെ വീഡിയോ പുറത്തുവിട്ട് രംഗത്തെത്തിയിരുന്നു. തല അറുത്ത് മാറ്റിയുള്ള കൊലപാതകം രണ്ട് പേർ ചേർന്നാണ് നടത്തിയത്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധമടക്കം വീഡിയോയിലൂടെ കാണിച്ച അക്രമികൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും സമാന രീതിയിൽ കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയിരുന്നു. 
 

Read Also; ഉദയ്പൂർ കൊല നടത്തിയ വാളുയർത്തി വീഡിയോ പുറത്തുവിട്ട് കൊലപാതകികൾ; പ്രധാനമന്ത്രിയെ ഇങ്ങനെ കൊല്ലുമെന്നും ഭീഷണി

click me!