
ദില്ലി: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ശിവസേന നേതാവും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയുമായ ഉദ്ദവ് താക്കറെ. ചിഹ്നം മരവിപ്പിച്ച നടപടി ചോദ്യം ചെയ്ത് ഉദ്ദവ് താക്കറെ കോടതിയെ സമീപിച്ചു. കമ്മീഷൻ ഉത്തരവിനെതിരെ ദില്ലി ഹൈക്കോടതിയിലാണ് താക്കറെ സമീപിച്ചത്. താക്കറെ വിഭാഗം സമർപ്പിച്ച ചിഹ്നങ്ങളിൽ നിന്ന് ചിഹ്നം തെരഞ്ഞെടുക്കാൻ അനുവദിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. ഉദ്ദവ് താക്കറെ - ഏക്നാഥ് ഷിന്‍ഡെ തർക്കത്തെ തുടർന്നാണ് ശിവസേനയെന്ന പേരും ചിഹ്നവും കമ്മീഷൻ മരവിപ്പിച്ചത്.
കമ്മീഷൻ നടപടിക്ക് പിന്നാലെ ഇന്ന് ഇരു വിഭാഗങ്ങളും പുതിയ ചിഹ്നങ്ങളുടെ പട്ടിക തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ചിരുന്നു. ശിവസേനയെന്ന പേരും ചിഹ്നമായ അമ്പും വില്ലും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ച സാഹചര്യത്തിലാണ് നടപടി. ഇരു വിഭാഗവും തമ്മില്‍ തർക്കമുള്ള സാഹചര്യത്തിലാണ് നേരത്തെ പേരും ചിഹ്നവും മരവിപ്പിച്ചത്. സ്വതന്ത്രർക്ക് അനുവദിക്കപ്പെട്ടിരിക്കുന്നവയില്‍ നിന്നാണ് ഇരു വിഭാഗവും ചിഹ്നം തെരഞ്ഞെടുക്കുക. വരാനിരിക്കുന്ന അന്ധേരി ഈസ്റ്റ് ഉപതെരഞ്ഞെടുപ്പിൽ താക്കറെ - ഷിന്‍ഡെ വിഭാഗങ്ങള്‍ക്ക് പുതിയ പേരും ചിഹ്നവും ഉപയോഗിക്കാനാകും.
ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാവികാസ് അഖാഡി സഖ്യം സർക്കാരിനെ അട്ടിമറിച്ചാണ് ഒരു വിഭാഗം ശിവസേനാ എംഎൽഎമാർ ഏക്നാഥ് ഷിൻഡെയെ മുഖ്യമന്ത്രിയാക്കിയത്. ഈ അട്ടിമറി കഴിഞ്ഞ് നാല് മാസത്തിന് ശേഷമാണ് പാർട്ടി ചിഹ്നം തെരഞ്ഞെടുപ്പ് കമ്മീഷൻ മരവിപ്പിച്ചിരിക്കുന്നത്. ബിജെപിയുടെ പിന്തുണയോടെയുള്ള അട്ടിമറിയിലൂടെയാണ് ഷിൻഡെ വിഭാഗം താക്കറെ വിഭാഗം നേതൃത്വം നൽകിയ മഹാ വികാസ് അഖാഡി സഖ്യത്തിൽ നിന്ന് ഭരണം പിടിച്ചെടുത്തത്. യഥാർത്ഥ ശിവസേന തങ്ങളാണെന്നാണ് ഇരു പക്ഷവും അവകാശപ്പെടുന്നത്. ഈ തർക്കത്തിൽ പരിഹാരം കാണാൻ സുപ്രീംകോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് നിർദ്ദേശിച്ചിരുന്നു.
Also Read:
അതേസമയം, ശിവസേനാ ചിഹ്നമായ അമ്പും വില്ലും തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് ഉദ്ദവ് താക്കറേ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചത്. ഏക്നാഥ് ഷിന്‍ഡെ നയിക്കുന്ന ശിവസേനാ വിഭാഗം യഥാർത്ഥ പാർട്ടിയിൽ നിന്ന് പുറത്തുപോയവരാണെന്നും അവർക്ക് പാർട്ടി ചിഹ്നത്തിന് അർഹതയില്ലെന്നുമാണ് താക്കറെ വിഭാഗത്തിന്റെ വാദം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam