''ലോക്ക്ഡൗണ്‍ ലംഘിച്ചാല്‍...'' മഹാരാഷ്ട്രയ്ക്ക് മുന്നറിയിപ്പുമായി ഉദ്ദവ് താക്കറെ

By Web TeamFirst Published Jun 11, 2020, 11:45 AM IST
Highlights

നോണ്‍ കണ്ടെയ്ന്‍മെന്‍റ് സോണില്‍ ഇളവ് നല്‍കി ലോക്ക്ഡൗണ്‍ ജൂണ്‍ 30 വരെ നീട്ടിയിരിക്കുകയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍.

മുംബൈ: ലോക്ക്ഡൗണ്‍ ലംഘിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. സാമൂഹിക അകലം പാലിക്കണമെന്ന നിര്‍ദ്ദേശം ആളുകള്‍ കൃത്യമായി പാലിച്ചില്ലെങ്കില്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ പിന്‍വലിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. രാജ്യത്ത് ഏറ്റവുമധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. ലോക്ക്ഡൗണ്‍ ഇളവിന്‍റെ ഭാഗമായി സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ 15 ശതമാനം ജീവനക്കാരോടെയും സ്വകാര്യസ്ഥാപനങ്ങള്‍ 10 ശതമാനം ജീവനക്കാരോടെയും തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. 

'' ഇങ്ങനെ പോയാല്‍ ലോക്ക്ഡൗണ്‍ തുടരും. പക്ഷേ  സര്‍ക്കാര്‍ അവരുടെ ആരോഗ്യസംരക്ഷണത്തിനായി നിര്‍ദ്ദേശിക്കുന്ന നിയമങ്ങളും നിര്‍ദ്ദേശങ്ങളും അവര്‍ പാലിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്'' - ഉദ്ദവ് താക്കറെ പറഞ്ഞു. നോണ്‍ കണ്ടെയ്ന്‍മെന്‍റ് സോണില്‍ ഇളവ് നല്‍കി ലോക്ക്ഡൗണ്‍ ജൂണ്‍ 30 വരെ നീട്ടിയിരിക്കുകയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍. ടാക്സി, ഓട്ടോറിക്ഷ, സ്വകാര്യ വാഹനങ്ങള്‍ എന്നിവയ്ക്ക് നിബന്ധനകളോടെ നിരത്തിലിറങ്ങാന്‍ അനുമതി നല്‍കിയിട്ടുണ്ട്. 

ബുധനാഴ്ചയിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം 3254 കൊവിഡ് കേസുകളാണ് മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 149 പേര്‍ മരിച്ചു. രാജ്യത്തെ തന്നെ ഏറ്റവുമധികം കൊവിഡ് ബാധിച്ച നഗരം മുംബൈ ആണ്. ഇതുവരെ 52667 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്ത ഇതുവരെ 94041 പേര്‍ക്ക് കൊവിഡ് ബാധിച്ചു. ഇതില്‍ 3438 പേര്‍ മരിച്ചു. 

click me!