Latest Videos

'ശിവസേന ഇനി ഒന്നല്ല, രണ്ട്'; ശിവസേന (ഉദ്ദവ് ബാലസാഹേബ് താക്കറെ)യും ബാലസാഹേബാൻജി ശിവസേനയും

By Web TeamFirst Published Oct 10, 2022, 8:32 PM IST
Highlights

ഷിൻഡേ നേതൃത്വം നൽകുന്ന ശിവസേന ഘടകത്തിന് ചിഹ്നം അനുവദിച്ചിട്ടില്ല. ചിഹ്നമായി ത്രിശൂലവും, ഉദയ സൂര്യനും, ഗദയും ആവശ്യപ്പെട്ടിരുന്നുവെങ്കിലും മതപരമായ കാരണങ്ങളാൽ ഇത് അനുവദിക്കാനാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി

ദില്ലി: ഉദ്ദവ് താക്കറെ നയിക്കുന്ന ശിവസേനാ വിഭാഗത്തിന് തീപ്പന്തം ചിഹ്നമായി അനുവദിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. ശിവസേന (ഉദ്ദവ് ബാല സാഹേബ് താക്കറെ) എന്ന പേരും ഈ വിഭാഗത്തിന് അനുവദിച്ചു. അതേസമയം, ഷിൻഡേ നേതൃത്വം നൽകുന്ന ശിവസേന ഘടകത്തിന് ചിഹ്നം അനുവദിച്ചിട്ടില്ല. ചിഹ്നമായി ത്രിശൂലവും, ഉദയ സൂര്യനും, ഗദയും ആവശ്യപ്പെട്ടിരുന്നുവെങ്കിലും മതപരമായ കാരണങ്ങളാൽ ഇത് അനുവദിക്കാനാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. പുതിയ ചിഹ്നം നാളെ രാവിലെ 11 മണിക്ക് മുമ്പായി സമർപ്പിക്കണമെന്നും കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്. ബാലസാഹേബാൻജി ശിവസേന എന്ന പേരാണ് ഷിൻഡേ നയിക്കുന്ന ശിവസേനാ വിഭാഗത്തിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ചത്. ചിഹ്നത്തിലും പേരിലും ഇരു വിഭാഗങ്ങളും അവകാശം ഉന്നയിച്ചിട്ടുള്ളതിനാൽ, അന്തിമ തീർപ്പുണ്ടാകുന്നതു വരെ ഈ നില തുടരുമെന്ന് കമ്മീഷൻ വ്യക്തമാക്കി. വരാനിരിക്കുന്ന അന്ധേരി ഈസ്റ്റ് ഉപതെരഞ്ഞെടുപ്പിൽ താക്കറെ - ഷിന്‍ഡെ വിഭാഗങ്ങൾ പുതിയ പേരും ചിഹ്നവും ഉപയോഗിച്ചാകും കളത്തിൽ ഇറങ്ങുക.

അതേസമയം, ചിഹ്നം മരവിപ്പിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ചോദ്യം ചെയ്ത് ഉദ്ദവ് താക്കറെ കോടതിയെ സമീപിച്ചിട്ടുണ്ട്. കമ്മീഷൻ ഉത്തരവിനെതിരെ ദില്ലി ഹൈക്കോടതിയെയാണ് താക്കറെ സമീപിച്ചത്. ശിവസേനയെന്ന പേരിനായും ചിഹ്നമായ അമ്പും വില്ലിനുമായും ഉദ്ദവ് താക്കറെ വിഭാഗവും  ഏക‍്‍നാഥ് ഷിന്‍ഡെ വിഭാഗവും അവകാശം ഉന്നയിച്ചതിനെ തുടർന്നാണ് പേരും ചിഹ്നവും കമ്മീഷൻ മരവിപ്പിച്ചത്. 

ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാവികാസ് അഖാഡി സഖ്യം സർക്കാരിനെ അട്ടിമറിച്ചാണ് ഒരു വിഭാ​ഗം ശിവസേനാ എംഎൽഎമാർ ഏക്നാഥ് ഷിൻഡെയെ മുഖ്യമന്ത്രിയാക്കിയത്. ഈ അട്ടിമറി കഴിഞ്ഞ് നാല് മാസത്തിന് ശേഷമാണ് പാർട്ടി ചിഹ്നം തെരഞ്ഞെടുപ്പ് കമ്മീഷൻ മരവിപ്പിച്ചിരിക്കുന്നത്. ബിജെപിയുടെ പിന്തുണയോടെയുള്ള അട്ടിമറിയിലൂടെയാണ് ഷിൻഡെ വിഭാ​ഗം താക്കറെ വിഭാ​ഗം നേതൃത്വം നൽകിയ മഹാ വികാസ് അഖാഡി സഖ്യത്തിൽ നിന്ന് ഭരണം പിടിച്ചെടുത്തത്. യഥാർത്ഥ ശിവസേന തങ്ങളാണെന്നാണ് ഇരു പക്ഷവും അവകാശപ്പെടുന്നത്. ഈ തർക്കത്തിൽ പരിഹാരം കാണാൻ സുപ്രീംകോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് നിർദ്ദേശിച്ചിരുന്നു. 

click me!