
പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന ഹർജിയിലാണ് ഇന്ന് സുപ്രീംകോടതിയില്‍ നിന്ന് വിമർശനം ഉണ്ടായത്. ദേശീയ മൃഗത്തെ പ്രഖ്യാപിക്കുന്ന ജോലിയല്ല കോടതിയുടേത് എന്നായിരുന്നു ഹർജി പരിഗണിക്കവെ സുപ്രീം കോടതി പറഞ്ഞത്. ഇത്തരം ഹർജിയുമായി എത്തിയാല്‍ ഭാവിയില്‍ പിഴ ശിക്ഷ ചുമത്തുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. എന്തായിരുന്നു ഹർജിയെന്നും വാദങ്ങൾ എങ്ങനെയൊക്കെയെന്നും വിശദമായി അറിയാം.
പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന് കോടതിയോട് ആവശ്യപ്പെടുകയല്ലെന്നും ഇതിനായി കേന്ദ്ര സർക്കാരിന് നിര്‍ദേശം നല്‍കണമെന്നത് മാത്രമാണ് ആവശ്യമെന്നും ഗോവാൻഷ് സേവ സദൻ ഉള്‍പ്പെടെയുള്ള ഹർജിക്കാർ വ്യക്തമാക്കി. കേന്ദ്രസർക്കാരിന് പശുക്കളുടെ സംരക്ഷണം പ്രധാനപ്പെട്ടതാണെന്നും അവർ ചൂണ്ടിക്കാട്ടി. എങ്കിലും ഇത് അംഗീകരിക്കാന്‍ കോടതി തയ്യാറായില്ല.
അനുച്ഛേദം 32 അടിസ്ഥാനപ്പെടുത്തി ഹർജി നല്‍കിയതിനെയും കോടതി വിമർശിച്ചു. ആരുടെ ഭരണഘടന അവകാശമാണ് ഇവിടെ ലംഘിക്കപ്പെടുന്നതായിരുന്നു കോടതിയുടെ ചോദ്യം. പശുക്കള്‍ മനുഷ്യരുടെ ജീവതത്തെ എത്രത്തോളം സ്വാധീനിക്കുമെന്നത് അടക്കം ഉന്നയിച്ച് കോടതിയെ തങ്ങളുടെ വാദം ബോധ്യപ്പെടുത്താൻ ഹർജിക്കാര്‍ ശ്രമിച്ചെങ്കിലും അത് കോടതിയുടെ നിലപാടിനെ മാറ്റം വരുത്താൻ കഴിഞ്ഞില്ല.
വിമർശനം ഉണ്ടായതിന് പിന്നാലെ ആവശ്യവുമായി എത്തിയവർ ഹർജി ഒടുവില്‍ പിൻവലിക്കുകയായിരുന്നു. ജസ്റ്റിസുമാരായ എസ് കെ കൗൾ, അഭയ് ശ്രീനിവാസ് ഓക എന്നിവരുടെ ബെഞ്ചാണ് ഈ ഹർജികള്‍ ഇന്ന് പരിഗണിച്ചത്. അതേസമയം മുൻപ് ഉത്തർപ്രദേശിലെ അലഹബാദ് ഹൈക്കോടതി ജഡ്ജി ഇതുമായി ബന്ധപ്പെട്ട് നടത്തിയ പരാർമശം വിവാദമായിരുന്നു.
Read more; 'പശുവിനെ ദേശീയ മൃഗമാക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നൽകണമെന്ന് ഹർജിക്കാരൻ; വേറെ ജോലിയുണ്ടെന്ന് കോടതി'
പശുക്കളുടെ സംരക്ഷണത്തിനായി പാർലമെന്‍റില്‍ പ്രത്യേക ബില്‍ കൊണ്ടു വരണമെന്നും പശുവിനെ സർക്കാര്‍ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്നുമായിരുന്നു ജസ്റ്റിസ് ശേഖർ കുമാർ ആവശ്യപ്പെട്ടത്. ഒപ്പം തന്നെ ഓക്സിജന്‍ അകത്തേക്കെടുക്കുകയും പുറത്തേക്ക് വിടുകയും ചെയ്യുന്ന ഏക ജീവി പശുവാണെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തിയതായും ജസ്റ്റിസ് ശേഖർ കുമാർ പറഞ്ഞിരുന്നു. ഇതിന് ശേഷം ഒരു വർഷം പിന്നിടുന്പോഴാണ് ഇതേ വിഷയത്തില്‍ സുപ്രീംകോടതി വിമർശനത്തോടെ ആവശ്യം തള്ളുന്നത് എന്നതാണ് ശ്രദ്ധേയം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam